ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനില്‍ വിവാഹച്ചടങ്ങിനിടെ പുരുഷന്മാര്ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്ത കുറ്റത്തിന് നാല് സ്ത്രീകളെ ഗോത്ര ജിര്‍ഗ എന്ന എന്ന വിഭാഗം വധിച്ചതായി റിപ്പോര്‍ട്ട്.
പാക് വാര്‍ത്താ ചാനലുകളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്ത നിഷേധിച്ചു. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് ഇവരുടെ വിശദീകരണം. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാക് പ്രതിരോധമന്ത്രി റഹ്മാന് മാലിക് ഉത്തരവിട്ടിട്ടുണ്ട്.
നാലുപേരില്‍ കൂടുതല്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. യുവതികള്‍ക്കൊപ്പം നൃത്തം ചെയ്ത രണ്ട് പുരുഷന്മാരേയും വധിച്ചതായാണ് ചില വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ഗോത്ര സമിതി ഫത്വ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു.
കഴിഞ്ഞമാസം ഒരു വിവാഹച്ചടങ്ങില്‍ സ്ത്രീപുരുഷന്മാര് നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തതിനാണ് ഇവരെ വധശിക്ഷക്ക് വിധിച്ചത്. ഖൈബര്‍ മേഖലയിലെ ഹസാരെ ഡിവിഷനിലായിരുന്നു ദുരഭിമാനഹത്യയുടെ ഭാഗമായി പാക് ‘ജിര്‍ഗ’ വധശിക്ഷ നടപ്പാക്കിയത്.
വിവാഹച്ചടങ്ങുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ഇടം എന്ന ഗോത്രാചാരം ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് മാസം മുമ്പ് ബാന്‍ഡോ ബൈദറില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇവര്‍ ഒന്നിച്ച് നൃത്തം വെക്കുകയും പാടുകയും ചെയ്യുന്ന രംഗങ്ങള്‍ ആരോ മൊബെയിലില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഗോത്ര കോടതി ഇവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ചത്.
പുരുഷന്മാരെ ആദ്യം കൊല്ലാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇവര്‍ ഒളിച്ചോടിയതോടെ വിവാഹിതരായ സ്ത്രീകളെ ഭര്‍തൃവീടുകളില്‍നിന്ന് വിളിച്ചിറക്കി കുഹിസ്ഥാന്‍ ജില്ലയിലെ ഗ്രാമത്തിലെ ചില വീടുകളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ നാല്‍പ്പതോളം ചെറുപ്പക്കാരെ ‘ജിര്‍ഗ’ ചുമതലപ്പെടുത്തിയിരുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: