ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനിലെ കൊഹിസ്ഥാന്‍ ജില്ലയിലെ ഗാഡാ ഗ്രാമത്തില്‍ വിവാഹച്ചടങ്ങിനിടെ പാട്ട് പാടുകയും നൃത്തം വെക്കുകയും ചെയ്ത ആറുപേര്‍ക്ക് വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമുള്പ്പെടെയുള്ളവരെയാണ് വധശിക്ഷക്ക് വിധിച്ചത്.
വിവാഹത്തിനിടെയെടുത്ത മൊബെയില്‍ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമാണ് ഗ്രാമത്തിലെ പുരോഹിതര്‍ വധശിക്ഷ വിധിച്ചത്. വിവാഹിതരല്ലാത്ത സ്ത്രീകളും പുരുഷന്മാരും വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്തുവെന്നും, ഇവിടെ ശക്തമായ ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥന് അബ്ദുള്‍ മജീദ് അഫ്രീദി പറഞ്ഞു.
സംഘത്തിലെ പുരുഷന്മാരെ വധിക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ആ സമയത്ത് ഇവര്‍ ഓടിരക്ഷപ്പെട്ടു. ഈ സമയത്ത് സ്ത്രീകളും രക്ഷപ്പെടുകയാണ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തുന്നതിന് ഒരു സംഘത്തെ താന്‍ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും നല്ല വാര്‍ത്തകള്‍ക്കുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ത്രീകള്‍ അവരുടെ വീടുകളില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹച്ചടങ്ങിനിടെ രണ്ട് ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ അവിഹിതബന്ധം ഉണ്ടായതായി യാതൊരു തെളിവുകളുമില്ലെന്ന് അഫ്രീദി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 943 സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് പാക് മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: