കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിലെ ചുരുളഴിച്ച് ടി.കെ. രജീഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വധിച്ച കേസില്‍ പിടിയിലായവരില്‍ ഒരാള്‍മാത്രമാണ് യഥാര്ത്ഥപ്രതിയെന്നാണ് ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷ് പോലീസിന് മൊഴിനല്കിയിരിക്കുന്നത്. താനും അച്ചാരുപറമ്പത്ത് പ്രദീപനും അടങ്ങിയ സംഘമാണ് ക്ലാസ് മുറിയില്‍ ജയകൃഷ്ണന്മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളുടെ പട്ടിക പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കി നല്‍കുകയായിരുന്നു. കൊലയ്ക്ക് ശേഷം താന്‍ മുംബൈയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ഈ കേസില്‍ ഏഴ് പേര് അറസ്റ്റിലായെങ്കിലും പ്രദീപന് മാത്രമാണ് യഥാര്‍ത്ഥപ്രതി. ബാക്കിയുള്ളവരെ സിപിഎം നല്കിയ പട്ടികപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിന് പുറമെ 2005ലെ മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് , 2008ലെ പീടികയില്‍ കുനിയില്‍ സുരേഷ് ബാബു വധക്കേസ് , 2009ലെ പാനൂര്ചെമ്പാട് വിനയന് വധക്കേസ് എന്നിവയിലും തനിക്ക് പങ്കുള്ളതായി ടി.കെ.രജീഷിന്റെ മൊഴിയിലുണ്ട്.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണ സാധ്യത ബലപ്പെടുത്തുന്നതാണ് ടി.കെ. രജീഷ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. രാഷ്ട്രീയകേരളം ഇതുവരെയും കാണാത്തത്രയും നിഷ്ഠൂരമായ രീതിയില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്. പുനരന്വേഷണം വേണമെന്ന് ബിജെപിയും,ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന്, സുന്ദരന്‍, ഷാജി, ദിനേശ്ബാബു, രാജന്, കെ.കെ. അനില്‍കുമാര്‍, പറയങ്കണ്ടി സജീവന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സുന്ദരന്‍, രാജന് എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. സജീവന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരെ സെഷന്‍സ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന് ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രദീപനെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പെ പി. ജയരാജന്, പി.ശശി എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി നല്കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു.
യഥാര്‍ത്ഥപ്രതികളെ കണ്ടെത്താതെ പാര്‍ട്ടി നല്കിയ ലിസ്റ്റനുസരിച്ച് നടപടികള്‍ സ്വീകരിച്ചതാണ് യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന് കാരണമെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ വധം പുനരന്വേഷിക്കുമ്പോള്‍ തന്നെ അന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അതേസമയം ടി.കെ. രജീഷിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ അതീവരഹസ്യമായാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയിരിക്കുന്നത്. ടി.പി. ചന്ദ്രേശേഖരനെ കൊലപ്പെടുത്തുന്നത് കണ്ട ദൃക്സാക്ഷികളെ വിളിച്ചുവരുത്തിയായിരിക്കും തിരിച്ചറിയാന്‍ പരേഡ്. ദൃക്സാക്ഷികളുടെ മൊഴി ഈ കേസില്‍ വളരെയധികം നിര്‍ണ്ണായകമായിരിക്കും. സംഭവം കണ്ടെന്ന് പറയുന്നവരില്‍ ചിലര്‍ പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരിച്ചറിയല്‍ പരേഡിന് വിധേയനാകുന്നതിനാല്‍ മുഖം മൂടി അണിയിച്ചാണ് കഴിഞ്ഞ ദിവസം രജീഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നത്.
കേസില്‍ പിടിയിലായ സിജിത്തിന് ചികിത്സ നല്കിയ കാര്യം രഹസ്യമാക്കിവെച്ചതിന് കൂത്തുപറമ്പ് സഹകരണ ആശുപത്രിക്കെതിരെ പോലീസ് കേസ് എടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: