കൊച്ചി: ഓട്ടോറിക്ഷായാത്രക്കാരുടെ സുരക്ഷക്കായി ഇന്‍ഫോപാര്‍ക്ക് പരിസരം, എറണാകുളം കളക്ട്രേറ്റ് പരിസരം, ടൂറിസ്റ്റ് മേഖലയായ ഫോര്‍ട്ട് കൊച്ചി, കെഎസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങളില്‍ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം തുടങ്ങാന്‍ എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ.പത്മകുമാര്‍ ഐപിഎസ് നിര്‍ദേശിച്ചു.
അനധികൃതമായും മീറ്ററിടാതെയും അമിതചാര്‍ജ് ഈടാക്കിയും സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്കെതിരെ കൊച്ചി സിറ്റി ട്രാഫിക് പോലീസ് കര്‍ശന നടപടി സ്വീകരിച്ചു വരുന്നു. കഴിഞ്ഞ രണ്ടാഴ്ചയില്‍ മീറ്ററിടാതെയും അമിത ചാര്‍ജ് ഈടാക്കിയും സര്‍വീസ് നടത്തിയ 898 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും 95000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുളളതാണ്. പൊതുജനങ്ങള്‍ക്കെതിരെ ഓട്ടോറിക്ഷക്കാരുടെ അതിക്രമം തടയുന്നതിനായി പരമാവധി പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് റഫീക്ക് അറിയിച്ചു.
സ്കൂള്‍ തുറന്നതിനുശേഷം സ്കൂളുകളോടനുബന്ധിച്ച ബസ്റ്റോപ്പുകളില്‍ കൃതൃമായി നിര്‍ത്തി കുട്ടികളെകയറ്റുന്നതിനും ഇറക്കുന്നതിനുമായി രാവിലെയും വൈകിട്ടും കുട്ടികളെ കയറ്റാത്ത സര്‍വ്വീസ് ബസുകള്‍, ലൈസന്‍സും, ബാഡ്ജും, യൂണിഫോമും ഇല്ലാത്ത കണ്ടക്ടര്‍മാര്‍, സ്കൂള്‍ കുട്ടികളോടും മറ്റു യാത്രക്കാരോടും അപമര്യാദയായി പെരുമാറുക എന്നിവയ്ക്ക് ജൂണ്‍മാസം ഇതുവരെ 603 സര്‍വ്വീസ് ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
കാറുകളുടെ ഗ്ലാസുകളില്‍ ഒട്ടിച്ചിട്ടുളള കറുത്ത ഫിലിമുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി എം.ആര്.അജിത്കുമാര്‍ കര്‍ശന നിര്‍ദേശം നല്കി. തുടര്‍ന്നുളള ദിവസങ്ങളില്‍ ഇതുനീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. നിലവില്‍ നോ പാര്‍ക്കിംഗ് ഏരിയായിലുളള ഗതാഗതതടസം ഉണ്ടാകുന്നതിന് സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കുന്ന സമ്പ്രദായം, ബ്ലാക്ക് ഫിലിം പതിച്ച വാഹനങ്ങള്‍ക്കും ബാധകമാക്കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചുളള പൊതുജനങ്ങളുടെ പരാതി എസ്.എം.എസ് മുഖേന ട്രാഫിക് അസി.കമ്മീഷണര്‍മാരുടെ 9497990067, 9497990068 നമ്പരുകളിലോ, ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ 9497987099, 9497987100, 9497987102 നമ്പരുകളിലോ അറിയിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: