കറാച്ചി: പ്രമുഖ പാക്കിസ്ഥാനി ഗസല്‍ ഗായകന് മെഹ്ദി ഹസന് (85)അന്തരിച്ചു. കുറേ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.
വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ഷഹന്‍ഷാ-ഇ-ഗസല്‍ (ഗസല്‍ ചക്രവര്‍ത്തി)എന്നറിയപ്പെടുന്ന മെഹ്ദി ഹസന് ലോകത്തോട് വിടപറഞ്ഞത്. നെഞ്ചിലുണ്ടായ അണുബാധയെത്തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് നിരവധി ആരാധകര്‍ കറാച്ചിയിലെ അഗാഖാന് ആശുപത്രിയിലെത്തി. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഗസല്‍ ജീവിതത്തില്‍നിന്ന് മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് ഹസന് വിട്ടുനിന്നത്. അടുത്ത ദിവസങ്ങളില്‍ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് വിസ അനുവദിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹസന്റെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് കറാച്ചിയില്‍ നടക്കും.
ഇന്ത്യയിലെ ലൂണ ഗ്രാമത്തില്‍ 1927 ലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിന്നീട് 1947 ല്‍ ഇന്ത്യ-പാക് വിഭജനത്തെത്തുടര്‍ന്ന് അദ്ദേഹവും കുടുംബവും പാക്കിസ്ഥാനിലേക്ക് കുടിയേറി. കുടുംബം പുലര്‍ത്താന്‍ ചെറുപ്രായത്തില്‍ തന്നെ മെക്കാനിക്കായി. ഹസന്റെ ജീവിതത്തില്‍ പിതാവ് ഉസ്താദ് അസീസ്ഖാന്റേയും അമ്മാവന് ഉസ്താദ് ഇസ്മായില്‍ ഖാന്റെയും പങ്ക് വളരെ വലുതാണ്.
പാക്കിസ്ഥാനി സര്‍ക്കാരിന്റെ തമംഗാ-ഇ-ഇംതിഹാസ്, പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ്, ഹിലാല്‍-ഇ-ഇംതിഹാസ് തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: