തലശ്ശേരി: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നേരത്തെ കോടതി ആവശ്യപ്പെട്ടതു പ്രകാരം കേസ് ഡയറിയുടെ സി.ഡി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നടന്ന വാദത്തില്‍ കുഞ്ഞനന്തനെ അറസ്റ്റ് ചെയ്താല്‍ പോലീസ് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 43 പേരില്‍ 18 പേരെ മാത്രമാണ് റിമാന്റ് ചെയ്തിട്ടുള്ളതെന്നും മറ്റുള്ളവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കസ്റ്റഡിയിലെടുത്തവരുടെ മൊഴികളല്ലാതെ മറ്റ് തെളിവുകളൊന്നും പോലീസ് ശേഖരിച്ചിട്ടില്ലെന്നും കുഞ്ഞനന്തന് കണ്ണൂര്‍ ജില്ലയില്‍ തന്നെയുണ്ടെന്നും കുഞ്ഞനന്തനുവേണ്ടി മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ച അഡ്വ.കെ.വിശ്വന് കോടതി മുമ്പാകെ ബോധിപ്പിച്ചു.
എന്നാല്‍ ടി.പി.ചന്ദ്രശേഖരന് വധത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ കുഞ്ഞനന്തനാണെന്നും കൊലപാതകത്തില്‍ കുഞ്ഞനന്തന്റെ പങ്കിനെക്കുറിച്ച് പിടിയിലായ പലരും മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ഭീഷണിയുണ്ടെന്നും അതിനാല്‍ ജാമ്യം നല്കിയാല് അത് സമൂഹത്തില്‍ തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.എം.കെ.ജോണ്സണ് കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: