കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ പ്രാന്തപ്രദേശത്തെ സ്റ്റാര്‍ ഹോട്ടലില്‍ താലിബാന് ഭീകരര്‍ ബന്ദികളാക്കിയ 40 പേരെ അഫ്ഗാന് സൈന്യം മോചിപ്പിച്ചു. ഏറ്റുമുട്ടലിനിടെ ഹോട്ടലിലെ മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് സെദിഖ് സെദിഖി പറഞ്ഞു.
ഖര്ഗാ നദിക്കരയിലുള്ള സ്പോഴ്മായ് ഹോട്ടലിലെ അതിഥികളെയാണ് താലിബാന് ഭീകരര്‍ ബന്ദികളാക്കിയത്. അത്യാധുനിക തോക്കും മറ്റും ആയുധങ്ങളുമായെത്തിയ ഭീകരര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിഥികളെ ബന്ദികളാക്കുകയായിരുന്നു. എട്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബന്ദികളെ മോചിപ്പിക്കാനായത്.
ആഢംബരഹോട്ടലായ സ്പോഴ്മായ്, സമ്പന്നരായ അഫ്ഗാന്കാരുടെ ഇഷ്ട വിനോദ കേന്ദ്രമാണ്. ഇതുതന്നെയാണ് ഹോട്ടല്‍ ആക്രമിക്കാന്‍ കാരണമായി താലിബാന് പറയുന്നത്. രണ്ടു വര്‍ഷത്തിനകം അഫ്ഗാന്റെ സുരക്ഷാ ചുമതല അഫ്ഗാന് കൈമാറാന്‍ നാറ്റോ തയാറെടുക്കുന്നതിനിടെ രാജ്യത്തു ആക്രമണ സംഭവങ്ങള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏഴു ദിവസത്തിനകം മൂന്നു യുഎസ് സൈനികരും 20 അഫ്ഗാന് സിവിലിയന്മാരുമാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: