തിരുവനന്തപുരം : ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ആര്.സെല്‍വരാജിന്റെ വിജയമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെല്‍വരാജിന്റെ വിജയം സര്‍ക്കാരിനും യു.ഡി.എഫിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ വിജയത്തില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിനയത്തോടെ ജനവിധി സ്വീകരിക്കുന്നു. ജനവികാരം മാനിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി നിന്നു ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. രണ്ടു പ്രാവശ്യം എല്‍.ഡി.എഫ് ജയിച്ച നിയോജക മണ്ഡലമാണു യു.ഡി.എഫ് തിരിച്ചു പിടിച്ചത്. സി.പി.എം ജനാധിപത്യ വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പിറവം ഉപതെരഞ്ഞെടുപ്പില്‍ നിന്നു പാഠം പഠിക്കാത്ത സി.പി.എം ഈ തെരഞ്ഞെടുപ്പിനു ശേഷമെങ്കിലും തിരുത്താന്‍ തയാറാകണം. ശെല്‍വരാജിനെ യു.ഡി.എഫ് വിലക്കെടുത്തെന്ന എല്‍.ഡി.എഫ് ആക്ഷേപത്തിനുള്ള മറുപടി കൂടിയാണിത്. യു.ഡി.എഫ് വിജയത്തിന് എല്ലാ പിന്തുണയും നല്കിയ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒഞ്ചിയം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണം ചെയ്തുവെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: