കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം ഒടുവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനിലേക്കും. കേസില്‍ നേരത്തെ അറസ്റ്റിലായ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി.രാമചന്ദ്രനും കൊലപാതകത്തില്‍ പങ്കാളികളായ രജീഷും പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അടുത്തദിവസം ചോദ്യം ചെയ്യുമെന്നാണ് സൂചന.
അന്വേഷണ സംഘത്തിന്റെ ആസ്ഥാനമായ വടകരയിലേക്ക് വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. കൊലപാതകത്തിന്റെ സൂത്രധാരനായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തനെ കൂടി അറസ്റ്റ് ചെയ്തശേഷമായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന. ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് തയ്യാറാക്കിയ 38 പേരുടെ പ്രതിപ്പട്ടികയോടനുബന്ധിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലാണ് ജയരാജന്റെ പേരുള്ളത്.
കേസിലെ മുഖ്യപ്രതികളായ സിപിഎം കൊടും ക്രിമിനലുകള്‍ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരെ ഇരിട്ടിക്കടുത്ത മുഴക്കുന്ന് മുടക്കോഴിയിലെ വനാന്തരത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം സാഹസികമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തില്‍ ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമായതായി പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം കണ്ണൂരിലേക്ക് മാത്രമല്ല തിരുവനന്തപുരത്തേക്ക് കൂടി നീളുമെന്ന സ്ഥിതിയാണുള്ളത്.
തളിപ്പറമ്പ് അരിയിലെ മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര് നായരുടെ നേതൃത്വത്തിലുള്ള പോലീസ് പി.ജയരാജനെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 22ന് വീണ്ടും ജയരാജനെ ചോദ്യം ചെയ്യും. ചന്ദ്രശേഖരന് വധക്കേസില്‍ കൂടി ജയരാജന് ചോദ്യം ചെയ്യപ്പെടുന്നതോടെ രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണങ്ങള്‍ക്ക് പുതിയ മാനം കൈവരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: