കേരളത്തിന്റെ തെക്കേ അറ്റത്തുള്ള മണ്ഡലം എന്നതു മാത്രമല്ല നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം. ‘ദൈവം തന്നെ തെറ്റു ചെയ്താലും ഞാനതു തുറന്നു കാട്ടു’മെന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സ്വാതന്ത്ര്യത്തിനായി ധീരമായ നിലപാടെടുത്ത് വീരമൃത്യു പ്രാപിച്ച വീരരാഘവന് എന്നിവരുടെ ജന്മസ്ഥലമാണെന്നതുമല്ല. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ വിസ്മരിക്കാന്‍ കഴിയാത്ത ഏടു സൃഷ്ടിച്ച അമ്മച്ചി പ്ലാവ് പ്രധാനമാണെങ്കിലും അതോടൊപ്പം ജനാധിപത്യ കേരളത്തിന് മറക്കാനാകാത്ത അനുഭവം നല്കിയ പ്രദേശം കൂടിയാണ് നെയ്യാറ്റിന്‍കര. ഒരു ദേശീയ കക്ഷിയെ മതാന്ധന്മാരുടെ കാല്ക്കീഴില് കൊണ്ടു കെട്ടിയതിന് കനത്ത പ്രഹരം നല്കിയ രണ്ടു മണ്ഡലങ്ങളില്‍ ഒന്നാണ് നെയ്യാറ്റിന്‍കര. അമ്പതുകളിലാണ് ആ സംഭവമെങ്കില്‍ അന്നത്തേതിനെക്കാള്‍ ഭീകരമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ്. അന്നത്തെ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ച ക്രൈസ്തവാധിപത്യം. ഇന്നതിനോടൊപ്പം മുസ്ലീംലീഗാധിപത്യവും.
ടി.കെ.നാരായണപിള്ളയെ മുന്നില്‍ നിര്‍ത്തി ക്രൈസ്തവാധിപത്യം പട്ടം താണുപിള്ളയെ ചതിച്ചു പുറത്താക്കി. ഇഷ്ടം പോലെ വനം വെട്ടും ഭൂമി കയ്യേറ്റവും കലയാക്കിയ ക്രൈസ്തവ വര്‍ഗീയതയായിരുന്നു അന്നത്തെ പ്രശ്നം. കോണ്‍ഗ്രസിലെ നായര്‍-ഈഴവ വിഭാഗങ്ങള്‍ ഇത് തുറന്നു കാട്ടിയപ്പോള്‍ സംഘടനയുടെ അച്ചടക്കം പറഞ്ഞ് ഹിന്ദുക്കളായ കോണ്‍ഗ്രസുകാരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മന്നവും ശങ്കറും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിന് രൂപം നല്കി.
ഒരേകീകൃത ഹിന്ദുസമൂഹം സൃഷ്ടിക്കുന്നതിനും ഹൈന്ദവ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അന്ന് ആ സംഘടനാ രൂപീകരണത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും ഇതിനായി ചേര്‍ന്ന യോഗങ്ങളില്‍ മന്നത്തു പദ്മനാഭനും ആര്.ശങ്കറും ഒന്നിച്ചു പങ്കെടുത്തു. ഹിന്ദുക്കള്‍ ഒന്നടങ്കം ആവേശഭരിതരായി. പള്ളിക്കു വഴങ്ങി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറിയപ്പോള്‍ പൊറുതി മുട്ടിയവരുടെ കൂട്ടായ്മ എങ്ങും തെളിഞ്ഞു.
മന്നത്തിന്റെയും ശങ്കറിന്റെയും നീക്കങ്ങള്‍ കോണ്‍ഗ്രസുകാരെ അസ്വസ്ഥരാക്കി. സമാന്തര അധികാരകേന്ദ്രം വളര്‍ന്നു വരികയാണെന്നവര് കണക്കു കൂട്ടി. “ക്രിസ്ത്യാനികളുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ടി.കെ.നാരായണപിള്ളയെ പോലുള്ളവര്‍ അവരുടെ ആയുധങ്ങള്‍ മാത്രമാണെന്നും ടി.എം.വര്‍ഗീസിന്റെ കുത്തിത്തിരിപ്പുകള്‍ നായര്‍-ഈഴവ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും” അന്ന് പ്രചരണം നടന്നതായി സി.നാരായണപിള്ള എഴുതിയിട്ടുണ്ട്.
മന്നവും ശങ്കറും ഹിന്ദുക്കളെ അണിനിരത്തി. അവര്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടുമായി. ഭരണകാര്യങ്ങള്‍ ഇവരുമായി ആലോചിക്കാതെയായി. നിയമസഭയിലെ പിന്‍ബഞ്ചുകാരായ മന്നവും ശങ്കറും സ്വര്‍ഗത്തിലെ കട്ടുറുമ്പായി കോണ്‍ഗ്രസ് കണക്കാക്കി. ഇരുവരുടെയും ഹിന്ദു ഏകീകരണ ശ്രമം ശക്തി പ്രാപിച്ചപ്പോഴാണ് 1949 നവംബര്‍ 26ന് അഖില തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി വിജെടി ഹാളില്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. പ്രമേയവും പാസ്സാക്കി.
“എസ്എന്‍ഡിപി, എന്‍എസ്എസ്, കത്തോലിക്കാ കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയ പരിപാടികള്‍ ഉപേക്ഷിച്ചു എന്ന് പ്രമേയം പാസ്സാക്കിയതിനു ശേഷവും പ്രസ്തുത സംഘടനകള്‍ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു എന്ന് ഈ കമ്മറ്റിക്ക് ബോധ്യം വന്നിരിക്കുന്നതിനാല്‍ പ്രസ്തുത സംഘടനകളില്‍ അംഗമായിരിക്കുന്നവര്‍ കോണ്‍ഗ്രസ് സംഘടനയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങള്‍ വഹിക്കാന്‍ അനര്‍ഹരും അയോഗ്യരും ആണെന്ന് ഈ യോഗം തീരുമാനിക്കുന്നു.” നാലു സംഘടനകളുടെ പേരു പറഞ്ഞിരുന്നെങ്കിലും ലക്ഷ്യം മന്നവും ശങ്കറും മാത്രമായിരുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഇരുവരെയും നീക്കാനായി കുത്സിതമാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെതിരെ നേതാക്കള്‍ ആഞ്ഞടിച്ചു. ആയിടയ്ക്ക് രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ വന്നു. നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും. ബാലരാമപുരം രാമന്‍പിള്ള, എസ്.ജെ.നായര്‍ എന്നിവരായിരുന്നു യഥാക്രമം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ഹിന്ദുമണ്ഡലത്തിന്റെ സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തമായ പ്രവര്‍ത്തനം നടത്തിയ മന്നവും ശങ്കറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തറപറ്റിച്ചു.
അതേ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ഭൂരിപക്ഷ വികാരങ്ങളെയും വിചാരങ്ങളെയും തൃണവത്ഗണിച്ചാണ് സംസ്ഥാന ഭരണം മുന്നോട്ടു പോകുന്നത്. ഭരണം ഇടതിന്റെതായാലും വലതിന്റെതായാലും നിറവും മണവും ഒന്നു തന്നെ. ന്യൂനപക്ഷങ്ങളോടുള്ള സ്നേഹമല്ല ആ പേരുപയോഗിച്ച് വോട്ടു ബാങ്കിനെ സ്വാധീനിക്കുക. അതാണ് തുടര്‍ന്നു വരുന്നത്. കേരളം സംഘടിത മതവിഭാഗങ്ങളുടെ കൈപ്പിടിയിലമര്‍ന്നു കഴിഞ്ഞു. അത് ചൂണ്ടിക്കാണിക്കുന്നതിനു പോലും അവകാശമില്ല. എന്‍എസ്എസ്സിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്താനും പുലഭ്യം വിളിച്ചു പറയാനും മുസ്ലീം തീവ്രവാദികള്‍ക്കു മടിയില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ പരസ്യമായി തെറിവിളിച്ചാക്ഷേപിച്ചതിന് ഒരു പെറ്റിക്കേസു പോലും ചാര്‍ജു ചെയ്തില്ല. എസ്എന്‍ഡിപി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വര്‍ഗീയവാദിയായി അധിക്ഷേപിക്കാന്‍ ഇക്കൂട്ടര്‍ക്കു മടിയില്ല. മന്നത്തുപദ്മനാഭനും ആര്.ശങ്കറും ക്രൈസ്തവ വര്‍ഗീയതയെ നേരിടാന്‍ തയ്യാറായി. ഇന്ന് മുസ്ലീം വര്‍ഗീയതയും ചേര്‍ന്ന് കേരളീയ സമ്പത്ത് കൊള്ളയടിക്കുകയാണ്. ഈ കൂട്ടായ്മക്കവര്ച്ചയ്ക്കെതിരായ വികാരം കേരളീയരില്‍ പ്രബലമാണ്. ഇത് നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ആവര്‍ത്തിച്ച് പറയുന്നുണ്ട്.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പുറകെ പോകുന്നത് ഒരു മുന്നണി മാത്രമല്ല. ഇന്നലെ വരെ കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസിനെ ഭള്ളു പറഞ്ഞ ശെല്വരാജന് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്നത് ആശയത്തിലാകൃഷ്ടനായതിനാലാണോ ? കോണ്‍ഗ്രസില്‍ പോകുന്നത് ആത്മഹത്യ ചെയ്യുന്നതിന് സമമാണെന്നു പറഞ്ഞ വ്യക്തിയെയല്ലേ യുഡിഎഫ് പേറി നടക്കുന്നത്. നാറിയവരെ പേറിയാല്‍ പേറിയവരും നാറുമെന്ന സത്യം അറിയാത്തവരാണോ കോണ്‍ഗ്രസുകാര്‍. എംഎല്‍എ സ്ഥാനം രാജിവച്ചതും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്നതും പള്ളി പറഞ്ഞിട്ടാണെന്ന സത്യം ഇന്ന് പരസ്യമല്ലേ ? പള്ളിക്കാര് ആവശ്യപ്പെട്ട അനധികൃതവും അവിഹിതവുമായ സംവരണം മതം മാറിയവര്‍ക്കും നല്‍കാമെന്ന ഉറപ്പല്ലേ എംഎല്‍എയുടെ രാജിയില്‍ കലാശിച്ചത് ? ജാതി സര്‍ട്ടിഫിക്കറ്റു നല്കാന് വില്ലേജാഫീസര്ക്കു മാത്രമുള്ള അധികാരം ക്രൈസ്തവ സമൂഹത്തിലെ ഒരു ബിഷപ്പിനു കൂടി നല്കി ഉത്തരവിറങ്ങിയല്ലോ ? കണ്ണടച്ച് പൂച്ച പാലു കുടിക്കുന്നതു പോലെ ഉമ്മന്‍ചാണ്ടി ഇറക്കിയ ഉത്തരവിന്റെ പിന്നാമ്പുറം കഥ ഇനിയും ബാക്കിയുണ്ട്. മുസ്ലീം ലീഗിന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി താണു കേണു വഴങ്ങി അനുവദിക്കുന്ന അതേ ലാഘവത്തോടെ തന്നെയാണ് പള്ളിക്കാരുടെ മുന്നിലും കോണ്‍ഗ്രസ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇതിനെ എതിര്‍ക്കാന്‍ പോലും ആത്മാര്‍ഥത കാണിക്കാന്‍ ത്രാണിയില്ലാത്ത ഇടതു മുന്നണിയും “…….. നമുക്കും കിട്ടണം പണം” എന്ന ശൈലിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തി.
തഴക്കവും പഴക്കവും ആത്മാര്‍ഥതയുമുള്ള ഒരുപാടു യഥാര്‍ത്ഥ സഖാക്കളുള്ളപ്പോള്‍ കമ്മ്യൂണിസത്തിന്റെ മാമോദീസയില്ലാതെ ജാതിക്കു ജാതിയിറക്കി ഇടതുമുന്നണിയും കളിക്കുകയാണ്. നെയ്യാറ്റിന്‍കരയുടെ ചരിത്രത്തെയും ചാരിത്ര്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നതു കൊണ്ടു തന്നെ ഈ ഉപതെരഞ്ഞെടുപ്പിന് പ്രസക്തി ഏറെയാണ്. “നെയ്യാറ്റിന്‍കര കേരള ചരിത്രത്തിന്റെ പുതിയ അധ്യായമാകു”മെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറയുന്നത്. അത് പക്ഷേ അവരിരുവര്‍ക്കും ആഹ്ലാദിക്കാന്‍ വക നല്കുന്നതല്ലെന്നുറപ്പുവരുത്താനുള്ള കര്‍ത്തവ്യം നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍ നിര്വഹിക്കാതിരിക്കുമോ ?
എസ്എന്‍ഡിപി യോഗവും എന്‍എസ്എസും മറ്റു വിവിധ സാമുദായിക വിഭാഗങ്ങളും അസംഘടിതരായ ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളിലെ സന്മനസ്സുള്ളവരും ആശിക്കുന്നത് മുന്നണി രാഷ്ട്രീയക്കാരുടെ അപഥ സഞ്ചാരത്തിന് തടയിടണമെന്നു തന്നെയാണ്. ഈ ആശയും ആവേശവും പ്രതിഫലിക്കുന്നില്ലെങ്കില്‍ കേരളം ഇരുണ്ട യുഗത്തിലേക്കാണ് തള്ളപ്പെടുക. “ഭയകൗടില്യലോപങ്ങള് വളര്‍ക്കില്ലൊരു നാടിനെ” എന്ന സ്വദേശാഭിമാനിയുടെ വാക്കുകള്‍ നെഞ്ചിലേറ്റി മലീമസമായ മുന്നണി രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളെ തറപറ്റിക്കുമെന്നാശിക്കാം. മന്നത്തു പദ്മനാഭനും ആര്.ശങ്കറും തെളിച്ച പാതയിലൂടെ അരനൂറ്റാണ്ടിലധികമായി തെളിച്ച പാതയിലൂടെ സഞ്ചരിക്കുന്ന ശക്തനായ സ്ഥാനാര്‍ഥിയുണ്ട് നെയ്യാറ്റിന്‍കരയില്‍. ഒ.രാജഗോപാല്‍. കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാല്‍ തെളിയിച്ച ഇച്ഛാശക്തി കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും തെളിയിച്ചിട്ടില്ല. അദ്ദേഹം സ്ഥാനാര്ഥിയായുള്ളപ്പോള് നെയ്യാറ്റിന്‍കരക്കാര്‍ എന്തിനു ചിന്തിക്കണം വേറൊരു സ്ഥാനാര്‍ഥിയെ കുറിച്ച് ?
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: