ഇസ്ലാമാബാദ്: ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സൈന്യമാണ് സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിലെ ഏറ്റവും വലിയ പ്രശ്നമെന്ന് പാക് പ്രതിരോധ മന്ത്രി അഹമ്മദ് മുക്തര്‍ പറഞ്ഞു. അതേസമയം, സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ ഏറ്റവും നല്ല മാര്‍ഗം ചര്‍ച്ചയാണെന്നും ഇരുരാഷ്ട്രങ്ങളും ഒരേ മേശക്കു മുന്പിലിരുന്ന് പറഞ്ഞ് തീര്‍ക്കേണ്ട കാര്യമേ ഉള്ളൂവെന്നും ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിയാച്ചിനില്‍നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളിലേയും സേന ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഉടമ്പടിയില്‍ ഒപ്പുവക്കുവാന് തങ്ങള്‍ ചിന്തിക്കുന്നുണ്ട്. സര്‍ക്രീക്ക് പ്രശ്നത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യക്ക് ആഗ്രഹമുണ്ട്. എന്നാല്‍ സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുവാനാണ് തങ്ങള്‍ക്ക് ആദ്യം താല്‍പ്പര്യമെന്നും മുക്താര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി സഹായിക്കുമെന്നും എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുവാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു വലിയ രാജ്യമാണ്. സിയാച്ചിനില്‍നിന്നും ആദ്യം പിന്‍വാങ്ങാന്‍ എന്തുകൊണ്ട് ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഇന്ത്യ ആദ്യം തന്നെ ഇവിടെനിന്നും പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും മുക്താര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞമാസം സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 137 പാക് സൈനികരെ കാണാതായതിനെത്തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ സിയാച്ചിന്‍ പ്രശ്നം ഉടലെടുത്തത്. മഞ്ഞിടിച്ചിലില്‍ കാണാതായ ഒരു സൈനികന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: