പെരിന്തല്‍മണ്ണ: ദേശീയപാത 213 ല്‍ രാമപുരം നാറാണത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര് മരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. കൂട്ടിലങ്ങാടി മുഞ്ഞക്കുളം നടുവത്ത് കളത്തില്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മകന് നാസിസ് ഉമ്മര്‍(23), കൂട്ടിലങ്ങാടി ഉന്നന്തല ഏലച്ചോല ഉമ്മറിന്റെ മകന് ഇത്തിഷാം(21) എന്നിവരാണ് മരിച്ചത്.
പെരിന്തല്‍മണ്ണക്ക് സമീപം മക്കരപറമ്പ് നാരായണത്തു വളവിലാണ് അപകടം. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും വന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറി കൂട്ടിലങ്ങാടിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടുപേരും പെരിന്തല്‍മണ്ണയിലെ ബെസ്റ്റ് ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മങ്കട പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: