ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി നടത്തുന്നത് പാക് താലിബാന്‍ നിരോധിച്ചു. രാജ്യത്ത് യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് താലിബാന്റെ ഈ നീക്കം. പോളിയോ വൈറസിന്റെ ആക്രമണത്തേക്കാള്‍ രൂക്ഷമാണ് വ്യോമാക്രമണമെന്നും അതിനാലാണ് പോളിയോ നിര്‍മാര്‍ജ്ജനം നിരോധിച്ചതെന്നും സംഘടന അറിയിച്ചു. മിറാന്‍ഷായില്‍ വിതരണം ചെയ്ത ഉറുദുവില്‍ എഴുതിയ ലഘുലേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘടനാ നേതാവ് ഹഫീസ് ഗുള്‍ ബഹദൂര്‍ ആണ് ലേഖനങ്ങള്‍ വിതരണം ചെയ്തതും സര്‍ക്കാരിന്റെ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതി നിരോധിച്ചതായും പ്രഖ്യാപിച്ചത്.
ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ വളരെ കുറവായ പ്രദേശങ്ങളില്‍ പോളിയോ നിര്‍മാര്‍ജ്ജനം വ്യാപിച്ചതിലാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ മറ്റൊരു നിലപാടും ഇക്കാര്യത്തില്‍ തങ്ങള്‍ക്കില്ലെന്നും താലിബാന്റെ നിര്‍ദ്ദേശം സ്വീകരിക്കുകയാണെന്നും പ്രാദേശിക ഗോത്രവക്താവ് അറിയിച്ചു. ശനിയാഴ്ച മുതല്‍ പദ്ധതി തങ്ങള്‍ നിരോധിക്കുന്നുവെന്നാണ് പ്രഖ്യാപനത്തില്‍ അറിയിച്ചത്.
നിരോധനം ലംഘിക്കുന്നവര്‍ക്ക് ഇതിന്മേല്‍ പരാതി നല്‍കുവാന്‍ യാതൊരു അവകാശവും ഇല്ലെന്നും പ്രദേശവാസികള്‍ക്ക് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസീരിസ്ഥാനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പോളിയോ രോഗത്തെക്കാള്‍ രൂക്ഷമാണ് വ്യോമാക്രമണമെന്നും ലഘുലേഖകളില്‍ പറഞ്ഞിട്ടുണ്ട്.
അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ ചാരസംഘടനയായ സിഐഎയെ സഹായിച്ച പാക് ഡോക്ടറെ 33 വര്‍ഷത്തെ തടവിന് ശിക്ഷിച്ച നടപടിയും നിരോധനമേര്‍പ്പെടുത്തുവാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിക്കായി അമേരിക്ക കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പോളിയോ രോഗം ബാധിക്കുന്നത് ആയിരത്തില്‍ വളരെ കുറച്ച് പേര്‍ക്കാണ്. എന്നാല്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തില്‍ നിരപരാധികളായ നൂറുകണക്കിന് വസീരിസ്ഥാനിലെ കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെടുന്നതെന്നും ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ ദിവസവും രാത്രിയും പകലും അമേരിക്ക പെയിലറ്റില്ലാ വിമാനങ്ങള്‍ വസീരിസ്ഥാനിലെ വീടുകളിലേക്ക് ആക്രമണം നടത്തുന്നുമുണ്ട്. ഈ സ്ഥിതിവിശേഷം പോളിയോ പടര്‍ന്ന് പിടിക്കുന്നതിലും മോശമാണെന്നും ലേഖനം അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പോളിയോ നിര്‍മാര്‍ജന പദ്ധതിയെ എങ്ങനെ തങ്ങള്‍ നിരോധിക്കാതിരിക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, താലിബാന്‍ ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വര്‍ഷം വസീരിസ്ഥാനില്‍ 18 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചില്‍ ഏഴുമാസം പ്രായമുള്ള ഒരു കുട്ടിക്ക് പോളിയോ ഉള്ളതായി കണ്ടെത്തിയതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്പ് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും വിദഗ്‌ദ്ധര്‍ കൂട്ടിച്ചേര്‍ത്തു. ദത്താഖേല്‍ പ്രദേശത്താണ് ഈ വര്‍ഷം മിക്ക പോളിയോ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്നും ഒരു പ്രാദേശിക നേതാവ് അറിയിച്ചു. വസീരിസ്ഥാനിലെ പ്രാദേശിക മേഖലയില്‍ താലിബാന്‍ ഭീകരര്‍ എടുക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ തീരുമാനമാണ് പോളിയോ നിര്‍മാര്‍ജ്ജനത്തിലൂടെ ഇവര്‍ എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: