ലാഹോര്‍: രാജ്യത്തെ അടുത്ത പൊതു തെരഞ്ഞെടുപ്പ് സൈന്യത്തിന്റെ മേല്‍ നോട്ടത്തിലായിരിക്കണമെന്നും ഇടക്കാല സര്‍ക്കാരിന് കീഴിലാവരുതെന്നും മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേശ് മുഷറഫ്.
സുതാര്യവും നിഷ്പക്ഷവുമായിരിക്കണം അടുത്ത പൊതു തെരഞ്ഞെടുപ്പെന്നും അത് സൈന്യത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നും പാക്കിസ്ഥാന് പുറത്ത് അജ്ഞാത വാസത്തില്‍ കഴിയുന്ന മുഷറഫ് പറഞ്ഞു.
ലണ്ടനില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍നിന്നും മുക്തി നേടണമെങ്കില്‍ തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് മുഷറഫ് വ്യക്തമാക്കി.
രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിക്ഷാമം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരോ പ്രതിപക്ഷമോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ ഭരണകാലത്ത് വൈദ്യുതിക്ഷാമമില്ലയിരുന്നുവെന്നും ജനങ്ങളുടെ ജീവിത ചെലവ് സാധാരണ നിലയിലായിരുന്നെന്നും മുഷറഫ് അവകാശപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നും അത് 2013 മാര്ച്ചിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ് മുഷറഫിപ്പോള്. മുഷറഫിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: