ന്യൂദല്‍ഹി: അഴിമതിക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്കി ദല്‍ഹിയില്‍ ജന്തര്‍ മന്ദിറില്‍ അണ്ണ ഹസാരെയും ബാബ രാംദേവും ഉപവസിച്ചു. അഴിമതിക്കാരെയും കുറ്റവാളികളെയും പാര്‍ലമെന്റില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവരെ ഒഴിവാക്കാനുള്ള അവകാശം (റൈറ്റ് ടു റിജക്ട്) ഉപയോഗിക്കണമെന്ന് അണ്ണ ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരും യോഗ്യരല്ലെന്ന് തോന്നിയാല്‍ ഒഴിവാക്കാനുള്ള അവകാശമാണ് സമ്മതിദായകര്‍ വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഹസാരെ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നൂറ് കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത്, ആറ് ലക്ഷം യുവാക്കള്‍ മുന്നോട്ട് വരുകയും ഓരോ ഗ്രാമം ഏറ്റെടുക്കുകയും ചെയ്താല്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്നും ഹസാരെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 25 വര്‍ഷമായി അഴിമതിക്കെതിരെ താന്‍ നടത്തുന്ന പോരാട്ടത്തിലൂടെ ആറ് മന്ത്രിമാരെയും 400 ഉദ്യോഗസ്ഥരെയും സ്ഥാനഭ്രഷ്ടരാക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഴിമതിക്കാരനാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ തന്റെ മന്ത്രിസഭയെ അഴിമതി വിമുക്തമാക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും ബാബ രാംദേവ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 400 ലക്ഷം രൂപയുടെ കള്ളപ്പണം വിദേശത്ത് കെട്ടിക്കിടക്കുന്നുണ്ട്. വരുന്ന ആഗസ്റ്റ് മാസത്തിനകം ഈ നിക്ഷേപം ഇന്ത്യയിലെത്തിക്കണമെന്ന് രാംദേവ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അത് സാധ്യമായാല്‍ ഇന്ത്യ അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് സ്വന്തമായി നിയമമുണ്ടാകണമെന്ന് മഹാത്മാഗാന്ധി പോലും ആവശ്യപ്പെട്ടിട്ടും നാമിപ്പോഴും ബ്രീട്ടീഷ് കാലത്തെ നിയമം അനുവര്‍ത്തിക്കുകയാണെന്ന് ബാബ രാംദേവ് കുറ്റപ്പെടുത്തി.
രാവിലെ രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് അണ്ണ ഹസാരെയും ബാബ രാംദേവും സമരവേദിയിലെത്തിയത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള സമരത്തില്‍ ഇരുവരും ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. രാജ്യസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാത്തതിലുള്ള പ്രതിഷേധം കൂടിയായിരുന്നു ജന്തര്‍ മന്ദിറിലെ ഉപവാസസമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: