കൊച്ചി: പാന്ലഹരിയ്ക്കായി മലയാളി ചെലവിടുന്നത് 100 കോടിയിലേറെ രൂപ. ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ് ലഹരി ഉപയോഗത്തില്‍ മലയാളിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിതലമുറയെ ആശങ്കയിലാഴ്ത്തി പാന്ലഹരി ഉപഭോഗത്തില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗത്തിനടിമയാകുന്ന ലഹരി ഉപയോഗിക്കുന്ന മലയാളി ‘പണം നല്കി രോഗിക’കളാകുന്ന ശീലത്തിനാണ് കോടികള്‍ ചെലവിടുന്നു എന്നത് ഏറെ വിപത്തായും മാറുന്നു.
അതിര്‍ത്തി കടന്നെത്തിയ ശീലമാണ് പാന്‍മസാല ഉപഭോഗം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉച്ചയൂണിന് ശേഷമൊരു ‘മുറുക്കാന്‍’ എന്നതായിരുന്നു മലയാളി ശീലം. നാടന്‍ വെറ്റിലയും ചൂണ്ണാമ്പും അടയ്ക്കയും പുകയിലയും ചേര്‍ത്തുള്ളതായിരുന്നു മുറുക്കാന്‍. പിന്നീടത് ‘ബീഡ’ എന്ന മുറുക്കാന്‍-മധുരക്കൂട്ടായി മാറി. പുതിയ നൂറ്റാണ്ടില്‍ മലയാളിയെ പിടികൂടിയതാണ് പാന്‍മസാല. വര്‍ണപ്പകിട്ടുള്ള പാക്കറ്റുകളില്‍ മിശ്രിതങ്ങളും മുന്നറിയിപ്പുമായി വില്‍പ്പനശാലകളില്‍ അലംകൃതമാക്കിയ പാന്‍മസാല മലയാളെ പെട്ടെന്നാണ് കീഴടക്കിയത്. 90കളില്‍ പ്രതിവര്‍ഷം ശരാശരി മൂന്ന് കോടിയോളം രൂപയുടെ വില്‍പ്പന നടന്നിരുന്ന പാന്‍മസാല വിപണി പെട്ടെന്നാണ് വന്‍ വളര്‍ച്ചാ മുന്നേറ്റം നേടിയത്. 95 മുതല്‍ തുടങ്ങിയ ഗതിവേഗത്തില്‍ ഒന്നരപതിറ്റാണ്ടിനകം പാന്‍മസാല വില്‍പ്പന തോതില്‍ 450 ശതമാനത്തിലേറെ വളര്‍ച്ചയാണ് വിപണി നേടിയതെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ പാക്കറ്റൊന്നിന് 25 പൈസ-50 പൈസയുണ്ടായിരുന്നു. ഇന്നിത് രണ്ടുരൂപ മുതല്‍ ആറ് രൂപ വരെയാണ് പാക്കറ്റ് വില. വില്‍പ്പന വിലയാകട്ടെ ലഭ്യതയനുസരിച്ച് പാക്കറ്റിന് 10-15 രൂപവരെയായി ഉയരുകയും ചെയ്യുന്നു.
വടക്കേയിന്ത്യയില്‍ ഉഷ്ണകാലത്ത് ശാരീരിക ക്ഷീണമകറ്റുന്നതിന് ആരോഗ്യ ജനത ഉപയോഗിച്ചിരുന്നതാണ് പാന്‍മസാല കൂട്ടുകള്‍. തുടര്‍ന്നിത് വാഹന ഡ്രൈവര്‍മാരും വയല്‍ തൊഴിലാളികളും നിര്‍മാണ മേഖലയിലുള്ളവരും ഉപയോഗിച്ചു തുടങ്ങി. അന്യസംസ്ഥാന ലോറികളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കായി വളര്‍ന്ന വിപണിയെ ലഹരി ഉല്‍പ്പന്ന വില്‍പ്പനക്കാര്‍ യുവാക്കളിലേക്കുള്ള ലഹരി വില്‍പ്പനയ്ക്കായി പ്രയോഗിച്ചു തുടങ്ങിയതോടെ പാന്‍മസാല ഉപഭോഗത്തോടൊപ്പം വിപണിയും പടര്‍ന്നു പന്തലിച്ചു.
അടയ്ക്കയും ലഹരി കൂട്ടുകളുമായി ആദ്യം വിപണി പിടിച്ചടക്കിയത് ‘പാന്‍പരാഗ്’ എന്ന ഉല്പ്പന്നമായിരുന്നുവെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലിന്നിത് 18 ഓളം പാന്‍മസാല ഉല്‍പ്പന്ന കൂട്ടുകളാണ് വില്‍പ്പനയ്ക്കായി വിപണിയിലുള്ളതെന്നും ഇവര്‍ പറയുന്നു. ഉംദ, ഗോവ, ബോംബെ 1000, തുളസി, ഹന്‍സ്, പരാഗ്, ചൈനി, ശംഭു, മാണിക് ചന്ദ് തുടങ്ങിയവയാണ് വിപണിയില്‍ സുലഭമായവ. ഹൈദരാബാദ്, ബാംഗ്ലൂര്‍, ദല്‍ഹി, കാണ്‍പൂര്‍ എന്നിവിടങ്ങളിലാണ് വന്‍കിട പാന്‍മസാല നിര്‍മാണ കമ്പനികളിലേറെയും പ്രവര്‍ത്തിക്കുന്നതെങ്കിലും കുടില്‍ വ്യവസായമെന്ന നിലയില്‍ മറ്റു സംസ്ഥാനങ്ങളിലും പാന്‍മസാല ഉല്‍പ്പന്ന നിര്‍മാണം നടക്കുന്നതായും പറയുന്നു. 30-40 ശതമാനം വരെ വില്‍പ്പന ലാഭം ലഭിക്കുന്ന പാന്‍ ഉല്‍പ്പന്ന വിലയില്‍ ചെറുകിട കച്ചവടക്കാരും ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും മൊത്ത വില്‍പ്പനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ലഹരി ഉപഭോഗത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ് കേരള വിഹിതമെന്നത് മലയാളിയുടെ ലഹരി അടിമത്വം വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ നഗരവാസികള്‍ 9.90 രൂപ പ്രതിമാസം ചെലവിടുമ്പോള്‍ കേരളത്തിലിത് 18.50 രൂപയും ഗ്രാമങ്ങളില്‍ 15 രൂപയുമാണെന്ന് 2010 ല്‍ നടന്ന കേന്ദ്ര സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യപിക്കാത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശരാശരി കണക്കാണിതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാന്മസാലകളില് ലഹരിക്കായി ഉപയോഗിക്കുന്ന മിശ്രിതങ്ങളില്‍ മാരകമായ ക്യാന്‍സര്‍ സാധ്യത ഏറെയെന്ന് ഭിഷഗ്വരന്മാര് അഭിപ്രായപ്പെടുകയും ചെയ്യുന്നു.
കേരളത്തില്‍ പൊടുന്നനെയുണ്ടായ പാന്‍മസാല ലഹരി ഉപയോഗത്തില്‍ യുവതരംഗമാണുണ്ടായതെന്ന് വിവിധ എന്‍ജിഒ സംഘടനകള്‍ വ്യക്തമാക്കുന്നു. പുകയില ലഹരിയുടെ മിശ്രിതം ഏറെയുള്ള പാന്‍മസാല പാക്കറ്റുകളാണ് കേരള വിപണിയില്‍ ഏറെ വില്‍പ്പന നടക്കുന്നത്. 12 മുതല്‍ 35 വയസ്സുവരെയുള്ളവരാണ് ഇത്തരം പാന്‍മസാല ഉപഭോക്താക്കളെന്നതും ഭാവി തലമുറയെ കുറിച്ചുള്ള ആശങ്കയും വളര്‍ത്തുന്നുണ്ട്. ഒരു മലയാളി ഒരു ദിവസം ശരാശരി 2-8 പാക്കറ്റ് വരെ ഉപയോഗിക്കുന്നവരാണെന്നും ഇതിനായി പ്രതിദിനം 40-150 രൂപവരെ ചെലവഴിക്കുന്നുണ്ടെന്നും ചില്ലറ വ്യാപാര ശൃംഖലയിലുള്ളവരും സമ്മതിക്കുന്നു. സംസ്ഥാനത്തേക്ക് അതിര്‍ത്തികടന്നെത്തുന്ന പാന്‍മസാല വില്‍പ്പനയുടെ 70 ശതമാനം മാത്രമാണ് കണക്കിലുള്പ്പെടുകയെന്നാണ് വ്യാപാര കേന്ദ്രങ്ങളില്‍നിന്നും അറിയുന്നത്. നിലവില്‍ കേരളത്തിലെ പാന്‍മസാല വില്‍പ്പന തോത് ശരാശരി 75 കോടിയോളം രൂപയാണെന്നാണ് പറയുന്നത്. 20 ശതമാനം വില്‍പ്പന നികുതി കണക്കാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ശരാശരി 15 കോടി രൂപയുടെതായിരിക്കും 100 ഓളം മൊത്ത വിതരണക്കാരും അതിന്റെ പതിന്മടങ്ങ് ചില്ലറ വിതരണക്കാരും ചെറുകിട കച്ചവടക്കാരുമടങ്ങുന്ന വന്‍ വിപണി ശൃംഖലയാണ് പാന്‍മസാല വിപണിയില്‍ സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. പ്രതിവര്‍ഷം 100-110 കോടിയോളം രൂപയുടെ പാന്‍മസാല വില്‍പ്പന നടക്കുമെന്ന് വ്യാപാരികള്‍ രഹസ്യമായി സമ്മതിക്കുമ്പോള്‍ വില്‍പ്പന ഇതിലും ഏറെയാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ആപത്തിനെ തിരിച്ചറിയുന്നതില്‍ മലയാളി പരാജയപ്പെടുകയാണെന്ന് പാന്‍മസാല ഉപഭോക്താക്കളുടെ വിവരങ്ങളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം പാന്‍മസാല ലഹരി ഉപയോഗിക്കുന്നവരുടെ വര്‍ധനയില്‍ നല്ലൊരു പങ്കും സ്കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണെന്നാണ് പറയുന്നത്. ഇതര മദ്യ-മയക്ക് മരുന്നു ലഹരി ഉപഭോഗത്തില്‍നിന്നും ഗതിമാറിയാണ് പാന്‍ ലഹരിയിലേക്ക് സ്കൂള്‍ വിദ്യാര്ത്ഥികളെത്തുന്നതെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ ഒരു സംഘടന വെളിപ്പെടുത്തുന്നു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു ദിവസം 1-4 പാക്കറ്റ് പാന്‍മസാല പാക്കറ്റുകള്‍ ഉപയോഗിക്കുന്നതായാണ് പറയുന്നത്. ക്യാന്‍സര്‍ അടക്കമുള്ള വിപത്തിനെ സൃഷ്ടിക്കുന്ന പാന്ലഹരി വില്‍പ്പനയില്‍ മലയാളി 100 കോടിയിലേറെ രൂപ ചെലവഴിക്കുമ്പോള്‍ രോഗമുക്തി ചികിത്സക്കായി ചെലവഴിക്കുന്നതാകട്ടെ കോടികള്‍ വേറെയും. മദ്യ വില്‍പ്പനയിലെ 6000 കോടി രൂപയും സിഗരറ്റ് വില്‍പ്പനയിലൂടെയുള്ള 300 കോടി രൂപയും പാന്‍മസാല വിപണിയിലെ 100 കോടിയിലേറെ രൂപയും ലഹരി വില്‍പ്പനയില്‍ മലയാളിയുടെ സാമ്പത്തികനില തകരാറിലാക്കുമ്പോള്‍ മലയാള നാട് മറ്റൊരു ദുരന്തം കാത്തിരിക്കുകയാണെന്നുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: