വടകര: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള തീരുമാനം അറിയിച്ചത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനാണെന്ന് കൊടി സുനിയുടെ മൊഴി. കാരായി രാജനും ഒപ്പമാണ് കുഞ്ഞനന്തനെ കണ്ടതെന്നും കൊടി സുനിയുടെ മൊഴിയില്‍ പറയുന്നു.
കൊടി സുനിയുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് കാരായി രാജന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ മനോജന്, ജ്യോതി ബാബു, കെ.സി രാമചന്ദ്രന്, കിര്‍മ്മാണി മനോജ് എന്നിവര്‍ പങ്കെടുത്തതായും മൊഴിയില്‍ പറയുന്നു. ടി.പിയെ വധിക്കാന്‍ ആദ്യ ആസൂത്രണം ചെയ്തത് ഇവിടെ വച്ചാണ്. പിന്നീട് നടന്ന ആസൂത്രണത്തിലാണ് ടി.കെ രജീഷിനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്. ഏറ്റവും ഒടിവിലത്തെ ശ്രമത്തിനായി വാഹനം ഏര്‍പ്പെടുത്താനുള്ള ദൗത്യം എം.സി അനൂപിനായിരുന്നു.
ഏപ്രില്‍ 24 മുതല്‍ ടി.പിയെ നിരീക്ഷിച്ച സംഘം മെയ് നാലിന് കൊലപാതകം നടപ്പാക്കുകയായിരുന്നു. അതുവരെ പടയങ്കണ്ടി രവീന്ദ്രന്റെയും കെ.സി രാമചന്ദ്രന്റെയും സഹായം ഉണ്ടായിരുന്നതായും കൊടി സുനിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് ശേഷം കൂത്തുപറമ്പിലെത്തി. പിന്നീട് പാനൂരിന് സമീപം ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് റെയ്ഡിനെതുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിര്‍മാണി മനോജിന് പരിക്കേറ്റുവെന്നും മൊഴിയില്‍ പറയുന്നു.
ടി.പി വധത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ കൊടി സുനിയുടെ മൊഴി നിര്‍ണായകമാണ്. ഫസല്‍ വധക്കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് കാരായി രാജന്. ഇതിനിടെ കൊടി സുനിയേയും കിര്‍മാണി മനോജിനെയും മുഹമ്മദ് ഷാഫി എന്നിവരെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: