ന്യൂദല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി ഉയര്‍ത്തണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ ചെറുകിട ഡീസല്‍ കാറുകളുടെ വിലയില്‍ 1.7 ലക്ഷം രൂപയുടെ വര്‍ധനവുണ്ടാകും. ഇടത്തരം, വലിയ ഡീസല്‍ കാറുകളുടെ വിലയില്‍ 2.55 ലക്ഷം രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ഡീസല്‍ കാറുകള്‍ക്ക് എക്സൈസ് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിനെതിരെ വാഹന നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മെയ്മാസത്തില്‍ കാറുകളുടെ വില്പന ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയത്. ആഭ്യന്തര കാര്‍ വില്പനയില് 24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന ഇന്ധന വിലയും പലിശ നിരക്കിലുണ്ടായ വര്‍ധനവുമാണ് വില്പന ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഉയര്‍ന്നുവരുന്ന ഇന്ധന സബ്സിഡി ബില്‍ കുറക്കുന്നതിന് സാധിക്കുമെന്നാണ് ഡീസല്‍ വാഹനങ്ങളുടെ എക്സൈസ് നികുതി വര്‍ധിപ്പിക്കുന്നതിന് കാരണമായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് അയച്ച കത്തില്‍ ജയ്പാല് റെഡ്ഡി പറയുന്നത്. ഡീസല്‍ കാറുകളുടെ വില്പന വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ വരുമാനനേട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്നും റെഡ്ഡിയുടെ കത്തില്‍ പറയുന്നു.
ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതിയായി 14.78 രൂപയാണ് ഈടാക്കുന്നത്. അതേസമയം ഡീസലിന്റേത് 2.06 രൂപയാണ്.
ഈ സാഹചര്യത്തില്‍ ഡീസല്‍ കാറുകള്‍ക്കാണ് വിപണിയില്‍ പ്രിയമെന്നും അദ്ദേഹം പറയുന്നു.
ഒരു ലിറ്റര്‍ ഡീസലിന്റെ എക്സൈസ് നികുതി ഇനത്തില്‍ 12.72 രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്. 12.53 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് നല്കുന്ന സബ്സിഡി.
ഇത് കൂടി കണക്കാക്കുമ്പോള്‍ പെട്രോളുമായിട്ടുള്ള വിലയില്‍ 25.75 രൂപയുടെ വ്യത്യസമാണ് ഉള്ളത്.
2011-12 കാലയളവില്‍ ഡീസല്‍ ഉപഭോഗത്തില്‍ 7.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു. അതേസമയം പെട്രോള്‍ ഉപഭോഗം 2010-11 കാലയളവിലെ 10.7 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: