കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണ പദ്ധതികള്‍ക്ക് ഏതാണ്ട് നഗരസഭയോളം പഴക്കമുണ്ട്. കോടികള്‍ പലപല പദ്ധതികള്‍ക്കായി ചെലവഴിച്ചെങ്കിലും നാളിതുവരെ നഗരവാസികള്‍ക്കും നഗരത്തില്‍ വന്നുപോകുന്നവര്‍ക്കും കാലവര്‍ഷക്കാലങ്ങളിലെ നഗരവെള്ളക്കെട്ടില്നിന്നും മോചനം കിട്ടിയിട്ടില്ല. മഴ തുടങ്ങിയാല്‍ നഗരത്തിലെ റോഡുകളും ഓടകളും കക്കൂസ് മാലിന്യമടക്കമുള്ള മലിനജലത്താല്‍ നിറയും. ജനങ്ങള്‍ ഈ വെള്ളത്തിലൂടെയാണ് കാലിട്ടടിച്ച് നടന്നുനീങ്ങുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം ഓടകളും കാനകളും തോടുകളും അടഞ്ഞ് നഗരം വെള്ളക്കെട്ടിലാകുന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി പതിവാണ്. അതോടെ സ്വകാര്യ ബസ് സര്‍വീസുകളും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും യാത്ര നിര്‍ത്തും. ജനം കഷ്ടത്തിലാകും. മറ്റ് നഗരങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളാണ് മഴവെള്ളത്തിനടിയിലാകുന്നത്.
എന്നാല്‍ കൊച്ചിയില്‍ മാത്രം ഉയര്‍ന്ന പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നത് ഇവിടത്തെ വെള്ളക്കെട്ട് നിവാരണ പദ്ധതി നടത്തിപ്പിലെ അഴിമതി മൂലമാണ് പഞ്ചവത്സര പദ്ധതികള്‍ 12 ആയെങ്കിലും കൊച്ചിയിലെ വെള്ളക്കെട്ട് മാത്രം തീര്ക്കാനായില്ലെന്നത് ഭരണം നടത്തിയ മുന്നണികളുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ്. ഇതില്‍ നഗരഭരണം ദീര്‍ഘനാള്‍ കൈയാളിയ എല്‍ഡിഎഫിന് കൊച്ചിയുടെ ഈ ദുരവസ്ഥയില്‍നിന്ന് കൈകഴുകാനാവില്ല. നഗരത്തിലെ വെള്ളക്കെട്ടിനെക്കുറിച്ച് 1997ല്‍ സമഗ്രമായ ചര്‍ച്ച നടത്തി ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ നഗരത്തിലെ അന്നത്തെ അമ്പത് വാര്‍ഡുകളിലെയും പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടതാണ്. എന്നാല്‍ നഗരസഭയുടെ ആത്മാര്‍ത്ഥമായ ഇടപെടലില്ലാതെ പോയതാണ് ഇന്നത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം. ഇതുമൂലം കാലവര്‍ഷക്കാലങ്ങളില്‍ നഗരം ജലജന്യ രോഗങ്ങളുടെ പിടിയിലാണ്. വെള്ളക്കെട്ട് തുടങ്ങിയാല്‍ ഖരമാലിന്യങ്ങള്‍ നഗരത്തിലെ പ്രധാന റോഡുകളില്‍പ്പോലും ഒഴുകി നടക്കും. കാനകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന കറുത്ത വെള്ളം റോഡിലൂടെയും നടപാതയിലൂടെയും മഴവെള്ളവുമായി കലര്‍ന്ന് ഉയര്‍ന്നുപൊങ്ങും. മെട്രോ നഗരമായി വളരുന്ന കൊച്ചി വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ പിന്നോട്ടടിക്കുന്നത് വികസന പ്രക്രിയയ്ക്ക് തടസമാണ്.
കൊച്ചി നഗരം ഒരു മീറ്റര്‍ മുതല്‍ 7.5 മീറ്റര്‍വരെ സമുദ്രനിരപ്പില്‍നിന്നും ഉയര്ന്നുകിടക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറും കിഴക്കും മേഖലകളില്‍ വെള്ളം ഒഴുകിപ്പോകാവുന്ന വലിയ കാനകളുണ്ടെങ്കിലും അവയുമായി ബന്ധിപ്പിക്കുന്ന മറ്റ് കാനകള്‍ അപര്യാപ്തമാണെന്നതിനാലും അവ കൈയേറി ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയിരിക്കുന്നതിനാലും ചെറിയ മഴയ്ക്കുപോലും നഗരം വെള്ളക്കെട്ടിലാണ്. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗവും റവന്യൂ വിഭാഗവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും അഴിമതിക്ക് അടിമപ്പെട്ടിരിക്കുന്നതും കാനകളുടെ പ്രവര്‍ത്തനം കൂടുതല്‍ നാശോന്മുഖമാകുവാന്‍ കാരണമായിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സമയാസമയങ്ങളില്‍ കാനകള്‍ വൃത്തിയാക്കുന്നതിലും ആഴം കുട്ടുന്നതിലും നഗരസഭ പരാജയപ്പെട്ടിരിക്കുന്നു. കോരിയ ചെളി കാനയുടെ ഓരങ്ങളില്‍ നിക്ഷേപിക്കുന്നതുമൂലം അടുത്ത മഴയ്ക്ക് അത് കാനകളില്ത്തന്നെ എത്തിച്ചേരുന്നു.
നഗരത്തിലെ ജലപാതകളുടെ ശൃംഖലകള്‍ കായലുമായി ബന്ധിപ്പിക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം പരാജയപ്പെട്ടിരിക്കുകയാണ്. നഗരത്തിന്റെ മൊത്തം ചരിവും ഒഴുകിയെത്താവുന്ന വെള്ളത്തിന്റെ അളവും തിട്ടപ്പെടുത്തി വലിയ കാനകളുടെയും ചെറിയ കാനകളുടെയും ചരിവ് ക്രമീകരിക്കുന്നതിന് നഗരസഭയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ കെട്ടിടം വയ്ക്കുവാന്‍ അനുമതിക്കായി അപേക്ഷ കിട്ടിയാല്‍ ഈ നിര്‍മ്മിതി നിയമാനുസൃതമാണോ എന്നോ, പുറമ്പോക്ക് കൈയേറിയതാണോ, കാന കൈയേറിയതാണോ എന്നും വെള്ളക്കെട്ടിന് വഴിവയ്ക്കുന്നുണ്ടോ എന്നും വിലയിരുത്തുവാനും നടപടി സ്വീകരിക്കുവാനും ഉത്തരവാദപ്പെട്ട വകുപ്പുകള്‍ തയ്യാറായിട്ടില്ല. മറിച്ച് അഴിമതിയില്‍ മൂക്കുകുത്തി പൊതുസംവിധാനങ്ങളായ കാനകളുടെയും തോടുകളുടെയും നീരൊഴുക്കിന് തടസം വരുത്തി കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്കി നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കിയിരിക്കയാണ്. ഉദ്യോഗസ്ഥതലത്തിലെ അഴിമതി നിയന്ത്രിക്കേണ്ട ജനകീയ ഭരണസംവിധാനങ്ങളും തികഞ്ഞ പരാജയമായതിനാലാണ് കാലമേറെയായിട്ടും മഴക്കാലങ്ങളില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ നിശ്ചലമാകുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും ചതുപ്പുകളും കുളങ്ങളും കായലോരങ്ങളും നികത്തുകയും റിയല്‍എസ്റ്റേറ്റ് ബിസിനസിന് കൂട്ടുനില്‍ക്കുകയും ചെയ്ത നഗരഭരണം അശാസ്ത്രീയമായ രീതിയിലാണ് വികസനം കൊണ്ടുവന്നത്.
പാടശേഖരങ്ങള്‍ നികത്തിയും വെള്ളത്തിന്റെ ഒഴുക്കിന് തടസം വരുത്തി റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ചും, നിര്‍മിക്കുവാന്‍ അനുമതി നല്‍കിയും നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കി. കാലങ്ങളായി നഗരസഭാ ഭരണം ജനങ്ങളോടൊപ്പം നില്‍ക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്തുവാന്‍ കൂട്ടുനില്‍ക്കുകയും അവരോടൊത്ത് അഴിമതിയില്‍ പങ്കുചേരുകയും ചെയ്തപ്പോള്‍ നഗരവികസനം വെള്ളക്കെട്ടില്‍ എത്തിനില്‍ക്കുന്നു. നഗരത്തിനകത്തെ കലുങ്ക് നിര്‍മ്മാണങ്ങളും കാന ആഴംകൂട്ടല്‍ പരിപാടികളും മാസങ്ങളായി ഗതാഗതതടസവും ജനങ്ങള്‍ക്ക് മാര്‍ഗതടസവും സൃഷ്ടിച്ച് നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മഴക്കാലമടുത്തിട്ടും പണികള്‍ എന്ന് തീരുമെന്നൊന്നും യാതൊരു നിശ്ചയവുമില്ല.
കൊച്ചി നഗരത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് പ്രദേശം, നോര്‍ത്ത് ടൗണ്‍ഹാള്‍-റെയില്‍വേ സ്റ്റേഷന് പ്രദേശം, രവിപുരം, പാലാരിവട്ടം, മട്ടാഞ്ചേരി-കൂവപ്പാടം പ്രദേശം, താമരപ്പറമ്പ് പ്രദേശം, പള്ളുരുത്തി പ്രദേശം എന്നിവിടങ്ങളില്‍ മഴക്കാലങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് ഇന്നും ഉണ്ടാകുന്നുണ്ട്. ജനങ്ങള്‍ വഴിയില്‍ കുടുങ്ങുന്ന അവസ്ഥയാണിവിടങ്ങളില്‍. മുട്ടുവരെ വെള്ളം പൊങ്ങുന്ന സ്ഥിരം സംഭവങ്ങള്‍ ഇവിടങ്ങളിലുണ്ട്. നഗരത്തില്‍ ജനങ്ങള്‍ യാത്ര ചെയ്യുവാനും മഴക്കാലങ്ങളില്‍ സുരക്ഷിതമായി നടക്കുന്നതിനുപോലും ഭയപ്പെടുകയാണ്. റോഡും കാനയും വെള്ളംപൊങ്ങി ഒന്നാകുമ്പോള്‍ കാനയ്ക്ക് മുകളിലെ മാറിക്കിടക്കുന്ന സ്ലാബുകള്‍ പലപ്പേഴും ജനങ്ങളെ അപകടത്തില്‍പ്പെടുത്താറുണ്ട്. ഇത്തരം അനേകം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും മനസ്സാക്ഷിയില്ലാത്ത നഗരസഭാ ഭരണവും ഉദ്യോഗസ്ഥ മേധാവിത്വവും വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനത്തില്‍ അനങ്ങാപ്പാറനയവും അശാസ്ത്രീയ സമീപനവുമായി മുന്നോട്ടുപോകുകയാണ്. ചില കാര്യങ്ങളില്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഇടപെടലുകള്‍ എഞ്ചിനീയറിന്റെ ബാലപാഠങ്ങള്‍പോലും അറിയാത്ത രീതിയിലാണ്. പ്രശ്നത്തിന്റെ രൂക്ഷത അറിഞ്ഞുകൊണ്ട് നഗരത്തിലെ വെള്ളക്കെട്ട് നിലനിര്‍ത്തുവാനുള്ള പരിശ്രമവുമായി നഗരസഭ മുന്നോട്ടുപോകുന്നതായിട്ടാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ഇത് ജനദ്രോഹപരമായ സമീപനമാണ്.
നഗരത്തിലെ പ്രധാന തോടുകളായ ഇടപ്പള്ളിതോട് (19.6 കി.മീറ്റര്‍), പുഞ്ചത്തോട് (രണ്ട് കി.മീറ്റര്‍), തേവര-പേരണ്ടൂര്‍ കനാല്‍ (9.2 കി.മീറ്റര്‍), മുല്ലശ്ശേരി കനാല്‍ (1.4 കി.മീറ്റര്‍), തേവര-ചമ്പക്കര കനാല്‍ (4 കി.മീറ്റര്‍), വൈറ്റില കാരണക്കോടം തോട് (5 കി.മീറ്റര്‍), ചങ്ങാടം പോക്ക്തോട് (3 കി.മീറ്റര്‍) എന്നിവ കൈയേറി വീതി കുറച്ചതും മാലിന്യമടിഞ്ഞ് ആഴം കുറഞ്ഞതും, ശാസ്ത്രീയമായി ചരിവ് ക്രമീകരിക്കാത്തതുമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഇതുകൂടാതെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി മേഖലകളിലെ രാമേശ്വരം കനാല്‍, കല്‍വത്തി കനാല്‍ മാന്ത്രത്തോട്, ചെറളായി തോട്, പുല്ലാരത്തോട്, കെഎംവി തോട്, കണ്ണങ്ങാട്ട് തോട്, കട്ടത്തറ തോട്, ആറനാട്ട് തോട്, പഷ്ണിത്തോട് എന്നിവയെല്ലാം ശരിയായി സംരക്ഷിക്കപ്പെടാതെ അവഗണിക്കപ്പെട്ട അവസ്ഥയിലായതുകൊണ്ട് പശ്ചിമകൊച്ചി കാലവര്‍ഷക്കാലങ്ങളില്‍ വെള്ളക്കെട്ടിന്റെ പിടിയിലും, കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ച്ചയായി ടൈഫോയ്ഡിന്റെ പിടിയിലുമാണ്. ജനസാന്ദ്രത ഏറെക്കൂടുതലുള്ള പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് സാധാരണക്കാരില്‍ അതിഭീകരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
നഗരത്തിലെ പ്രധാന തോടുകളില്‍ ഇടപ്പള്ളി തോറും, പേരണ്ടൂര്‍ കനാലുമായിരിക്കും ഏറ്റവും കൂടുതല്‍ കൈയേറി ഇല്ലാതാക്കിയിരിക്കുന്നത്. നഗരസഭയുടെ കിഴക്ക് ഭാഗത്തുനിന്നും ആരംഭിച്ച് ഇടപ്പള്ളി വഴി പേരണ്ടൂര്‍ പുഴയുമായും ഒരു ശാഖ ചമ്പക്കര കനാലുമായി ബന്ധിച്ച് തേവര പുഴയുമായും ചേരുന്ന 19.6 കി.മീറ്റര്‍ നീളമുള്ള ഇടപ്പള്ളി തോട് നഗ്നമായ കൈയേറ്റത്തിന് അടിമയായിരിക്കയാണ്. റവന്യൂ വകുപ്പും നഗരസഭയും ജില്ലാ ഭരണകൂടവും ഇൗ കൈയേറ്റത്തിന് ഒരുപോലെ ഉത്തരവാദികളാണ്. ഇതുമൂലം ഒഴിക്കില്ലാതായ കനാലില്‍ നഗരത്തിനകത്ത് കിലോമീറ്ററുകളോളം ഇടപ്പള്ളി കനാലിലെ വെള്ളം കെട്ടിക്കിടക്കുന്നതിനും കൊതുകിന്റെ പ്രജനന കേന്ദ്രവുമായി മാറിയിരിക്കയാണ്. ഇതുപോലെ തന്നെയാണ് നഗരത്തിലെ മറ്റ് തോടുകളുടെയും ഉപതോടുകളുടെയും കനാലുകളുടെയും ജലപ്പാതകളുടെ ശൃംഖലകളുടെയും അവസ്ഥ. കറുത്തിരുണ്ട ദുര്‍ഗന്ധം വമിക്കുന്ന മലിനജലം നഗരത്തെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
നഗരം കൊതുക് പടയുടെ പിടിയിലമര്ന്നതിനും പ്രധാന കാരണം തോടുകളിലെ ഒഴുക്കിനുണ്ടായ തടസം തന്നെയാണ്. തേവര-പേരണ്ടൂര്‍ കനാലിന്റെ 40 മീറ്റര്‍ വീതി പുനഃസ്ഥാപിക്കുകയും ആഴം കൂട്ടുകയും ഒഴുക്ക് പുനഃസ്ഥാപിക്കുകയും വേണം. നഗരസഭ വെള്ളക്കെട്ടിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചുവോ എന്നതല്ല കാര്യം പ്രശ്നം പരിഹരിക്കപ്പെട്ടുവോ എന്നതാണ്. തോടുകളുടെ ആഴം കൂട്ടുന്നതിന് മുമ്പ് ശാസ്ത്രീയ പഠനം ആവശ്യമാണ്. വന്‍കിടക്കാര്‍ നടത്തിയിട്ടുള്ള പുറമ്പോക്ക്, തോട്, കായല്‍തീര കൈയേറ്റങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കുന്നതിനും നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നതിനും നടപടി സ്വീകരിച്ചില്ലെങ്കില്‍ നഗരം വെള്ളക്കെട്ടിന് മുന്നിലും കൊതുക് പടയ്ക്ക് മുന്നിലും വരും കാലങ്ങളിലും കീഴടങ്ങുകയായിരിക്കും ഫലം. പുതിയ നഗരസഭ ശാസ്ത്രീയമായി, അഴിമതിരഹിതമായി, സുതാര്യമായി വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ ഇടപെട്ടില്ലെങ്കില്‍ കാലവര്‍ഷക്കാലത്ത് നഗരം വെള്ളത്തില്‍ മുങ്ങും.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: