തിരുവനന്തപുരം: മരുന്നുകളുടെ വില അനിയന്ത്രിതമായി ഉയരുന്നതുതടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുമറുപടി പറയുകയായിരുന്നു അദ്ദേഹം. മരുന്നുവില നിശ്ചയിക്കുന്നത് കേന്ദ്ര ഏജന്‍സിയായ എന്‍പിപിഎ ആണ്. കേന്ദ്രമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പത്തുശതമാനം വില വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് മരുന്നു കമ്പനികള്‍ക്ക് അധികാരം. വിലവര്‍ദ്ധന ജനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിലകുറച്ച് മരുന്നുകള്‍ നല്‍കും. വിലകൂട്ടി മരുന്നു നല്കിയാല് കര്‍ശന നടപടിയുണ്ടാകും. വില നിയന്ത്രണപ്പട്ടികയിലുള്ളത് 76 ഇനം മരുന്നുകള്‍ മാത്രമാണ്. 660 ഇനം മരുന്നുകളെ പട്ടികയില്പ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്നുക്ഷാമമില്ല. 117 തരം മരുന്നുകള്‍ സ്റ്റോക്കുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തിര നടപടികളാണ് സ്വീകരിക്കുന്നത്. മരുന്നു വില വര്‍ധന കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പനി വ്യാപകമായി പടര്‍ന്നു പിടിക്കുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നില്ല. ആശുപത്രികളില്‍ മരുന്നിന് വലിയ ക്ഷാമവും വിലക്കയറ്റവുമാണ് അനുഭവപ്പെടുന്നത്. രോഗികള്‍ മരുന്നുകൊള്ളയ്ക്ക് വിധേയമാകുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെയും മറ്റ് ജീവനക്കാരില്ലാതെയും ആശുപത്രികളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുമില്ല. ന്യായവിലയ്ക്ക് മരുന്നു വാങ്ങാന്‍ രൂപീകരിച്ച മെഡിക്കല്‍ കോര്‍പ്പറേഷനെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കുളിപ്പിച്ചു കിടത്തിയെന്ന് എളമരം കരീം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: