വാഷിംഗ്ടണ്‍: അഫ്ഗാന് പ്രശ്നത്തില്‍ പരിഹാരം കാണാന്‍ പാക് സര്‍ക്കാരുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി അറിയിച്ചു. ഭീകരവാദം ഉള്‍പ്പെടെ പാക്കിസ്ഥാ നുമായി എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ അഫ്ഗാന് തയ്യാറാണെന്നും ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാനും പങ്കുചേരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കി സ്ഥാനുമായി അഫ്ഗാന് സര്‍ക്കാരിന് നല്ല ബന്ധ മാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
പാക്കിസ്ഥാനില്‍ ഹഖാനി ശൃംഖല ഉള്‍പ്പെടെ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ സംശയമില്ലെന്നും, ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാന്‍ പാക്ഭരണകൂടത്തിന്റെ സഹായം ആവശ്യമാണെന്നും തുറന്ന ചര്‍ച്ചയിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും കര്‍സായി പറഞ്ഞു. പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുമായി ഇക്കാര്യത്തില്‍ ഉടന്‍ കൂടിക്കാഴ്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക-പാക് ബന്ധം മെച്ചപ്പെടണം. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലേക്കുള്ള നാറ്റോ ട്രക്കുകള്‍ക്കുള്ള റൂട്ട് പാക്കിസ്ഥാന് പുനഃസ്ഥാപിക്കാത്തതാണ് പാക്-യുഎസ് ബന്ധം വഷളാകുവാന്‍ കാരണം. കഴിഞ്ഞ നവംബറിലുണ്ടായ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് നാറ്റോ പാത അടച്ചിടുന്നത്. രണ്ടു ദിവസമായി ചിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. നാറ്റോ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാത്തതിനാല്‍ സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒബാമ കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: