തൊടുപുഴ: സിപിഎം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന എം.എം.മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് രജസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി റേഞ്ച് ഐ.ജി പദ്മകുമാര്‍. വിവിധ കേസുകളിലായി തുടര്‍ അന്വേഷണം നടത്തുമെന്നും ഐ.ജി വ്യക്തമാക്കിയതോടെ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം പുനരന്വേഷണ സാധ്യത ഉടലെടുത്തു.
ഇപ്പോള്‍ അന്വേഷിക്കുന്ന നാലു കേസുകള്‍ക്കു പുറമേ മണി പ്രസംഗത്തില്‍ പറഞ്ഞ ലിസ്റ്റ് തയ്യാറാക്കി കൊന്നവരുടെ കേസുകളെല്ലാം പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവയുടെ കേസ് ഡയറികള്‍ പോലീസ് പരിശോധിച്ചുകഴിഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണഘട്ടത്തില്‍ സാക്ഷികള്‍ കൂറുമാറിയതിനാല്‍ മാത്രമാണ് മിക്ക കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ കോടതികളും കേസുകള്‍ പുനരന്വേഷിക്കുന്നതിനായി അനുമതി നല്‍കിയതോടെ പോലീസിന് കൂടുതല്‍ കാര്യക്ഷമമായി അന്വേഷണം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതിനിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ രൂക്ഷമായി പരിഹസിക്കുന്നതായി എം.എം. മണി നടത്തിയ മറ്റൊരു പ്രസംഗത്തിന്റെ വിവരങ്ങളും വിവാദമാകുന്നു. ആദ്യ വിവാദ പ്രസംഗം നടത്തിയതിന് തലേദിവസം ചിന്നക്കനാലില്‍ നടന്ന പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ്പുറത്തുവന്നിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധം വിവാദമാക്കുന്നതില്‍ വി.എസ് കാരണവര്‍ പദവി വഹിച്ചതായി മണി പ്രസംഗത്തില്‍ പറയുന്നുണ്ട്. ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയതിനെയും മണി വിമര്‍ശിച്ചു. കൊല്ലപ്പെട്ടത് വി.എസിന്റെ അമ്മായി അപ്പനാണോ എന്നായിരുന്നു മണിയുടെ ചോദ്യം.
ചന്ദ്രശേഖരന് ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന വി.എസിന്റെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന് എന്നും മണി ചോദിച്ചു. അതുകൊണ്ടാണ് കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് വിളിച്ചത്. എല്‍ഡിഎഫിനെ ഓര്‍ത്താണ് സിപിഐയെ അടിക്കാത്തത്. അടിക്കുമ്പോള്‍ ചെങ്കൊടിയെന്നൊന്നും ഓര്‍ക്കില്ലെന്നും മണി പ്രസംഗിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: