തിരുവനന്തപുരം: ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരനെ വധിച്ചതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. താന്‍ ഒഞ്ചിയത്ത് പോയത് പാര്‍ട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കിയില്ലെന്നും വി.എസ് പറഞ്ഞു. വിജയന് കുലംകുത്തികള്‍ എന്ന് വിളിക്കാത്തവര്‍ മാത്രമാണോ പാര്‍ട്ടിയില്‍ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമിതിയോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച യോഗത്തില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.ന് ഇതേത്തുടര്‍ന്ന് ചര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് വി.എസ് ആവശ്യപ്പെടുകയായിരുന്നു.
ടി.പി ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്ന് താന്‍ വിശേഷിപ്പിച്ചിട്ടില്ല. അദ്ദേഹം ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നു എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അദ്ദേഹം ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നില്ലേയെന്നും വി.എസ് ചോദിച്ചു. ചന്ദ്രശേഖരനെ വധിച്ചത് സി.പി.എമ്മാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വധത്തിനു ശേഷം നേതാക്കള്‍ പലരും നടത്തിയ പരാമര്‍ശങ്ങള്‍ ആ വിശ്വാസത്തെ ജനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിന് കാരണമായി.
പാര്‍ട്ടി വിട്ടുപോയ ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പുറത്തു പോയ ചന്ദ്രശേഖരനെയും കൂട്ടരെയും കുലംകുത്തികളെന്ന് വിളിച്ചു. മരണശേഷവും ടി.പിയെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ചു. പാര്‍ട്ടിയെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയ തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞു.
പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ പാര്‍ട്ടി മുന്നോട്ട് വച്ച നിലപാടുകളില്‍ ഊന്നിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന നേതൃത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി നിലപാടോ നയമോ അല്ലെന്നും വി.എസ് കുറ്റപ്പെടുത്തി. അതേസമയം ടി.പി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന മുന്‍ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി ആവര്‍ത്തിച്ചു.
പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: