പെഷവാര്‍: ഭീകരരുമായി ബന്ധമുള്ളതിന്റെ പേരിലാണ് ഡോ. ഷക്കീര്‍ അഫ്രീദിയെ ശിക്ഷിച്ചതെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ ഇസ്ലാമിയെ സഹായിച്ചതിനാണ് അഫ്രീദിയെ ശിക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഷക്കീര്‍ അഫ്രീദിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭീകരസംഘടനയായ ലഷ്ക്കറെ ഇസ്ലാം പ്രതികരിച്ചു. അവസരം കിട്ടിയിരുന്നെങ്കില്‍ അഫ്രീദിയെ തങ്ങള്‍ വധിക്കുമായിരുന്നെന്നും ലഷ്ക്കറെ ഇസ്ലാം വക്താക്കള്‍ പറഞ്ഞു.
അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ യെ സഹായിച്ചതിനാണ് ഡോ. അ്രഫ്രീദിയെ പാക്കിസ്ഥാന് കോടതി 33 വര്‍ഷം ശിക്ഷിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പ്രശ്നത്തില്‍ അമേരിക്ക ശക്തമായി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഭീകര സംഘടനയായ ലഷ്ക്കറെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഡോക്ടറെ ശിക്ഷിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ലഷ്ക്കറെ ഇസ്ലാം നേതാവ് മംഗള്‍ ഭാഗുമായി അഫ്രീദിക്ക് അടുത്ത ബന്ധമുള്ളതായി കോടതി ഉത്തരവില്‍ പറയുന്നു. സംഘടനയ്ക്ക് അഫ്രീദി സാമ്പത്തിക സഹായവും െവൈദ്യസഹായവും നല്കുമായിരുന്നെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, രോഗികളില്‍ നിന്ന് അധികഫീസ് ഈടാക്കിയതിനും അനാവശ്യമായ സര്‍ജറികള്‍ നടത്തിയതിനും ഡോ. ഷക്കീര്‍ അഫ്രീദിയില്‍ നിന്ന് ലഷ്ക്കറെ ഇസ്ലാമി 20 ലക്ഷം രൂപ പിഴ ഇടാക്കിയതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. തങ്ങളെ സഹായിച്ച അഫ്രീദിയുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നീക്കമാണ് അമേരിക്കയുടേത്. അഫ്രീദിക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കന്‍ സെനറ്റര്‍ വ്യക്തമാക്കിയിരുന്നു. അഫ്രീദിയെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നത്തില്‍ കടുത്ത അതൃപ്തി അറിയിച്ച അമേരിക്ക പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: