വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ 33 വര്‍ഷത്തെ തടവിന് വിധിച്ച പാക് കോടതിവിധിയെ അമേരിക്ക അപലപിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും യുഎസ് സെനറ്റര്‍ ജോണ്‍ കെറിയും ഷക്കീലിന്റെ വിധിയെ ശക്തമായി അപലപിച്ചു. അദ്ദേഹത്തിനെതിരെയുള്ള നടപടി അനീതിയാണെന്ന് ഹിലരി പറഞ്ഞു. യുഎസ് പാക് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനിടയിലാണ് ഇത്തരമൊരു നടപടി പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇത് യഥാര്‍ത്ഥ സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരുമെന്ന് സെനറ്റര്‍ കെറി പറഞ്ഞു. അദ്ദേഹത്തിന്റെ വിധിയില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും ഹിലരി പറഞ്ഞു. ലോകത്തിലെ മോസ്റ്റ് വാണ്ടഡ് എന്ന ലേബലുള്ള ഒരു ഭീകരനെയാണ് കൊന്നതും അതിനാണ് ഷക്കീലിനെ ഉപയോഗിച്ചതെന്നും ഹിലരി പറഞ്ഞു.
ഇതിനിടയില്‍ ഷക്കീലിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയിരുന്നു. 330 ലക്ഷം ഡോളര്‍ സാമ്പത്തികസഹായമാണ് യുഎസ്നിര്ത്തലാക്കിയത്. അഫ്രീദിക്ക് 33 വര്‍ഷം തടവുശിക്ഷ നല്‍കിയതിനെതിരെ ഒരുവര്‍ഷം പത്ത് ലക്ഷം ഡോളര്എന്ന രീതിയിലാണ് ധനസഹായം വെട്ടിച്ചുരുക്കിയത്. ഇതുസംബന്ധിച്ച് പ്രമേയം യുഎസ് സെനറ്റ് അംഗങ്ങള്‍ പാസാക്കിയിരുന്നു. അഫ്രീദിക്ക് മാപ്പ് കൊടുക്കണമെന്ന യുഎസ് സെനറ്റര്‍മാരുടെ ആവശ്യം പാക്കിസ്ഥാന് തള്ളിയതിനെത്തുടര്‍ന്നാണ് സാമ്പത്തിക സഹായം കുറക്കാന്‍ യുഎസ് തീരുമാനിച്ചത്. അബോട്ടാബാദില്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാജ വാക്സിനേഷന് പരിപാടിയിലൂടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് സാധിച്ചത്.
ഇത്തരത്തിലുള്ള യുഎസ് പാക് നടപടികള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്നതിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. ഈ വിഷയത്തില്‍ പാക് സര്‍ക്കാരുമായി സംസാരിക്കുവാന്‍ വൈതൗസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: