കഴിഞ്ഞ പത്തുകൊല്ലക്കാലത്ത് കേരളം എന്ന ചെറിയ ?ഭൂപ്രദേശത്ത് ഉണ്ടായ ഏക വികസന പ്രവര്‍ത്തനം കെട്ടിട നിര്മ്മാണമാണല്ലൊ. അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന പാര്‍പ്പിട പ്രശ്നത്തിനും, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്നത്തിനും ഒരു പരിഹാരമായി നമ്മുടെ ആസൂത്രണ വിദഗ്ധന്മാരും ?ഭരണ കര്‍ത്താക്കളും ചൂണ്ടിക്കാണിച്ച ഒരു പദ്ധതിയാണ് കെട്ടിട നിര്‍മ്മാണം. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ രണ്ടു പ്രശ്നങ്ങള്‍ക്കും കാര്യമായ യാതൊരു പരിഹാരവും ഉണ്ടാക്കാന്‍ വന്‍തോതിലുളള കെട്ടിട നിര്‍മ്മാണം കൊണ്ട് സാധിച്ചിട്ടില്ല. മറിച്ച് നിര്‍മ്മാണ മേഖലക്കാവശ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ സമാഹരിക്കാന്‍ വേണ്ടി പ്രകൃതി വിഭവങ്ങളെ ലക്കും ലഗാനുമില്ലാതെ ചൂഷണം ചെയ്തതുമൂലം അപരിഹാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംജാതമാകുകയും ചെയ്തതു. നിലവിലുളള എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടുളള പാറപൊട്ടിക്കലും, പുഴമണല്‍ ഖാനനവും ഇന്നു കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ്. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും, അമിതമായ മണല്‍ കൊളളക്കും അറുതിവരുത്തിയില്ലെങ്കില്‍ കേരളത്തില്‍ മനുഷ്യ ജീവിതം അത്യന്തം ദുരിതപൂര്ണ്ണമാകുമെന്നതില് സംശയം വേണ്ട.
രാജ്യത്തിന്റെ ഏറ്റവും തെക്കെയറ്റത്ത് നീണ്ടുനിവര്‍ന്ന് കിടക്കുന്ന സഹ്യാദ്രിയ്ക്കും, സമുദ്രത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന കേരളത്തെ എക്കാലത്തും സസ്യശ്യാമളവും ജലസമൃദ്ധവുമാക്കി നിലനിര്‍ത്തിയിട്ടുളളത് ഇവിടെയുളള വലുതും ചെറുതുമായ നദികളാണ്. എന്നാല്‍ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടായി വന്‍തോതിലുളള കെട്ടിടനിര്മ്മാണങ്ങള്ക്കുവേണ്ടി ലക്ഷക്കണ ക്കിന് ടണ്‍ മണലാണ് ഈ പുഴകളില്‍ നിന്നും വാരിയെടുത്തിട്ടുളളത്. യാതൊരു നിയന്ത്രണവുമില്ലാതെയുളള ഈ മണല്‍ ഖാനനം നമ്മുടെ പുഴകള്‍ക്കു വരുത്തിവച്ച ചേതം ചില്ലറയൊന്നുമല്ല. കൃഷിക്ക്, കുടിവെളളത്തിന്, വൈദ്യുതോ ല്‍പാദനത്തിന്, മത്സ്യക്കൃഷിക്കൊക്കെ ഉപകരിച്ചിരുന്ന നമ്മുടെ പുഴകള്‍ ഇന്ന് അത്തരം ധര്‍മ്മങ്ങളൊന്നും നിര്‍വ്വഹിക്കാനാകാതെ ഊര്‍ദ്ധ്വശ്വാസം വലിച്ചുകിടക്കുകയാണ്.
അശാസ്ത്രീയവും അമിതവുമായ മണല്‍വാരല്‍ മണല്‍ കൊളളയുടെ കിരാത രൂപം പൂണ്ട് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങിയപ്പോഴുയര്ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണല്ലൊ മണല്‍ വാരല്‍ നിയന്ത്രണവും പുഴ സംരക്ഷണവും നിയമം കേരള നിയമ സഭ? അംഗീകരിച്ചത്. നിയമം പാസ്സാക്കിയപ്പോള്തന്നെ അതിലെ അപര്യാപ്തതകളെയും, പോരായ്മക ളെയും പരിസ്ഥിതി, നദീസംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിച്ച് നിയമത്തെ ബലപ്പെടുത്തി നദികളെ മണല്‍ കൊളളക്കാരില്‍ നിന്നും രക്ഷിക്കാന്‍ മാറി മാറിവന്ന ഒരു സര്‍ക്കാരും ശ്രദ്ധിച്ചില്ല. തല്‍ഫലമായി നിയമത്തിലുളള പഴുതുകളുപയോഗിച്ച് വര്‍ദ്ധിച്ച തോതിലുളള മണല്കൊളള നിര്‍ബ്ബാധം നടക്കുന്നു. പുഴകളും ജലാശയങ്ങളും രക്ഷപ്പെട്ടതു മില്ല. വീടുവക്കാന്‍ ഇത്തിരി മണലിനുവേണ്ടി നടക്കുന്ന സാധാരണക്കാരന് പരമാവധി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിന്നുളളത്. മണല്‍ കൊളള ഇന്ന് വരിയൊരു ഗൂഢസംഘത്തിന്റെ നിയന്ത്രണത്തിലാണ്. എല്ലാതലത്തിലുമുളള രാഷ്ട്രീയ നേതൃത്വവും, ഉദ്യോഗസ്ഥന്മാരും ഈ മാഫിയയുടെ നീരാളിപ്പിടുത്തത്തിലമര്‍ന്നു കഴിഞ്ഞിരിക്കുന്നു.
നിലവിലുളള നിയമങ്ങള്‍ പോലും കര്‍ശനമായി നടപ്പിലാക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നുമില്ല,അതോ ഇങ്ങനെയൊക്കെ മതിയെന്നു വിചാരിച്ചിട്ടാണൊ? ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ സംശയം ന്യായമാണെന്നു തോന്നാം. അധികാര വികേന്ദ്രീകരണത്തിന്റെ ?ഭാഗമായി മണല്‍ വാരല്‍ നിയന്ത്രണം, മറ്റുപല വിഷയങ്ങളിലുമെന്നപോലെ തദ്ദേശ സ്വയം?ഭരണ സ്ഥാപനങ്ങളെ ഏല്പിച്ചത് വന്‍തോതിലുളള അഴിമതിക്കും, നിയമലംഘനത്തിനും വഴിവച്ചിട്ടുണ്ട്.
1. തദ്ദേശ സ്വയംഭരണ അധികാരികള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കത്തക്ക തരത്തിലുളള സത്യവാങ്മൂലമാണ് സമര്‍പ്പിക്കുന്നത്. പാലങ്ങള്‍, കുളിക്കടവുകള്‍, ജലസേചന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ ഉണ്ടായിരിക്കേണ്ട ദൂരപരിധി പാലിക്കാതെയാണ് മണല്‍ കടവുകള്‍ അനുവദിക്കുന്നത് എന്ന വസ്തുത ആര്‍ക്കും നേരിട്ടു പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്. നിലവിലുളള വ്യവസ്ഥകള്‍ അനുസരിച്ചാണെ ങ്കില്‍ പെരിയാറില്‍ കാലടി പാലത്തിന് പടിഞ്ഞാറോട്ട് ഒരൊറ്റ മണല്‍ കടവും അനുവദിച്ചുകൂടാത്തതാണ്. എന്നാല്‍ ഇവിടെ കടവുകള്‍ – അധികൃതവും അനധികൃതവും – എത്രയുണ്ടെന്ന് ഒരു പഞ്ചായത്ത്/ മുസിസിപ്പല്‍ അധികാരികള്‍ക്കും നിശ്ചയമില്ല.
2. മണലിന്റെ ലഭ്യതയെക്കുറിച്ചും, ഓരോ വര്‍ഷവും വാരിയെടുക്കാവുന്നതിന്റെ അളവിനെക്കുറിച്ചും കോടതി നിയോഗപ്രകാരം പഠനം നടത്തിയ സെസിന്റെ പഠന റിപ്പോര്‍ട്ടും ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന്റെ അഭാവത്തില്‍ തദ്ദേശ സ്വയം?ഭരണ സ്ഥാപനങ്ങള്‍ അനധികൃത മണല്‍ കൊളളക്ക് കൂട്ടു നില്‍ക്കുകയാണ്. നിയമാനുസൃതം അനുവദിച്ചിട്ടുളള കടവുകളില്‍ നിന്നും എത്ര മണല്‍ വാരിക്കൊണ്ടു പോകുന്നു, എന്തു വിലക്ക് വില്‍ക്കുന്നു എന്നൊന്നും ഈ ജനാധിപത്യ വ്യവസ്ഥയിലെ യജമാനന്മാരായ പൊതുജനത്തിന് യാതൊരറിവുമില്ല, അറിയാനൊട്ടു വഴിയുമില്ല അറിഞ്ഞിട്ടും വലിയ പ്രയോജനവുമില്ല.
3. പുഴ ജലാശയങ്ങള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ വിട്ടു മാത്രമെ സ്ഥിരമായ നിര്‍മ്മിതികള്‍ പാടുളളു എന്ന വ്യവസ്ഥപോലെ ലംഘിക്ക പ്പെടുന്ന മെറ്റാരു നിയവുമുണ്ടെന്നു തോന്നുന്നില്ല. ആലുവ നഗരാതിര് ത്തിക്കുളളില് സര്‍ക്കാരിന്റെ ?ഭാഗമായ ജില്ലാ ടൂറിസം വികസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുഴയുടെ സ്വന്തം സ്ഥലം നികത്തി ഒരു ഹോട്ടല്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നു. പുഴയില്‍ നല്ലതുപോലെ വെളളം ഉയര്‍ന്നാല്‍ ഈ കെട്ടിടത്തില്‍ വെളളം കയറും (ഇതു തെളിയിക്കുന്ന ചിത്രം ഈ ലേഖകന്റെ പക്കല്‍ ഉണ്ട്)). ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരമോന്നത നീതി പീഠത്തിന്റെ പരിഗണനക്കിരിക്കുന്നതിനാല് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. നഗരപരിധിക്കുളളില്‍ പുഴയുടെ കുഞ്ഞോളങ്ങളുടെ പരിലാളനകളേറ്റ് എത്ര കൂറ്റന്‍ ഫ്ലാറ്റുകളുണ്ട്, അവിടെയൊക്കെ എത്രപേര്‍ താമസിക്കുന്നുണ്ട് എന്നൊക്കെ കൃത്യമായി പറയുവാന്‍ ആര്‍ക്കെങ്കിലും കഴയുമൊ. ഇവിടെ നിന്നൊക്കെയുളള വിസര്‍ജ്യ വസ്തുക്കള്‍ യാതൊരു സംസ്ക്കരണവും കൂടാതെ നേരെ പെരിയാറിലേക്കാണ് ഒഴുകുന്നതെന്ന വസ്തുത അധികമാരും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് ചിലപ്പോള്‍ തോന്നും.
4. കേരളത്തിലെ തണ്ണീര്‍ തടങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ കേന്ദ്രത്തിന് നമ്മുടെ സര്‍ക്കാര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നറിയുന്നു. 2010-ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഇതു സമര്‍പ്പിക്കേണ്ടത് ഒരുവര്‍ഷം മുമ്പായിരുന്നു. കേരളത്തിലെ ഏറ്റവും വിസ്തൃതമായ, ലോകം അംഗീകരിച്ചിട്ടുളള ജൈവ വൈവിദ്ധ്യ കലവറയായ വേമ്പനാട്ടു കായല്‍ ഇന്ന് കയ്യേറ്റക്കാരുടെ ദയാദാക്ഷിണ്യത്തിലാണ് നിലനില്‍ക്കുന്നത്. തണ്ണീര്‍ത്തടങ്ങളുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുമ്പോഴേക്കും വേമ്പനാട്ടുകായല്‍ ബാക്കിയുണ്ടാകുമൊ എന്ന് ഈ ലേഖകന്‍ സംശയിക്കുന്നു. ഇതുതന്നെയാണ് കേരളത്തിലെ ചെറുതും വലുതുമായ കുളങ്ങളുടെയും ചിറകളുടെയും മറ്റുകായലുകളുടെയും സ്ഥിതി.
5. അനധികൃതമായി വാരിക്കൊണ്ടുപോകുന്ന മണല്‍ പോലീസ് പിടിച്ചെടുത്താല്‍ അത് തിരികെ പുഴയില്‍ തന്നെ നിക്ഷേപിക്കണമെന്ന് പല പ്രാവശ്യം ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇതും ഇവിടെ, മറ്റു പല കോടതി ഉത്തരവുകളേയും പോലെ, ചവറ്റു കുട്ടയില്‍ ഇടുകയാണ് അധികാരികള്‍ ചെയ്തിട്ടുളളത്.
നമ്മുടെ പുഴകളെ ആര് രക്ഷിക്കും?
പുഴകളുടെയും, ജലാശയങ്ങളുടെയും നീര്‍ത്തടങ്ങളുടെയും നാശത്തില്‍ ആര്‍ക്കും കാര്യമായ വ്യാകുലതയൊന്നും ഉളളതായി കാണുന്നില്ല. ഇതൊക്കെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും തികഞ്ഞ അനാസ്ഥ കാണിക്കുകയും പരമാവധി ചൂഷണത്തിനു കൂട്ടു നില്‍ക്കുകയും ചെയ്യുന്നു എന്നത് പകല്‍പോലെ സത്യമാണ്.
പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി
(കേരള നദി സംരക്ഷണ സമിതി
പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: