കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 22000 രൂപ ഭേദിച്ചാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിട്ടത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 2765 രൂപയും പവന് 520 രൂപ വര്‍ധിച്ച് 22,120 രൂപയുമാണ് ഇപ്പോഴത്തെ വില. സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക് 21,840 രൂപയായിരുന്നു. ആഗോളവിപണിയിലെ വിലവര്ധനവുതന്നെയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ആഗോളവിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 58.60 ഡോളര്‍ ഉയര്‍ന്ന് 1621.20 ഡോളര്‍ നിരക്കിലെത്തി.
സ്വര്‍ണവില കാല്‍ലക്ഷത്തിലേക്ക് അടുക്കാറായതോടെ ഇന്ത്യയില്‍ മഞ്ഞലോഹത്തിനുള്ള ഡിമാന്റ് ഇനിയും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ രാജ്യമായിരുന്ന ഇന്ത്യയില്‍ സ്വര്‍ണത്തിന് ആദ്യ ത്രൈമാസത്തില്‍ ഡിമാന്‍ഡ് 29 ശതമാനം കുറഞ്ഞിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 19 ശതമാനവും കുറഞ്ഞിരുന്നു. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍ക്ക് കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുമ്പോഴാണ് ആഗോള വിപണിയില്‍ വില വീണ്ടും ഉയരുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞത് സ്വര്‍ണ ഉപഭോഗത്തില്‍ മുന്നിലെത്താന്‍ ചൈനക്ക് സഹായകമായിരിക്കുകയാണ്. ഉത്സവങ്ങളുടെയും മറ്റും സീസണല്ലാത്തതിനാല്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഇനിയും കുറയുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: