ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കാത്തതിനാല് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി ഇക്കാര്യത്തില്‍ ഇനി ഹര്‍ജി നല്‍കില്ല. ഇന്നലെ പാക് സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിച്ചത്. ഗിലാനിക്കെതിരായ ശിക്ഷയില്‍ അപ്പീലിന് പോകില്ലെന്ന് ഗിലാനിയുടെ അഭിഭാഷകന് എയ്താസ് ആഷാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗിലാനിയെ അയോഗ്യനാക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സ്പീക്കര്‍ നിരാകരിച്ചിരുന്നു. സുപ്രീംകോടതി വിധി സംബന്ധിച്ച് ഗിലാനിയുടെ അടുത്ത നിയമവിദഗ്ധനും രാഷ്ട്രീയ ഉപദേഷ്ടാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് ഹര്‍ജി കൊടുക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച അവസാന ദിവസം ഇന്നലെ ഉച്ചക്കായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞ മാസം 26 നാണ് ഗിലാനിയെ പ്രതീകാത്മകമായി ശിക്ഷിച്ചത്. 2009 വരെ പ്രസിഡന്റ് സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഗിലാനിയെ അയോഗ്യനാക്കേണ്ടെന്ന് കഴിഞ്ഞ 24 നാണ് സ്പീക്കര്‍ മെഹ്മീദ മിര്‍സ പറഞ്ഞത്. സ്പീക്കര്‍ എടുത്ത തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഗിലാനി പ്രതികരിച്ചിരുന്നു. ആദ്യമായാണ് പാക്കിസ്ഥാനില്‍ ജനാധിപത്യം വിജയിക്കുന്നതെന്നും ഗിലാനി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: