കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയും മുഖ്യസൂത്രധാരനുമായ ടി.കെ. എന്ന ടി.കെ രജീഷിനെ പ്രത്യേക പോലീസ് അന്വേഷണസംഘം അറസ്റ്റുചെയ്തു. ഇതോടെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ സിപിഎം നേതാക്കളുടെ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ടി.പി. ചന്ദ്രശേഖരനെ വധിച്ചശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ട രജീഷിനെ അവിടെവെച്ചാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
രജീഷിനൊപ്പം മുംബൈയിലെ ഒരു വ്യവസായിയെയും കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ടി.കെ. രജീഷിന് ഒളിച്ച് താമസിക്കാന്‍ സൗകര്യംചെയ്ത് കൊടുക്കുകയാണ് ഇയാള്‍ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. രജീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
ടി.പി.വധം ആസൂത്രണം ചെയ്തത് ടി.കെ. രജീഷിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് നേരത്തെ അറസ്റ്റ് ചെയ്തവരില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഒരു സംഘം മുംബൈയില്‍ എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണസംഘം എത്തുന്നതിന് മുമ്പ് രജീഷ് രക്ഷപ്പെട്ടെന്നും മുംബൈയില്‍ തന്നെ ഉണ്ടെന്നുമുള്ള വിവരമായിരുന്നു അന്വേഷണ സംഘം അന്ന് പുറത്തുവിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് രജീഷ് കസ്റ്റഡിയില്‍ ആയതെന്നാണ് സൂചന. പ്രധാന കണ്ണിയായ രജീഷിനെ മുംബൈയിലെ എം.ടി.പി മാര്‍ക്കറ്റിലെ ഒളിത്താവളത്തില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കോടിയേരി സ്വദേശി സിജിത്തിനെ ചോദ്യം ചെയ്തതോടെയാണ് രജീഷിന്റെ പങ്കും ഒളിത്താവളവും മനസ്സിലാക്കാന്‍ പോലീസിന് കഴിഞ്ഞത്.
ടി.കെ. രജീഷിന് മുംബൈയില്‍ താമസമൊരുക്കിയ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ താമസക്കാരനായ പാനൂര്‍ പൊന്നാരിയില്‍ വത്സന് (45), കൂത്തുപറമ്പ് കാരയാട്പുറം കോട്ടിയോടന് അനില്‍ (35), കൂത്തുപറമ്പ് കോട്ടയംപൊയില്‍ ഉറവക്കുന്ന് ലാലു (32) എന്നിവരെയാണ് ഡി.വൈ.എസ്.പി ജോസി ചെറിയാന് അറസ്റ്റ് ചെയ്തത്. മുംബൈയിലും പരിസരങ്ങളിലും കച്ചവടക്കാരാണ് അറസ്റ്റിലായ മൂവരും. ചന്ദ്രശേഖരനെ വധിച്ച ശേഷം നാടുവിട്ട രജീഷിനെ പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതായി പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന് ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ്സില്‍ കൂടി പ്രതിയാകും. ചന്ദ്രശേഖരനെ വധിക്കാന്‍ 2010 ല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്സ്. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കെ.സി.രാമചന്ദ്രനെ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്ക് പ്രൊഡക്ഷന്‍ വാറന്റിനായി പോലീസ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറന്റ് അയച്ചു. ഇതേ തുടര്‍ന്ന് രാമചന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം കസ്റ്റഡി അപേക്ഷയും നല്‍കും. റിമാന്‍ഡിലായിരുന്ന സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗം പടയംകണ്ടി രവീന്ദ്രനെ മറ്റൊരുകേസ്സില് കോടതി റിമാന്റ് ചെയ്തു. ഫിബ്രുവരി 19 ന് ഒഞ്ചിയത്ത് നാല് ആര്.എം.പി പ്രവര്‍ത്തകരെ ആക്രമിച്ച് പരുക്കേല്പ്പിച്ചകേസ്സിലാണ് റിമാന്‍ഡ് ചെയ്തത്. പോലീസ് കസ്റ്റഡിയിലായിരുന്ന സി.പി.എം. ഒഞ്ചിയം ഏരിയാസെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ സി.എച്ച്. അശോകന്, ഏരിയാ കമ്മറ്റി അംഗം കെ.കെ. കൃഷ്ണന് എന്നിവരെ 21 വരെ കോടതി റിമാന്റ് ചെയ്തു. അശോകനും കൃഷ്ണനും പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്റിലായത്. വ്യാജ സിം കാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ ചോമ്പാല്‍ പുറത്തെ തയ്യില്‍ ജാബിറിനെയും കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: