തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവായിരുന്ന അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐയുടെ മാര്‍ച്ച്.
11.30 ഓടെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച് സ്പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. അരമണിക്കൂറോളം കാഴ്ചക്കാരായി നിന്ന ശേഷം 12.30 ഓടെ വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വിസമ്മതിച്ച വിദ്യാര്‍ഥികള്‍ ഒന്നുകില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ ഒരു സംഘം യൂണിവേഴ്സിറ്റി കോളജിനുള്ളിലേക്ക് കടന്നുകയറി പോലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
കോളേജിനുള്ളില്‍ നിന്ന് കല്ലേറ് രൂക്ഷമായതോടെ പൊലീസ് കോളേജിനകത്തേക്കും ഗ്രനേഡ് പ്രയോഗിച്ചു.ലാത്തിച്ചാര്‍ജില്‍ ഒരു പ്രവര്ത്തകന് പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളജിലും പരിസരത്തും യുദ്ധസമാനമായ അന്തരീക്ഷമാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: