ഇസ്ലാമാബാദ്: ഇന്ത്യ-പാക് പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ച പാക്കിസ്ഥാനില്‍ ആരംഭിച്ചു. റാവല്‍പിണ്ടിയിലെ പ്രതിരോധ മന്ത്രാലയത്തിലാണ് രണ്ടുദിവസത്തെ ചര്‍ച്ച നടക്കുന്നത്. സിയാച്ചിന്‍ പ്രശ്നമാണ് ചര്‍ച്ചയിലെ പ്രധാന വിഷയം. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ, പാക് പ്രതിരോധ സെക്രട്ടറി നര്‍ഗിസ് സെയ്തി, പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ചര്‍ച്ചയില്‍ സിയാച്ചിന്‍ പ്രശ്നത്തില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ദേശീയ സുരക്ഷ സംബന്ധിച്ച് ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങളോ, പ്രഖ്യാപനങ്ങളോ പ്രതീക്ഷിക്കുന്നില്ലെന്ന് കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
സിയാച്ചിന്‍ പ്രശ്നത്തില്‍ ഇന്ത്യക്ക് വ്യക്തമായ നിലപാടുണ്ട്. കഴിഞ്ഞതവണ നടത്തിയ പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ആന്റണി പറഞ്ഞു. ഏപ്രിലില്‍ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 139 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷമാണ് സിയാച്ചിന്‍ പ്രശ്നം വലിയ ചര്‍ച്ചാവിഷയമാകുന്നത്.
സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയുടെ പ്രതികരണത്തിന് വേണ്ടിയാണ് പാക് സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്ന് പാക് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇന്ത്യയുടെ പ്രതികരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന് ഇന്ത്യന്‍ എക്സ്പ്രസ് ട്രിബ്യൂണലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. സിയാച്ചിനില്‍നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്നാണ് പാക്കിസ്ഥാന് മുന്നോട്ടുവയ്ക്കുന്ന നിലപാട്. സിയാച്ചിനില്‍നിന്നും പാക് സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറില്ലെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.
കഴിഞ്ഞമാസം ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സിയാച്ചിന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇവിടെനിന്നും സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. എന്തായാലും രണ്ടുദിവസത്തെ പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: