കാഠ്മണ്ഡു: ലോകത്ത് ഒരു ഭാഷ നിലനില്‍ക്കുന്നത് ഒരാള്‍ക്കുവേണ്ടി മാത്രമോ? പടിഞ്ഞാറന്‍ നേപ്പാളിലെ കുസന്ഡ ഭാഷയ്ക്കാണ് ഈ വിധി. എന്നാല്‍ ഭാഷയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എഴുപത്തിയഞ്ചുകാരിയായ ഗ്യാനിമയ്യ സെന്നാണ് കുസന്ഡ സംസാരിക്കുന്ന ഏക വ്യക്തി. കുസന്ഡ ഭാഷ സംസാരിക്കുന്നവര്‍ നേപ്പാളി സമൂഹത്തില്‍ അധഃകൃതരാണെന്ന തിരിച്ചറിവാണ് ഗ്യാനിയുടെ മക്കളെ ഈ ഭാഷ സംസാരിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നത്.
നൊമാഡ ഗോത്രവര്‍ഗക്കാരാണ് കുസന്ഡ ഭാഷ സംസാരിച്ചിരുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിഭാഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കായി ചിന്നിച്ചിതറിയപ്പോള്‍ ഭാഷമൂലം തിരിച്ചറിയപ്പെടാതിരിക്കാന്‍ കുസന്ഡ ഭാഷ സംസാരിക്കുന്നത് നിര്‍ത്തിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് ത്രിഭുവന്‍ സര്‍വകലാശാല ഭാഷാവിഭാഗം മേധാവി മാധവ് പ്രസാദ് പൊക്രാല് അറിയിച്ചു. കാലക്രമേണ നൊമാഡകള് ഉന്നതകുല നാമമായ തക്കൂരി പേരിനൊപ്പം സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
കുസന്ഡ ഭാഷക്കാര്‍ പിന്നീട് അന്യസമുദായക്കാരെ ജീവിതപങ്കാളികളായി സ്വീകരിച്ചുപോന്നു. ഗ്യാനി മയ്യയെ വിവാഹം കഴിച്ചതും അന്യസമുദായക്കാരനാണ്. യാതൊരു ഉപയോഗവുമില്ലാത്ത ഒരു ഭാഷ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഗ്യാനിയുടെ മകനായ പ്രേം ബഹാദുര്‍ പന് പറഞ്ഞു. എന്നാല്‍ ഭാഷ സംരക്ഷിക്കാനുള്ള നടപടികള്‍ സന്തോഷം പകരുന്നതായും അദ്ദേഹം അറിയിച്ചു.
കാഠ്മണ്ഡുവിന് 300 കിലോമീറ്ററുകള്‍ക്കപ്പുറം ദാങ്ങ് ജില്ലയില്‍നിന്നും ഗവേഷകനായ ഭോജ്രാജ് ഗൗതം കുറച്ച് മാസങ്ങളായി കുസന്ഡ പഠനത്തിനായി ഗ്യാനിയുടെ അടുക്കലെത്തുന്നുണ്ട്. വര്‍ഷങ്ങളോളം സംസാരിക്കാതെ മറക്കാന്‍ തുടങ്ങിയിരുന്ന ഭാഷയില്‍ ഗ്യാനി ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗൗതം പറയുന്നു.
ഇതുവരെ ഈ ഭാഷ സംസാരിക്കാന്‍ എനിക്കൊരാളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നെനിക്കൊരാളുണ്ട്, ഇനി ഒരുപാട് ആളുകള്‍ ഉണ്ടാകുമെന്നും ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിലൂടെ ഗ്യാനി ആത്മവിശ്വാസം പ്രകടിപ്പിച്ചതായി ഗൗതം അറിയിച്ചു.
ഒരു സാധാരണ ഗ്രാമവാസിയായ ഗ്യാനി പത്ത് വയസുവരെ കുസന്ഡ മാത്രമാണ് സംസാരിച്ചിരുന്നത്. അതിനുശേഷം നേപ്പാളി ഭാഷ സംസാരിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്യാനിയുടെ അമ്മ മരിക്കുന്നതുവരെ ഇരുവരും പരസ്പരം കുസന്ഡ ഭാഷ സംസാരിച്ചിരുന്നതായും മകന് പ്രേം ബഹാദുര്‍ വ്യക്തമാക്കി.
മധ്യപ്രദേശിലെ നെഹാലി, ഉത്തര പാക്കിസ്ഥാനിലെ ബുരുസാക്കി എന്നിവയാണ് ഒറ്റപ്പെടല്‍ ഭീഷണി നേരിടുന്ന മറ്റ് ദക്ഷിണേഷ്യന്‍ ഭാഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: