ക്രിമിനല്വല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരള കൗമാരത്തിന്റെ ഗതി എങ്ങോട്ട്? ദിനംപ്രതി കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമിതാണ്.
ഇന്ന് സാംസ്കാരിക രംഗം കമ്പോളമൂല്യങ്ങള്‍ക്ക് അടിമപ്പെട്ടപ്പോള്‍, മാധ്യമങ്ങള്‍ പൊതുജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനശക്തിയായപ്പോള് കുടുംബബന്ധങ്ങള്‍ തകര്‍ന്ന്, ഭാര്യാ-ഭര്‍തൃ ബന്ധം ഉലഞ്ഞ് കുട്ടികള്‍ക്ക് ലക്ഷ്യബോധം നല്കാന് ആരുമില്ലാതായി. അനാഥം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൗമാര തലമുറയാണ് കേരളത്തില്‍ രൂപപ്പെടുന്നത്. കൗമാരക്കാര്‍ ചെയ്യാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോ? ആക്രമണം, മോഷണം, വാഹനമോഷണം, ക്വട്ടേഷന്‍, കൊലപാതകം, മയക്കുമരുന്ന് കച്ചവടം, സ്ത്രീപീഡനം, ബലാല്‍സംഗം- അവര്‍ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല. കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ കൗമാര-യൗവന വിടവ് പൂര്‍ണമായും നികത്തുന്നതായി കാണാം.
കണക്കുകളും ഇതുതന്നെ തെളിയിക്കുന്നു. കൗമാരക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ 2009-നേക്കാള്‍ 2010 ല്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് ഒരു ടിവി ചാനല്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നത്. 2009 ല്‍ കുറ്റകൃത്യങ്ങളില്‍ 677 പേരാണ് പിടിക്കപ്പെട്ടതെങ്കില്‍ 2010 ല്‍ 801 പേരായി. 2009 ല്‍ 114 മോഷണങ്ങള്‍ നടന്നെങ്കില്‍ 2010 ല്‍ അത് 136 ആയി. അഞ്ച് കൊലപാതകങ്ങളാണ് 2009 ലും 2010 ലും നടന്നത്. കൊള്ളകള്‍ 2009 ല്‍ ഏഴായിരുന്നത് 2010 ല്‍ പത്തായി ഉയര്‍ന്നു. കൗമാരക്കാര്‍ 2010 ല്‍ നടത്തിയ മാനഭംഗങ്ങള്‍ പത്താണ്. കവര്‍ച്ചകള്‍ 52 ആയിരുന്നത് 2010 ല്‍ 58 ആയപ്പോള്‍ വാഹനമോഷണങ്ങള്‍ 48ല്‍നിന്നും 60 ആയി വര്‍ധിച്ചു. ഈ കേസുകളില്‍ എല്ലാം പ്രതികള്‍ ആണ്‍കുട്ടികളാണ്. പക്ഷെ പെണ്‍കുട്ടികള്‍ ബഹുദൂരം പിന്നിലല്ല എന്ന് തെളിയിച്ച് 10 പെണ്‍കുട്ടികള്‍ ക്രിമിനല്‍ കേസില്‍ 2010 ല്‍ പിടിയിലായിട്ടുണ്ട്.
എന്തുകൊണ്ട് കൗമാരസമൂഹം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന് മനഃശാസ്ത്രജ്ഞര്‍ക്കും സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും ഒരേ ഒരു ഉത്തരമേയുള്ളൂ. കുടുംബങ്ങളില്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നില്ല, ആശയവിനിമയം നടക്കുന്നില്ല, തെറ്റുകള്‍ കാണുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നില്ല. നുണ പറയല്‍, ചെറിയ മോഷണങ്ങള്‍ മുതലായവക്ക് ശകാരമോ ശിക്ഷയോ ലഭിക്കുന്നില്ല. ഇതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ നുണ എനിക്കോര്‍മ്മവന്നു. എന്റെ അമ്മ എന്നോട് വലിയമ്മയുടെ വീട്ടില്‍ പോയി പാല് വാങ്ങി വരുവാന്‍ പറഞ്ഞു. പാല് വാങ്ങി വരവേ ഞാന്‍ വീണ് പാല് പാത്രത്തില്‍നിന്നും പകുതി പാല് പോയി.
അമ്മ അറിയാതിരിക്കാന്‍ ഞാന്‍ പാടത്തുനിന്ന് വെള്ളം കോരി പാലിന്റെ അളവ് ശരിയാക്കി അമ്മയുടെ കയ്യില്‍ കൊണ്ടുപോയി കൊടുത്തു. “എന്താടീ പാല് ഇങ്ങനെ ഇരിക്കുന്നത്?” എന്ന് അമ്മ ചോദിച്ചപ്പോള്‍ ഭാവനാസമ്പന്നയായ ഞാന്‍ പറഞ്ഞത് മഴക്കാലമാകുമ്പോള്‍ പാല് വെള്ളംപോലെയാകും എന്ന് വലിയമ്മ പറഞ്ഞു എന്നായിരുന്നു. അമ്മ അടുത്തുണ്ടായിരുന്ന കാപ്പിച്ചെടിയുടെ കൊമ്പെടുത്ത് എന്റെ തുടയില്‍ പൊതിരെ തല്ലിക്കൊണ്ട് പറഞ്ഞത് ഇനി നുണ പറയരുതെന്നായിരുന്നു. കുട്ടികളെ തല്ലുമ്പോള്‍ ഉള്ളംകയ്യിലോ തുടയിലോ തല്ലിയാല്‍ കേടില്ല എന്നായിരുന്നു എന്റെ അമ്മയുടെ പ്രമാണം.
ഇന്ന് ഈ പ്രമാണം പാലിക്കുന്നവര്‍ വിരളം. നുണ പറയുന്നതോ ചില്ലറ മോഷണങ്ങളോ ശ്രദ്ധിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നില്ല എന്ന് പറയുമ്പോഴും തിങ്കളാഴ്ച ഒരച്ഛന് തന്റെ കുട്ടിയെ ശിക്ഷിച്ചത് പൊരിവെയിലത്ത് ടാറിട്ട പൊതുറോഡില്‍ മുട്ടുകുത്തി മണിക്കൂറുകള്‍ നിര്‍ത്തിയായിരുന്നു. ദാഹജലം പോലും ആ കുട്ടിക്ക് നിഷേധിച്ചു. സ്നേഹത്തോടെയുള്ള ശിക്ഷ തിരുത്തല്‍ ശക്തിയാകുമ്പോള്‍ ഈ വിധം ക്രൂരത പിഞ്ചുമനസ്സില്‍ പകയുടെ വിത്താണ് പാകുന്നത്. ആലപ്പുഴയില്‍ സഹപാഠിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളി മനസ്സില്‍ പകയും പോക്കറ്റില്‍ കത്തിയും കുപ്പിച്ചില്ലും മറ്റും കൊണ്ടുനടന്നിരുന്നത് സ്വന്തം വീട്ടിലെ വൈകൃതം നിറഞ്ഞ അന്തരീക്ഷത്തിന്റെ ഫലമായിരുന്നു.
കുട്ടികള്‍ കുറ്റവാളികളാകുന്നു എന്നു പറയുമ്പോഴും പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്. കുട്ടികളുടെ ജനസംഖ്യയില്‍ പകുതിയും പീഡനമനുഭവിക്കുന്നവരാണെന്നും ഇന്ത്യയില്‍ നാലില്‍ ഒരു പെണ്‍കുട്ടിയും ഏഴില്‍ ഒരു ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെടുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 14 വയസില്‍ താഴെയുള്ള 50 ലക്ഷം കുട്ടികള്‍ ബാലവേല ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഇത് ഒരു വശം. പക്ഷെ കൗമാര കുറ്റവാളികള്‍ വര്‍ധിക്കുന്നു എന്ന കണക്കുകള്‍ അവഗണിക്കാവുന്നതല്ല. കേരളത്തില്‍തന്നെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. കൗമാര കുറ്റവാളികള്‍ വര്‍ധിക്കുകയാണെങ്കില്‍ കേരളം എന്തായി മാറും? കുട്ടികളുടെ മാതൃക വീട്ടിലെ അംഗങ്ങളും ടീച്ചര്‍മാരും മറ്റുമായിരുന്നു. പക്ഷെ സാംസ്കാരിക രംഗം കമ്പോളമൂല്യങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, മാധ്യമങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനശക്തിയായപ്പോള് പൊങ്ങച്ച സംസ്കാരം രൂപീകൃതമായി. ആറക്ക വരുമാനം നേടിയെടുക്കാനുള്ള ബിരുദസമ്പാദനമായി വിദ്യാഭ്യാസം മാറിയപ്പോള്‍ സാമൂഹ്യ പ്രതിബദ്ധത എന്ന വാക്ക് ബോധമനസ്സില്‍നിന്ന് തിരസ്കൃതമായി. പണ്ട് അച്ചടക്കം പാലിച്ചിരുന്നത് വീട്ടില്‍നിന്നായിരുന്നു. അന്ന് ‘അരുതുകള്‍’ ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ പ്രായമായാല്‍ വീട്ടിലെ പുരുഷന്മാരോട് ഇടപെടുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ‘അരുതുകള്‍’ മറന്ന് അതിരുകള്‍ മാഞ്ഞപ്പോള്‍ സ്വന്തം അച്ഛന് മകളെ ഗര്‍ഭിണിയാക്കി. സ്വന്തം സഹോദരന് സഹോദരിയെ അവിഹിതവേഴ്ചക്ക് പ്രേരിപ്പിച്ചു. മദ്യപാനത്തിന് പണം ലഭിക്കാന്‍ അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ മകന് കൂട്ടുകാരെ കൂട്ടിക്കൊണ്ടുവന്നു!
ഇന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ മുതിര്‍ന്നവരുടെയോ രാഷ്ട്രീയക്കാരുടെയോ പോലീസിന്റെയോ കുത്തകയല്ല. കുട്ടികള്‍ ക്വട്ടേഷന്‍ കൊടുക്കുക മാത്രമല്ല, ക്വട്ടേഷന്‍ സംഘങ്ങളായും പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. കൊലപാതകത്തിന് കരാര്‍ എടുക്കുന്ന കൗമാരകുറ്റവാളികളുണ്ട്. കള്ളനോട്ട് വെളുപ്പിക്കല്‍, മയക്കുമരുന്ന് കച്ചവടം മുതല്‍ ആക്രമണം, ഭവനഭേദനം, കവര്‍ച്ച, ബലാല്‍സംഗം എല്ലാം ഇന്ന് കൗമാരകലകളാണ്.
വീട്ടില്‍നിന്നുള്ള അശ്രദ്ധയും കുടുംബത്തകര്‍ച്ചയും മാത്രമല്ല കൗമാര കുറ്റവാളികളുടെ രൂപീകരണത്തിന് ഉത്തരവാദി. ഇന്നത്തെ ദൃശ്യമാധ്യമങ്ങളും കുട്ടികളെ കുറ്റവാളികളാക്കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നു. ലഹരിയോട് ആസക്തി കൂടുന്നത്, അക്രമവാസന, ആത്മഹത്യാ ശ്രമം മുതലായവ കുട്ടികളുടെ അനുകരണശീലം മൂലം ഉണ്ടാകുന്നതാണ്. ഒരു സര്‍വേ പ്രകാരം ഒരു കുട്ടി 18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്രമം, കൊലപാതകം, ബലാല്‍സംഗം, കവര്‍ച്ച, മദ്യപാനം മുതലായവ ഉള്‍പ്പെട്ട നാല് ലക്ഷം രംഗങ്ങള്‍ കണ്ടിരിക്കുമത്രേ. ടിവി മൂല്യങ്ങളെ ശോഷിപ്പിക്കുന്നു. കുട്ടികളെ ടിവി അഡിക്ട് ആക്കുന്നത് അമ്മമാരാണ്.
കുട്ടിക്കാലത്ത് ശാഠ്യം പിടിക്കുന്ന കുട്ടികള്‍ക്ക് കാര്ട്ടൂണുകള് കാണിച്ചുകൊടുത്ത് ഒടുവില്‍ സ്വയം ടിവി കൈകാര്യം ചെയ്തുതുടങ്ങുമ്പോള്‍ കാണരുതാത്ത സീനുകള്‍ കാണുന്നു. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളും അവര്‍ കാണുന്നു. ലൈംഗിക വെബ്സൈറ്റുകള്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് കഫേയില്‍ കാണുന്നു. ഇവ സിഡികളാക്കി വിതരണം ചെയ്യപ്പെടുന്നു. ടിവി കണ്ട് യുകെജിയിലെ രണ്ട് കുട്ടികള്‍ ബലാല്സംഗസീന് അനുകരിച്ച കഥ ഈയിടെ വായിക്കുകയുണ്ടായി. നീല സിഡി കണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് വാര്‍ത്തയായിരുന്നു. ഗാര്‍ഹിക പീഡനം നടക്കുന്ന കുടുംബം, മദ്യലഹരിയിലായ അച്ഛന്, മൊബെയില്‍ പ്രണയിനിയായ അമ്മ- കുട്ടികള്‍ നേരിടുന്ന പ്രതിസ്നധികള് പലവിധമാണ്.
പക്ഷെ ഇത്രയധികം കൗമാര കുറ്റവാളികള്‍ പെരുകുമ്പോഴും ഇന്ന് ഇത് ഒരു സാമൂഹ്യപ്രശ്നമായി, പരിഹാരം തേടേണ്ട വിഷയമായി ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. സ്കൂളുകളില്‍ സെക്സ് വിദ്യാഭ്യാസം നല്‍കണമെന്നും കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. രക്ഷാകര്ത്താക്കള് തന്നെ ഇതിനെതിരെ വരുമ്പോഴും കുട്ടികള്‍ തെറ്റായ ലൈംഗിക അറിവുകള്‍ നേടുന്നുവെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നില്ല. അധ്യാപകരും പീഡകരായി മാറുമ്പോള്‍ കുട്ടികള്‍ക്ക് തെറ്റായ നോട്ടം, വാക്ക്, പ്രവൃത്തി മുതലായവ തിരിച്ചറിയാന്‍ സാധിച്ചാല്‍ പ്രതിരോധിക്കാനാകും.
ഇന്ന് കൗമാരക്കാരില്‍ 42 ശതമാനം പേരും മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരും ശാരീരിക-മാനസിക ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരും ആകുമ്പോള്‍ അവര്‍ സ്വയം കുറ്റവാളികളായി മാറുന്നു. അവര്‍ അനുകരിക്കുന്നത് രാഷ്ട്രീയനേതാക്കളെയാണെങ്കിലും പോലീസിനെയാണെങ്കിലും മാതൃകകള്‍ കളങ്കിതമാണ്. പോലീസില്‍ ഇന്ന് ക്രിമിനലുകള്‍ ഉണ്ടെന്നും അവരും ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നവരാണെന്നും ഉണ്ണിത്താന് വധശ്രമക്കേസ് തെളിയിക്കുന്നു. കുട്ടികള്‍ വളരുന്ന പശ്ചാത്തലം മാനസികമായും ബൗദ്ധികമായും ആരോഗ്യകരമല്ലെങ്കില്‍ കുട്ടിക്കുറ്റവാളികള്‍ ഇനിയും പെരുകാനാണ് സാധ്യത. അവരുടെ കഴിവുകള്‍ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിച്ചാല്‍ നല്ല പൗരന്മാരാകും. പക്ഷെ റിയാലിറ്റി ഷോകളില്‍ കൊണ്ടുപോകാന്‍ സാധ്യമാകുമോ എന്നു മാത്രം ശ്രദ്ധിക്കുന്ന അമ്മമാര്‍ക്ക് ഇതിനെവിടെ നേരം?
കേരളസമൂഹം മൂഢസ്വര്‍ഗത്തിലാണ്. മാധ്യമങ്ങളുടെ മാസ്മരിക വലയത്തിലാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കവിതയിലെ സ്ത്രീകളെപ്പോലെയാണ് ഇന്നത്തെ അമ്മമാര്‍
“അമ്മ മരിച്ചുകിടപ്പാണിറയത്ത്
ചുറ്റിലും കൂടി കിടക്കുന്നു റീത്തുകള്‍.
രാത്രിയിലെട്ടു മണിക്കാണ് സംസ്കാര
മെന്നു കേട്ടെത്തി തിടുക്കത്തില്‍ നാട്ടുകാര്‍.
പൂമുഖവാതില്‍ തുറന്നുകയറവേ
പെട്ടെന്ന് കണ്ടായി വീട്ടുകാരൊക്കെയും
ടിവിക്ക് മുന്നിലിരിക്കുന്നു മോദമായ്.
എട്ടരക്കുള്ള റിയാലിറ്റി ഷോവിന്റെ
അവസാന സോങ്ങും കഴിഞ്ഞിട്ട് പിന്നെ
യൊരസ്സെമ്മെസ് കൂടിയയച്ചിട്ട് ഞങ്ങടെ
അമ്മതന്‍ ശവദാഹ കര്‍മ്മം നടന്നിടൂ”
എന്ന് ആ വീട്ടിലെ സ്ത്രീകള്‍ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഇടിവെട്ടേറ്റപോലെ സ്തബ്ധരായി നിന്നുവത്രെ. ഈ വിധമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ കുറ്റവാളികളായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? തെറ്റായ മാര്‍ഗങ്ങള്‍ ധാരാളം ദൃഷ്ടിയില്പ്പെടുമ്പോള് ശരിയായ വഴികളില്‍ ഇന്ന് ഇരുള് വീണിരിക്കുകയാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: