തലശ്ശേരി: എന്‍ഡിഎഫ് തലശ്ശേരി സബ്ഡിവിഷന് കൗണ്‍സില്‍ അംഗമായിരുന്ന ഒളിയിലക്കണ്ടി വീട്ടില്‍ മുഹമ്മദ് ഫസല്‍ എന്ന പി.കെ.ഫസലി (36)നെ വെട്ടിക്കൊലപ്പെടുത്തിയ കേസ് വഴിത്തിരിവില്‍. കഴിഞ്ഞ 6 വര്‍ഷമായി സംസ്ഥാനത്തെ വിവിധ അന്വേഷണവിഭാഗവും അവസാനം കേന്ദ്ര കുറ്റാന്വേഷണ വിഭാഗമായ സിബിഐയും നടത്തിയ കൊലക്കേസിന്റെ അന്വേഷണത്തിന് കാരായിമാരുടെ കീഴടങ്ങലോടെ ഒരു പരിധി വരെ പരിസമാപ്തിയായി. ഇന്നലെ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം കോടതിയില്‍ കീഴടങ്ങിയതോടെ സിബിഐ കുറേക്കാലമായി പേറി നടക്കുകയായിരുന്ന തലവേദനക്കും താല്‍ക്കാലിക ശമനമായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന കാരായി രാജന് ഫസല്‍ വധക്കേസില്‍ ഏഴാം പ്രതിയാണ്. എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരന് തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ്. ഈ കേസില്‍ സിപിഎം പോറ്റിവളര്‍ത്തിയ ചന്ദ്രശേഖരന് വധത്തിലടക്കം പ്രതിയായ കൊടിസുനിയാണ് ഒന്നാം പ്രതി.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചയാണ് തലശ്ശേരി ജഗന്നാഥ ടെംമ്പിള്‍ റോഡിലെ ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനടുത്ത് വെച്ച് ഫസലിനെ കൊടിസുനിയും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ ആര്‍എസ്എസുകാരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം പ്രചരിപ്പിച്ചു. എന്നാല്‍ കൊലപാതകം നടന്ന ഉടന്‍തന്നെ തലശ്ശേരി പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി തലശ്ശേരിയില്‍ വര്‍ഗ്ഗീയകലാപം നടത്താനുള്ള അവസരം സിപിഎമ്മിന് കിട്ടിയില്ല എന്നതാണ് വാസ്തവം.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ ഫസല്‍ വധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന സിപിഎം വ്യാമോഹം അസ്ഥാനത്താവുകയായിരുന്നു. പിന്നീട് വിവിധ ഏജന്‍സികളെ കൊണ്ട് ഒരു വര്‍ഷക്കാലം കേസ് അന്വേഷിപ്പിച്ചെങ്കിലും സത്യത്തെ മൂടിവെക്കാന്‍ അവര്‍ക്കായില്ല എന്നതാണ് കൊടിസുനി ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടുന്നത്. കേസന്വേഷിച്ച സിഐ പി.സുകുമാരന്‍ സസ്പെന്‍ഷനും ഡിവൈഎസ്പി രാധാകൃഷ്ണനെതിരെ ലൈംഗിക അപവാദം ഉന്നയിച്ച് കൊടിയ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അവസാനം കേസന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ച അസ്വാഭാവിക സംഭവവും ഈ കേസിന്റെ പ്രത്യേകതയാണ്.
പെരുന്നാളിന്റെ തലേദിവസം എന്‍ഡിഎഫുകാരനായ ഫസലിനെ വെട്ടിക്കൊലപ്പെടുത്തി ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും ഒഞ്ചിയത്ത് ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ച കാറില്‍ ‘മാശാ അള്ളാ’ സ്റ്റിക്കര്‍ പതിച്ചതും കൂട്ടിവായിക്കുമ്പോള്‍ സിപിഎമ്മിന്റെ യഥാര്‍ത്ഥ ഉള്ളിലിരിപ്പ് കണ്ടെത്താന്‍ കഴിയും. നാട്ടില്‍ എങ്ങനെയും ഹിന്ദു-മുസ്ലിം ലഹളയുണ്ടാക്കി മുസ്ലിം സമുദായത്തെ വരുതിക്ക് നിര്‍ത്താനുള്ള ഗൂഢശ്രമമാണ് സിപിഎം നടത്തിയത്. നേരത്തെ സിപിഎമ്മിലുണ്ടായിരുന്ന ഭൂരിപക്ഷം മുസ്ലിം യുവാക്കളും എന്‍ഡിഎഫിലേക്കും എസ്ഡിപിഐയിലേക്കും ചേക്കേറിയതോടെ മുസ്ലിം സമുദായത്തിലെ സ്വാധീനം കുറയുന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നം. അതിനൊരു പരിഹാരം കാണാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കാരായി രാജനെയും ചന്ദ്രശേഖരനെയും വിശദമായി ചോദ്യം ചെയ്താല്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് തലശ്ശേരി താലൂക്കില്‍ നടന്ന ഒട്ടനവധി കൊലപാതകങ്ങളുടെ ചുരുളഴിയുമെന്നതില് സംശയമില്ല.
ജയകൃഷ്ണന് മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തി നാട് കടന്നിരുന്ന ടി.കെ.രജീഷ് എന്ന സിപിഎമ്മിന്റെ വിഐപി കൊലയാളി പോലും ടി.പി.വധത്തിന് ശേഷമാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടത്. ഇതുപോലെ ഇനിയും കൊലയാളി സംഘത്തില്‍ പെട്ട നിരവധി രജീഷുമാര് സിപിഎം നിയന്ത്രണത്തില്‍ കൊലക്കത്തിയും കയ്യിലേന്തി പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായി ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
എം.പി.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: