കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുതലക്കുളം മൈതാനിയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തണമെന്നുണ്ടെങ്കില് സി.പി.എം നേതൃത്വത്തിന് തന്നെ ഭീഷണിപ്പെടുത്താം. തന്നെ ഭീഷണിപ്പെടുത്തിയാല്‍ കേസെടുക്കില്ലെന്ന് ഉറപ്പു തരാം. ഏതു വിമര്‍ശനവും കേള്‍ക്കാന്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ബാധ്യസ്ഥനാണ്.
രാജ്യത്തിന്റെ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നീതിന്യായ വ്യവസ്ഥയില്‍ മുന്നോട്ടുപോകുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോ എന്ന് സി.പിഎം ആത്മപരിശോധന നടത്തണം. അണികളെ തൃപ്തിപ്പെടുത്താന്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തണമെന്നുണ്ടെങ്കില് തന്നെ ഭീഷണിപ്പെടുത്താം. അതിന്റെ പേരില്‍ കേസെടുക്കില്ലെന്ന് ഉറപ്പു നല്‍കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാം എന്ന് കരുതിയാല്‍ നടക്കില്ല. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രതികളെ നിശ്ചയിച്ച് ലിസ്റ്റ് നല്കുന്ന രീതി ഇനി അനുവദിക്കില്ല. അറസ്റ്റ് എത്ര വൈകിയാലും അറസ്റ്റിലാവുന്നത് യഥാര്‍ത്ഥ പ്രതികളായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ജനാധിപത്യ രീതിയില്‍ ഏറ്റുമുട്ടാന്‍ സി.പി.എം തയ്യാറാവണം. അല്ലാതെ മുളകുവെള്ള രാഷ്ട്രീയമാണ് വേണ്ടതെങ്കില്‍ അവര്‍ ചരിത്രം മറക്കുകയാണ്. മുളകുവെള്ളവുമായി എതിരാളികളെ അവര്‍ നേരിട്ടത് അടിയന്തരാവസ്ഥ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റെവല്യൂഷണറി പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍. വേണു ഇന്നലെ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: