കേരളം ഇന്ന് രോഗങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. ദീര്‍ഘനാളായി തുടരുന്ന മാലിന്യസംസ്കരണമില്ലായ്മയും വേനല്‍മഴയില്‍ പ്രശ്നങ്ങള്‍ വഷളായതും പുതിയ എച്ച്1എന്‍1 മുതലായ പനികള്‍ പൊട്ടിപ്പുറപ്പെടാന്‍ രംഗമൊരുക്കിക്കഴിഞ്ഞു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കുടിവെള്ളം മലിനമായി. മനുഷ്യവിസര്‍ജ്യവും ഗൃഹമാലിന്യങ്ങളും ഫാക്ടറികളുടെ കെമിക്കല്‍ ഡിസ്ചാര്‍ജും കലര്‍ന്ന് ജലജന്യ രോഗങ്ങളും കേരളത്തില്‍ പടരുകയാണ്. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണ് മഞ്ഞപ്പിത്തം പോലുള്ള രോഗം പടരാന്‍ ഇടയായതെങ്കില്‍ വേനല്‍മഴയെത്തുടര്‍ന്ന് കോഴിക്കോട് വിവിധതരം പനികളുടെ വിഹാരരംഗമായി മാറിക്കഴിഞ്ഞു.
പാലക്കാട്ടും ആലപ്പുഴയിലും ഇപ്പോള്‍ എറണാകുളത്തും എച്ച്1 എന്‍1 പനി ബാധിച്ചുതുടങ്ങിക്കഴിഞ്ഞു. കേരളം ആഗോള വികസന മാതൃക എന്ന ഖ്യാതിക്കര്ഹയായത് ഇവിടെ നിലനിന്നിരുന്ന വികസിത ആരോഗ്യസൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു. പക്ഷെ ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ജനങ്ങളുടെ മാലിന്യവല്കൃത സ്വഭാവവും ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗത്തെ തകര്‍ത്തിരിക്കുന്നു. ഇപ്പോള്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ പല ജില്ലകളിലും എച്ച്ഐവി പടരുകയാണ്. കേരളത്തില്‍നിന്ന് അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന മന്തുരോഗം ആലപ്പുഴയില്‍ പുനര്‍ജനിച്ചിരിക്കുന്നു. മൂന്ന് കോടിയിലധികമുള്ള ജനസംഖ്യയില്‍ 40,000 ല്‍ അധികം പേര് എച്ച്ഐവി ബാധിതരാണെന്ന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. ഇവരില്‍ 6000 ല്‍ അധികം പേര് എയ്ഡ്സ്ബാധിതരായിക്കഴിഞ്ഞുവത്രേ. 2005 നും 2012 നും ഇടയ്ക്ക് 1517 പേര് മരിച്ചവരില്‍ 47 പേര് കുട്ടികളാണത്രേ.
രോഗങ്ങള്‍ പുരോഗമിക്കുമ്പോഴും മരുന്നുവില കേരളത്തില്‍ കുതിക്കുന്നു എന്നു മാത്രമല്ല, ജീവന്‍രക്ഷാ മരുന്നുകള്‍ പോലും നിര്‍ധനര്‍ക്ക് ലഭ്യമല്ല. സംസ്ഥാനത്ത് കമ്മ്യൂണിറ്റി ഫാര്‍മസി ഔട്ട്ലെറ്റുകള് തുടങ്ങണമെന്നും 250 കോടി രൂപയുടെ മരുന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ സംഭരിച്ച് നല്‍കുമെന്നും മറ്റും പ്രചാരണവും ഉണ്ടായി. ഇപ്പോള്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കുശേഷം മരുന്നിന് വന്‍ വിലവര്‍ധനയായി. ആശുപത്രികള്‍ കച്ചവടസ്ഥാപനങ്ങളായി, മരുന്നുമാഫിയയുടെ നിയന്ത്രണത്തില്‍ ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിച്ച് തുടങ്ങിയപ്പോള്‍ മരുന്നുവില താങ്ങാന്‍ വയ്യാതായി. ന്യായവിലക്ക് മരുന്ന് ലഭ്യമാക്കാനുള്ള നീക്കവും മരുന്നുലോബി അട്ടിമറിച്ചുകഴിഞ്ഞു. ആശുപത്രികള്‍ കച്ചവടസ്ഥാപനങ്ങളായി മാറിയസാഹചര്യത്തിലാണ് ബലരാമന് കമ്മറ്റിയുടെ നഴ്സുമാരുടെ ശമ്പളവര്‍ധനാ ശുപാര്‍ശയെ സ്വകാര്യ ആശുപത്രികളും ഐഎംഎയും എതിര്‍ക്കുന്നത്. മലയാളികള്‍ ശുചിത്വസംസ്കാരം ഉള്‍ക്കൊണ്ട് സ്വയം രോഗപ്രതിരോധബോധം ആര്‍ജിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ആരോഗ്യഭാവി നാശോന്മുഖമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: