കേരളത്തെ നടുക്കിയ ടി.പി.ചന്ദ്രശേഖരന് വധത്തിന്റെ അന്വേഷണവും അറസ്റ്റുകളും ജനങ്ങളില്‍ ഏറെ വിശ്വാസ്യത സൃഷ്ടിച്ചിട്ടുണ്ട്. കേരളാ പോലീസിന് സ്വതന്ത്രമായി കേസന്വേഷണ ചുമതല ലഭിച്ചാല്‍ എത്രത്തോളം നീതിപൂര്‍വം അതു ചെയ്യാന്‍ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ സാധാരണ നടക്കാറുള്ള അറസ്റ്റു നാടകങ്ങള്‍ക്ക് അവധി നല്‍കുക മാത്രമല്ല, കൊലപാതകത്തിന്റെ പിന്നിലെ ക്രിമിനല്‍ ബുദ്ധികളെ കണ്ടെത്താനുള്ള നീക്കങ്ങളും ഏറെ പ്രശംസനീയമാണ്. പോലീസിന്റെ സത്യസന്ധവും സമര്‍ഥവുമായ നീക്കങ്ങളിലൂടെ ഒരു കൊലക്കേസു മാത്രമല്ല മറ്റനേകം നിഷ്ഠൂരമായ കൊലയ്ക്കു പിന്നിലെ കറുത്ത കൈകളും കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന് വധം സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടയിലാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ ‘കൊലവെറി’ പ്രസംഗവും വന്നത്. പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി ഓരോന്നിനെയും കൊന്നു തള്ളിയതിന്റെ കണക്കാണ് മണി നിരത്തിയത്. തുടര്‍ന്ന് മണിക്കെതിരെ കേസെടുത്തു. കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിക്കുകയും ചെയ്യുന്നു. ടി.പി.ചന്ദ്രശേഖരന്റെ യഥാര്‍ഥ കൊലപാതകികളെ പിടികൂടിയപ്പോഴാണ് അവര്‍ നേരത്തെ നടത്തിയ കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഈ കേസിലെ പ്രതിയായ ടി.കെ.രജീഷില്‍ നിന്നുമാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ജയകൃഷ്ണന്മാസ്റ്ററെ ക്ലാസ് റൂമില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതില്‍ താനും പങ്കാളിയായിരുന്നെന്നും ശിക്ഷിക്കപ്പെട്ടവരില്‍ പ്രദീപന് മാത്രമായിരുന്നു കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നതെന്നും നേരത്തെ രജീഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. താനടക്കം 16 പേരാണ് ജയകൃഷ്ണന്റെ കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് രജീഷിന്റെ മൊഴി. കൃത്യത്തില്‍ പങ്കെടുത്തവരില്‍ നിന്ന് പ്രതിപ്പട്ടികയിലായ ഒരേ ഒരാള്‍ പ്രദീപനായിരുന്നെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രജീഷിന് വിവരങ്ങള്‍ നല്കിയവരില് ചിലര്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരും മറ്റുള്ളവര്പാര്ട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരോ പാര്‍ട്ടി ഉത്തരവാദിത്വമുള്ളവരോ ആണെന്നാണ് രജീഷിന്റെ വെളിപ്പെടുത്തല്‍.
പുനരന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ രജീഷിന്റെ വെളിപ്പെടുത്തലുകളെ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. പഴയ കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോഴാണ് മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. പണ്ടു നടന്ന കൊലയുടെ പകതീര്‍ത്തതാണെന്ന് പോലീസ് പറയുന്നു. പക്ഷേ പക തീര്‍ക്കുമെന്ന് സ്ഥലം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.ബഷീര്‍ സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രസംഗിച്ചിരുന്നു. ഇതിന്റെ പേരില്‍ പ്രേരണാക്കുറ്റം ചുമത്തി ആറാം പ്രതിയായി എംഎല്‍എയെ ഉള്‍പ്പെടുത്തിയാണ് പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കൊലപാതകങ്ങളുടെ ആസൂത്രകന്മാര്‍ സിപിഎമ്മിന്റെ സമുന്നത നേതാക്കളുണ്ടെന്ന പത്രവാര്‍ത്തകളും അന്വേഷണങ്ങളും പുരോഗമിക്കവെ പ്രതിപക്ഷത്തിനു ലഭിച്ച പിടിവള്ളിയായി അരീക്കോട് സംഭവം. നിരായുധരായി കിടന്നിരുന്ന മാര്‍ക്സിസ്റ്റു പ്രതിപക്ഷത്തിന് ഇത് വജ്രായുധവുമായി. നിയമസഭ കൊലക്കേസ് പ്രതിക്കുള്ള ഒളിത്താവളമാക്കാന്‍ അനുവദിക്കില്ലെന്നും ബഷീറിനെ അറസ്റ്റു ചെയ്യാതെ നിയമസഭ നടത്തിക്കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നും ഉള്ള നിലപാടാണ് അവര്‍ സ്വീകരിച്ചത്. മൂന്നു നാലു ദിവസം സഭാതലം ഇതിന്റെ പേരില്‍ സമരമുഖമായി. തുടര്‍ന്നാണ് സംശയാസ്പദമായ ചില നീക്കങ്ങള്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കേസന്വേഷണം ഉന്നതങ്ങളിലേക്കും എംഎല്‍എമാരിലേക്കും എത്താതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കേസന്വേഷണം അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. മുസ്ലീംലീഗ് എംഎല്‍എ പി.കെ.ബഷീറിനെതിരെയുള്ള പ്രത്യക്ഷ സമരം നിര്‍ത്തിവയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത് മുസ്ലീംലീഗുമായി സിപിഎം രഹസ്യധാരണയിലെത്തിയതിന്റെ തെളിവാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചുകൊണ്ട് സിപിഎം നേതൃത്വത്തില്‍ നടത്തിയ സമരം പെട്ടെന്ന് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചതോടെ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നു വേണം കരുതാന്‍.
വിവിധ കൊലക്കേസുകളില്‍ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ പിന്മാറ്റമെന്നതും പ്രാധാന്യമേറിയതാണ്. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളടക്കം ചോദ്യം ചെയ്യപ്പെടുന്നു. ഷുക്കൂറിന്റെ കൊലപാതകത്തില്‍ സിപിഎം എംഎല്‍എ ഉള്‍പ്പെടെയുള്ളവരും ടി.പി.ചന്ദ്രശേഖരന് കൊലപാതകത്തില്‍ ഇപ്പോള്‍ വെളിവായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞനന്തന് മുതല്‍ കൊടിസുനിക്കെതിരെ വരെ തെളിവുകള്‍ പുറത്തുവരുമ്പോഴാണ് സിപിഎമ്മിന്റെ ഈ പിന്മാറ്റം. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം നടന്നാല്‍ ഗൂഢാലോചനകുറ്റം കുഞ്ഞനന്തനില്‍ അവസാനിക്കില്ലെന്നും സിപിഎമ്മിലെ ഉന്നതര്‍ പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ലീഗ്-സിപിഎം രഹസ്യധാരണ ഉണ്ടായിരിക്കുന്നത്.
ലീഗിന്റെ താത്പര്യം സംരക്ഷിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല. ജനങ്ങളുടെ പ്രതീക്ഷയും നീതിനിര്വഹണവുമെല്ലാം വിസ്മരിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്ന് തെളിയാന്‍ പോകുകയാണ്. അധികാരമാണ് യുഡിഎഫിനു പ്രധാനം. ഇന്നത്തെ സാഹചര്യത്തില്‍ സിപിഎമ്മിന് ചെറിയൊരു ആശ്വാസവും വേണം. ഇരുവരും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയില്‍ മുഴുകിയിരിക്കുകയാണ്. അല്ലെന്നു പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിയുമോ ? മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സാധിക്കുമോ ? എല്ലാ കേസുകളുടെയും അറ്റം വരെ അന്വേഷിച്ച് കുറ്റക്കാരാരായാലും കയ്യാമം വയ്ക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ തന്റേടമുണ്ടോ ? ജനങ്ങള്‍ ഇതറിയാന്‍ കാത്തു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: