മരട്: സര്‍ക്കാര്‍ ഉത്തരവ് പ്രഹസനമാക്കിക്കൊണ്ട് സ്കൂള്‍ സമയങ്ങളിലും നിരത്തുകളില്‍ ടിപ്പര്‍ലോറികളുടെ കൂട്ട ഓട്ടം. സ്കൂള്‍ കുട്ടികള്‍ നിരത്തിലുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ലോഡുമായി പോകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നര മുതല്‍ അഞ്ചുമണിവരെയുമാണ് ലോറികള്‍ നിരത്തിലോടുന്നതിന് നിരോധനം. എന്നാല്‍ ഇതു വകവെക്കാതെയാണ് പ്രധാന റോഡുകളിലും ഇടറോഡുകളിലും അമിതഭാരം കയറ്റിയ ലോറികള്‍ കൂട്ട ഓട്ടം നടത്തുന്നതെന്നാണ് ആക്ഷേപം.
തിരക്കേറിയ സമയങ്ങളില്‍ വൈറ്റില, ഇടപ്പള്ളി, തേവര ഭാഗങ്ങളില്‍നിന്നും ചരക്കുവാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതുപോലെതന്നെ സ്കൂള്‍കുട്ടികള്‍ നിരത്തിലുള്ള സമയങ്ങളിലെ ലോറി ഒാട്ടവും നിയമവിരുദ്ധമാണ്. പല പോലീസ്സ്റ്റേഷനുകളുടെയും മുന്‍വശത്തുകൂടിയാണ് കല്ലും മണ്ണും കയറ്റി ടിപ്പറുകള്‍ പായുന്നതെങ്കിലും ഒന്നും കാണുന്നില്ലെന്ന മട്ടിലാണ് പോലീസ്.
വാഹനപരിശോധനക്കിടയില്‍ പലപ്പോഴും ടിപ്പറുകള്‍ പിടിക്കപ്പെട്ടാലും നടപടി കൈക്കൂലിയിലൊതുങ്ങുന്നു എന്നാണ് ആക്ഷേപം. പരിശോധന നടത്തുന്ന സ്ഥലത്തെക്കുറിച്ചും മറ്റും മുന്‍കൂട്ടി വിവരം ലഭിക്കുന്നതിനാല്‍ വഴിമാറി ഓട്ടവും പതിവാണ്. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഇടറോഡുകള്വഴി തലങ്ങും വിലങ്ങും പായുന്നത് പലപ്പോഴും അപകടങ്ങള്ക്കുതന്നെ വഴിവെക്കാറുണ്ട്.
ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്കുവാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവും സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ ആര്‍ടിഒ അധികൃതരും പോലീസും ഇക്കാര്യം മറന്ന മട്ടാണ്. നിരത്തുകളിലെ വാഹനങ്ങളുടെ അമിതവേഗമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാവുന്നത്. ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയുള്ള വേഗതാനിയന്ത്രണത്തോടൊപ്പംതന്നെ സ്പീഡ് ഗവര്‍ണറും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് കര്‍ശനമായി നടപ്പാക്കിയാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ കഴിയും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: