ഗുവാഹത്തി: വനിതാ പെയിലറ്റുമാരുടെ അസാമാന്യ മന:സ്ഥൈര്യം എയര്‍ ഇന്ത്യയിലെ 48 യാത്രക്കാരുടെയും നാല് ജീവനക്കാരുടെയും ജീവന് രക്ഷിച്ചു. സില്‍ച്ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ചക്രങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ടത് സുരക്ഷാഭീഷണിയുയര്‍ത്തി. ലാന്‍ഡിങ്ങിന് മുമ്പ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ മുന്‍ഭാഗത്തെ ചക്രങ്ങളില്‍ ഒന്ന് നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് ഗവാഹത്തി വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനായി സജ്ജീകരണമൊരുക്കുന്നതിനിടെ പെയിലറ്റ് ഊര്‍മ്മിള യാദവും സഹപെയിലറ്റ് യശുവും രണ്ട് മണിക്കൂറിലേറെ വിമാനത്താവളത്തിന് മുകളില്‍ കറങ്ങി. ഇന്ധനം എരിച്ച് കളഞ്ഞ് ഭാരം കുറയ്ക്കാനും ലാന്‍ഡിങ്ങിനിടെ സംഭവിക്കാന്‍ സാധ്യതയുള്ള തീപിടിത്തം ഒഴിവാക്കാനുമായാണ് ഊര്‍മ്മിളയും യശുവും വിമാനവുമായി കറങ്ങിയത്. ഇത്തരത്തിലൊരു തീരുമാനമെടുത്തത് വഴി വന്‍അപകട സാധ്യത ഒഴിവാകുകയായിരുന്നെന്ന് ഈ രംഗത്ത് നിന്നുള്ള വിദഗ്ദ്ധര്‍ പറഞ്ഞു.
ഇതിനിടെ, യാത്രക്കാര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കിയത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. യാത്രക്കാരില്‍ ചിലര്‍ തലചുറ്റി വീണു. എന്നാല്‍ ആര്‍ക്കും ഒരു പരിക്ക് പോലും പറ്റാതെ വനിതാപെയിലറ്റുമാര് വിമാനം സുരക്ഷിതമായി ഗവാഹത്തി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. അസാം മുഖ്യമന്ത്രി തരുണ്‍ ഗഗോയ് പെയിലറ്റ് ഊര്‍മ്മിള യാദവിനെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. അസാധാരണമായ ധൈര്യത്തോടെ പ്രതിസന്ധി തരണം ചെയത് 52 പേരുടെ ജീവന് രക്ഷിച്ച ഊര്‍മ്മിളയോടും യശുവിനോടും അദ്ദേഹം നന്ദിയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: