ആലുവ: ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ചിട്ടിക്കമ്പനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടികളുടെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്നുണ്ട്. ജില്ല രജിസ്ട്രാറോട് എല്ലാ ചിട്ടികമ്പനികളെ സംബന്ധിച്ചും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1982 ലെ കേന്ദ്ര ചിട്ടിനിയമമാണ് നടപ്പാക്കുന്നത്. ഇതിനായി തയ്യാറാക്കിയ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പരിശോധന നടത്തി സംസ്ഥാനസര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്. ഈ ചിട്ടിനിയമം ഇവിടെ നടപ്പാക്കുന്നതോടെ അഞ്ച്വര്ഷത്തില് കൂടുതലുള്ള ചിട്ടികള്‍ നടത്തുവാന്‍ അവകാശമുണ്ടാകുകയില്ല. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കാലവധി നീട്ടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് അവകാശമുണ്ടായിരിക്കും. ചിട്ടിനടത്തുന്ന കമ്പനികള്‍ മറ്റേതെങ്കിലും ബിസിനസുകളില്‍ ഏര്‍പ്പെടുവാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയുമുണ്ട്. ചില ചിട്ടികമ്പനികള്‍ കോടികളുടെ പരസ്യങ്ങളും മറ്റും നല്‍കുന്നുണ്ട്. ഇതിനുള്ള വരുമാനം ഏതുവിധത്തിലാണെന്നും ചിട്ടിനടത്തിപ്പിലൂടെ ഈ വരുമാനം കണ്ടെത്തുവാന്‍ കഴിയുമോയെന്നതും അന്വേഷിക്കുന്നുണ്ട്. വ്യാപാരികള്‍ക്കിടയിലും മറ്റും അനധികൃതമായി ചിട്ടിയിടപാടുകള് ധാരാളമായി നടക്കുന്നുണ്ട്. നിത്യചിട്ടികളെന്ന പേരിലാണ് ലക്ഷങ്ങളുടെ പ്രതിദിന ഇടപാടുകള്‍ അനധികൃതമായി നടക്കുന്നത്. ഇതും അന്വേഷിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വായ്പകളെടുക്കുന്നതിനേക്കാള് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് വന്‍തുകയുടെ നിരവധി ചിട്ടികളില്‍ ഒരേസമയം ചേര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം 40 ശതമാനം വരെമൊത്തം തുകയില്‍ കുറവ് വരുത്തി ചിട്ടികള്‍ നേരത്തെ വിളിച്ചെടുക്കാന്‍ പ്രേരിപ്പിക്കും.
ഈ തുക എന്തിനെങ്കിലും ഒറ്റയടിക്ക് ചെലവഴിക്കുന്നവര്‍ പിന്നീട് ചിട്ടിയുടെ തവണകളടയ്ക്കുവാന് വിഷമത്തിലാകും. ഈ സമയത്ത് ഇവര്‍ കൂടുതല്‍ പലിശയ്ക്ക് പണം നല്കി സഹായിക്കും. ഇതോടെയാണ് തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇവര്‍ പൂര്‍ണമായി കടക്കെണിയിലേക്ക് ആഴ്ന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: