തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് സിപിഎം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുമെന്ന് കാണിച്ച് ഇന്റലിജന്‍സ് വിഭാഗം കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്നത്തെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ വായിച്ചത്. വേണമെങ്കില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
2010 നവംബര്‍ 19നാണ് ഇതു സംബന്ധിച്ച് അന്നത്തെ ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ ടി.പിക്ക് സുരക്ഷ നല്‍കിയില്ലെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. കോടിയേരി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. പോലീസ്, ജയില്‍ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ട് സഭയില്‍ വായിച്ചത്. ടി.പി.ചന്ദ്രസേഖരന്‍ വധ ഭീഷണിയുണ്ടെന്നും സിപിഎം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുമെന്നും സംരക്ഷണം നല്‍കണമെന്നും അറിയിച്ചാണ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും അന്നത്തെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് നിഷേധിക്കാന്‍ കഴിയുമോ എന്ന് മന്ത്രിചോദിച്ചു.
റിപ്പോര്‍ട്ട് വായിക്കവെ മന്ത്രി സിപിഎം ഗുണ്ടകളെന്നു പറഞ്ഞതില്‍ പ്രതിഷേധിച്ച് ബഹളം വച്ച പ്രതിപക്ഷം മന്ത്രിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്കരിച്ചു. പിന്നീട് ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് വായിച്ച മന്ത്രി ‘സിപിഎം വര്‍ക്കേഴ്സ്’ എന്നു തിരുത്തിപ്പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം നിര്‍ത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണം.
ടി.പി.ചന്ദ്രശേഖരന് സംരക്ഷണം വേണ്ടെന്ന് കോഴിക്കോട് റൂറല്‍ എസ്.പിയോട് നേരിട്ടു പറഞ്ഞതായി തിരുവഞ്ചൂര്‍ അറിയിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴിയും അത്തരത്തിലുള്ളതാണ്. അവര്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ എന്തായാലും കൊല്ലുമെന്നായിരുന്നു രമയുടെ മൊഴി.
മുന്‍മന്ത്രി എളമരം കരീം ടി.പി.ചന്ദ്രശേഖരന് വധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഫോണില്‍ നേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് മന്ത്രി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടികളെക്കാണില്ലെന്നായിരുന്നു ഭീഷണി. പ്രസംഗിച്ചതിന്റെ പേരിലല്ല കരീമിനെതിരെ കേസെടുത്തതെന്നും മന്ത്രി പറഞ്ഞു.
സി.എച്ച്. അശോകന് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ ടി.പി.ചന്ദ്രശേഖരന്റെ തലവെട്ടുമെന്നും മുഖം വെട്ടി വികൃതമാക്കുമെന്നും ഭീഷണി മുഴക്കിയതായും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതികളുടെ ശരീരത്തില്‍ പൂഴിമണ്ണു പോലും വാരിയിടാതെയാണ് ചോദ്യം ചെയ്യുന്നത്. എന്നിട്ടും സിപിഎം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആഭ്യന്തര മന്ത്രിയായ താന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥരെ ഈ കേസിന്റെ പേരില്‍ വിളിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. ടിപി വധത്തിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഭംഗ്യന്തരേണ കൊലപാതകത്തെ എതിര്‍ത്തെന്നു വരുത്തി കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമമാണ്. മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സര്‍ക്കാര്‍ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: