വാഷിംഗ്ടണ്‍: ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ 33 വര്‍ഷത്തെ തടവിന് വിധിച്ച പാക് കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുളള സാമ്പത്തിക സഹായം യുഎസ് വെട്ടിച്ചുരുക്കി. 330 ലക്ഷം ഡോളര്‍ സാമ്പത്തികസഹായമാണ് യുഎസ് നിര്‍ത്തലാക്കിയത്. അഫ്രീദിക്ക് 33 വര്‍ഷം തടവ് ശിക്ഷ നല്‍കിയതിനെതിരെ ഒരുവര്‍ഷം 10 ലക്ഷം ഡോളര്‍ എന്ന രീതിയിലാണ് ധനസഹായം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയം യുഎസ് സെനറ്റ് അംഗങ്ങള്‍ പാസ്സാക്കി.
അഫ്രീദിക്ക് മാപ്പ് കൊടുക്കണമെന്ന യുഎസ് സെനറ്റര്‍മാരുടെ ആവശ്യം പാക്കിസ്ഥാന് തള്ളിയതിനെത്തുടര്‍ന്നാണ് സാമ്പത്തിക സഹായം കുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചത്. അബോട്ടാബാദില്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാജ വാക്സിനേഷന് പരിപാടിയിലൂടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎക്ക് കഴിഞ്ഞത്. വാക്സിനേഷന് പരിപാടിയിലൂടെ അബോട്ടാബാദിലെ വസതിയില്‍ വെച്ച് ഒസാമയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് കമാന്‍ഡോ ഓപ്പറേഷന് നടത്തി യുഎസ് സേന ഒസാമയെ വധിച്ചത്.
ആരോഗ്യപരമായി അവശത അനുഭവിക്കുന്ന ഡോ.ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി അടിസ്ഥാനരഹിതമാണെന്നും അത് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിക്കുന്ന ആരും പാക്കിസ്ഥാന് സര്‍ക്കാരിന് എതിരല്ലെന്നും മറിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദയെ എതിര്‍ക്കുന്നവരാണെന്നും പെന്റഗണ്‍ സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ കഴിഞ്ഞി ദിവസം പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞ് അഫ്രീദിയെ ഉടന്‍ വിട്ടയക്കണമെന്ന് ചില അമേരിക്കന്‍ സെനറ്റര്‍മാരും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയ തീരുമാനം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന. നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ സമവായമാകാത്തതും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.
ഇതിനിടയില്‍ ഇന്റര്‍നെറ്റിലൂടെ അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ വിദ്വേഷമുളവാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ തടയുന്നതിനുവേണ്ടി പ്രത്യേക സൈബര്‍ സെല്‍ രൂപീകരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് വ്യക്തമാക്കി.
ഭീകരവാദികള്‍ തുടര്‍ച്ചയായി നടത്തുന്ന ഹാക്കിങ്ങുകള്ക്കും ഇന്റര്‍നെറ്റിലൂടെ ഭീകരവാദ സംഘങ്ങള്‍ അയയ്ക്കുന്ന വൃത്തികെട്ട പ്രചാരണങ്ങളും മറ്റും തടയുക എന്ന ഉദ്ദേശ്യത്തിലാണ് സെന്റര്‍ഫോര്‍ സ്ട്രാറ്റജിക് കൗണ്ടര്‍ ടെററിസം കമ്മ്യൂണിക്കേഷന്‍ (ബിഎസ്സിസി) എന്ന സംഘടനയ്ക്ക് ഈ അടുത്തകാലത്ത് രൂപം നല്‍കിയത്.
ഫോഗി ബോട്ടമിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലാണ് സര്‍ക്കാര്‍ ഏജന്‍സിയുടെ ആസ്ഥാനം. കഴിഞ്ഞ ദിവസമാണ് ക്ലിന്റണ് പുതിയ ഏജന്‍സിയെക്കുറിച്ച് വ്യക്തമാക്കിയത്. അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരവാദ സംഘങ്ങള്‍ യമനി വെബ്സൈറ്റുകളില്‍ നടത്തുന്ന പരസ്യങ്ങളും മതപ്രചാരണവും തടയുക എന്നതാണ് ലക്ഷ്യമെന്ന് ഹിലരി ക്ലിന്റണ് പ്രസംഗത്തില്‍ പറഞ്ഞു.
സിഎസ്സിസിയുടെ സഹായത്താല്‍ ആരാണ് ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തിയതെന്ന് അറിയാന്‍ കഴിയുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യൂലന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
“തങ്ങള്‍ ഈ പദ്ധതിവഴി മറ്റ് സൈറ്റുകള്‍ ചെയ്യുകയല്ലെന്നും തങ്ങള്‍ കള്ളത്തരം ചെയ്യുന്നില്ലെന്നും ഫ്രീ സൈറ്റുകളില്‍ ഫ്രീ ആയിട്ടും യൂടൂബ് പോലുള്ള തുക അടച്ച് ചെയ്യാവുന്ന സൈറ്റുകളില്‍ അവര്‍ പറയുന്ന തുക അടച്ചുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.
യുഎസിന്റെ അണ്ടര്‍ സെക്രട്ടറി ഫോര്‍ ഡിപ്ലോമസി ആന്റ് പബ്ലിക് അഫയേഴ്സിനും വിദേശകാര്യമന്ത്രാലയത്തിനും കീഴിലാണ് സിഎസ്സിസി പ്രവര്‍ത്തിക്കുന്നത്. അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള വിവിധ ഭീകരവാദ സംഘടനകളുടെ അതിരുകടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും തടയുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സിഎസ്സിസി രൂപീകൃതമായത്.
യമനി സൈറ്റുകള്‍ ഉള്‍പ്പെടെ ഏത് വെബ്സൈറ്റുകളിലും ഭീകരവാദികള്‍ എന്തെങ്കിലും അയയ്ക്കുകയാണെങ്കില് അത് കണ്ടെത്താന്‍ കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ശവപ്പെട്ടികള്‍ അമേരിക്കന്‍ പതാക ഉപയോഗിച്ച് പൊതിഞ്ഞ ചിത്രങ്ങള്‍ ഇത്തരം സൈറ്റുകളില്‍ വന്നത് സംബന്ധിച്ച് ക്ലിന്റണ് പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ന്യൂലന്റ്. ഈ സംഭവത്തിന് മറുപടിയായി യമനികള്‍ അല്‍ഖ്വയ്ദ ഭീകരവാദികളുടെ കൈകളില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണിക്കാനായി ശവപ്പെട്ടിയില്‍ യമനി പതാക പൊതിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തിരുന്നതായും അവര്‍ വെളിപ്പെടുത്തി. യമനികള്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളായി മരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സാധാരണ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നതും ഇതില്‍ ഉള്‍പ്പെടുമെന്ന് ന്യൂലാന്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: