കാലാകാലങ്ങളില്‍ സര്‍ക്കാര്‍ സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ ശമ്പളസ്കെയില്‍ പരിഷ്ക്കരിക്കാറുണ്ട്. അതിന് ഒരു ശമ്പള കമ്മീഷന് വിവിധ വകുപ്പ് ജീവനക്കാരുടെ ആവലാതികളെല്ലാം പരിശോധിച്ച് കഴിയുന്നത്ര നീതിയുക്തമായി ശമ്പള സ്കെയിലുകള്‍ പരിഷ്ക്കരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ശമ്പള കമ്മീഷന് ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഭരണത്തില്‍ പിടിപാടുള്ള ചില സംഘടനകള്‍ അവരുടെ ശമ്പളസ്കെയിലുകള്‍ വീണ്ടും പരിഷ്ക്കരിച്ച് സര്‍ക്കാരിനെക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് അറിവ്. ഈ ആനുകൂല്യം നേടിയെടുത്തിരിക്കുന്നവരൊ മന്ത്രിമാരുടെ ഉറ്റ ചങ്ങാതികളായ സെക്രട്ടറിയേറ്റ് ജീവനക്കാര്‍. അതും സാധാരണ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരല്ല അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള സെക്രട്ടറിയേറ്റിലെ ഉന്നതര്‍. ഉന്നതര്‍ എന്ന് കേട്ട് പേടിച്ചു പോകരുതേ. ക്ലാര്‍ക്കായി സര്‍വീസില്‍ കയറി പടിപടിയായി ഉയര്‍ന്ന് എത്തിയ ഇവര്‍ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെ തണല്‍ പറ്റിയിരുന്ന് ജില്ലാ കളക്ടര്‍മാരെവരെ വിരട്ടുകയാണ് കാലങ്ങളായി. അതിന് ഇടത് ഭരണമെന്നോ വലത് ഭരണമെന്നോ ഭേദമില്ല.
രാഷ്ട്രീയം പ്രസംഗിച്ചു നടക്കുമെങ്കിലും ഫയല്‍ നീക്കത്തിന്റെ എബിസിഡി അറിയാത്ത മന്ത്രി പുംഗവന്മാരുടെ ഈ ട്യൂഷന് സാറന്മാര്ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ പിന്നെ ആര്‍ക്ക് കൊടുക്കാന്‍? സെക്രട്ടറിയേറ്റിലെ ക്ലാര്‍ക്കുമാരും മറ്റ് വകുപ്പുകളിലെ ക്ലാര്‍ക്കുമാരും തമ്മില്‍ വല്ല കൊമ്പിന്റേയും വ്യത്യാസമുണ്ടോ? പണ്ട് മറ്റ് വകുപ്പുകളില്‍ എസ്എസ്എല്‍സിക്കാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ ഗ്രാഡ്വേറ്റുകള്‍ മാത്രമുണ്ടായിരുന്ന സെക്രട്ടറിയേറ്റ് ക്ലാര്‍ക്കുകള്‍ മേന്മ നടിച്ചിരുന്നു. ഇന്ന് എംഎ, എംഎസ്സിക്കാര്‍ സകല വകുപ്പുകളിലുമുണ്ട്. സ്ഥലമാറ്റമില്ല, മന്ത്രിമാരെ ചൊറിഞ്ഞ് കാര്യം സാധിക്കാം, ക്ലാര്‍ക്ക് ആയി കയറിയാല്‍ കളക്ടറുടെ റാങ്കില്‍ പെന്ഷന് പറ്റാം തുടങ്ങിയ കാരണങ്ങളാല്‍ സെക്രട്ടറിയേറ്റ് ക്ലാര്‍ക്ക് തസ്തികയ്ക്ക് അപേക്ഷകര്‍ കുന്നുകൂടിയപ്പോള്‍ പിഎസ്സി ഒരു പ്രിലിമിനറി പരീക്ഷയും ഒരു ഫൈനല്‍ പരീക്ഷയും ക്ലാര്‍ക്കുമാരെ തെരഞ്ഞെടുക്കാന്‍ വച്ചു. അതോടെ സെക്രട്ടറിയേറ്റുകാരന്റെ ഗമകൂടി. ഐഎഎസ് പരീക്ഷ മോഡലിലാണ് ഞങ്ങളെ തെരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ കുട്ടി ഐഎഎസുകാരാണ് എന്ന ഭാവത്തിലായി അവരുടെ സംസാരവും രീതിയും.
സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ആഫീസര്‍ മുതല്‍ അണ്ടര്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ക്ക് സമാനമായ ശമ്പളസ്കെയിലുകള്‍ ഉള്ള മറ്റ് വകുപ്പുകളിലെ ധാരാളം തസ്തികകളുണ്ട്. തങ്ങളോട് കിടപിടിക്കുന്ന ഒരേ സ്കെയിലുള്ള മറ്റ് വകുപ്പുകാര്‍ പാടില്ലായെന്ന് ഉറച്ച സെക്രട്ടറിയേറ്റ് ലോബി കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്തെ ശമ്പളകമ്മീഷനെ സ്വാധീനിച്ച് മറ്റ് വകുപ്പുകളിലെ സമാന തസ്തികകളുടെ സ്കെയില്‍ താഴ്ത്തി തങ്ങളുടെ അധീശത്വം സ്ഥാപിച്ചു. അങ്ങനെ കാല്‍നൂറ്റാണ്ടായി നിലനിന്നിരുന്ന ഒരു സ്ഥിതി അവര്‍ തകിടം മറിച്ചു.
അതിനുശേഷം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ശമ്പള കമ്മീഷന് മുന്നില്‍ മറ്റ് വകുപ്പുകള്‍ ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ പരാതിപ്പെടുകയും അത് ന്യായമാണെന്ന് ബോദ്ധ്യപ്പെട്ട് കഴിഞ്ഞ ശമ്പള കമ്മീഷന് ശമ്പള സ്കെയിലുകള്‍ പരിഷ്ക്കരിച്ചപ്പോള്‍ സെക്രട്ടറിയേറ്റ് തസ്തികകള്‍ക്ക് സമാനമായുണ്ടായിരുന്ന മറ്റ് വകുപ്പുകളിലെ തസ്തികകളും സെക്രട്ടറിയേറ്റ് തസ്തികകളും ഒരേ സ്കെയിലിലാക്കുകയും ചെയ്തു. നൂറുശതമാനം ന്യായമായ ഒരു കാര്യമാണ് കഴിഞ്ഞ ശമ്പള കമ്മീഷന് ചെയ്തത്.
എന്നാല്‍ ഇതില്‍ ശുണ്ഠിപിടിച്ച സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ധനമന്ത്രിയേയും മുഖ്യമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ച് ഇടത് സര്‍ക്കാര്‍ തങ്ങളുടെ സ്കെയിലുകള്‍ തരംതാഴ്ത്തി എന്ന വ്യാജ പ്രചാരണം നടത്തി ശമ്പള കമ്മീഷന് ഉത്തരവിറങ്ങി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ട് തങ്ങളുടെ അണ്ടര്‍ സെക്രട്ടറി മുതലുള്ളവരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തി വാങ്ങിയിരിക്കുന്നു! പൊതു ഖജനാവിന് ഭീമമായ നഷ്ടം വരുത്തുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ മറ്റ് സര്‍വീസ് സംഘടനകള്‍ ജാഥയോ ധര്‍ണയോ ഒക്കെ നടത്തിയെങ്കിലും അഞ്ചാംമന്ത്രി, ചെന്നിത്തല പിണക്കം, നെയ്യാറ്റിന്‍കര തുടങ്ങിയ ജനശ്രദ്ധയാകര്‍ഷിക്കുന്നതും സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതുമായ സമയം തെരഞ്ഞെടുത്ത് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ജനശ്രദ്ധ ഒഴിവാക്കി കാര്യം നേടിയിരിക്കുകയാണ്!
പാവങ്ങളുടെ കണ്ണീരൊപ്പാനെന്ന് പറഞ്ഞ് ജനസമ്പര്‍ക്ക മാമാങ്കങ്ങള്‍ പുലരുംവരെ നടത്തി ജനപ്രിയ നായകനാകാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ സെക്രട്ടറിയേറ്റിലെ ഉന്നതര്‍ക്ക് പാവപ്പെട്ടവന്റെകൂടെ നികുതിപ്പണമെടുത്ത് ദാനം ചെയ്തത് എന്ത് നീതിയാണ്?
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പരിശോധിച്ചാല്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനില്ലാത്ത ഒരു വകുപ്പുമന്ത്രിയെ ചൂണ്ടിക്കാണിക്കാമോ? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറിയേറ്റ് അഡീഷണല്‍ സെക്രട്ടറിയാണ്. കൂടാതെ നിരവധി വിവിധ തലങ്ങളിലുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരും. എന്ത് മഹത്തായ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. സെക്രട്ടറിയേറ്റ് കാന്റീനില്‍ പോയി നോക്കിയാല്‍ അറിയാം. ഇവരുടെ ജോലി ഭാരം. ആറ് ക്ലാര്‍ക്കുകളെ ഭരിക്കുന്ന ഒരു അണ്ടര്‍സെക്രട്ടറിയെ ഉന്നത ഉദ്യോഗസ്ഥനാക്കി വച്ചിരിക്കുകയാണ്. വകുപ്പുതലവന്മാര് കാച്ചിക്കുറുക്കി അയയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ അതേപടി പകര്‍ത്തി മന്ത്രി സമക്ഷം സമര്‍പ്പിക്കാനാണോ ഇവര്‍ക്ക് പ്രത്യേക സ്കെയില്‍. സെക്രട്ടറിയേറ്റ് ഭരണം നിര്‍ത്തലാക്കും, വികേന്ദ്രീകരണം വരും, ജനങ്ങളിനി ജില്ലാ തലസ്ഥാനങ്ങളില്‍ പോയാല്‍ മതി, പഞ്ചായത്തിരാജ് സംവിധാനം വന്നാല്‍ സെക്രട്ടറിയേറ്റ് ഇല്ല എന്നൊക്കെ മത്സരിച്ച് ഉല്ഘോഷിച്ചു നടന്ന ഇടതു-വലതു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപം സെക്രട്ടറിയേറ്റ് അനക്സ് എന്ന ബഹുനില മന്ദിരം പണിതത് ജനങ്ങളെ വിഡ്ഢികളാക്കാനാണോ?
ഒരു പ്രോഗ്രാം ഏത് വകുപ്പ് പുതിയതായി തുടങ്ങിയാലും ആ പ്രോഗ്രാമിന്റെ നടത്തിപ്പിന് ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് കാണും. ഒട്ടു മിക്കവാറും വകുപ്പുകളിലും അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍, ഫിനാന്‍സ് ആഫീസര്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ കുത്തകയാണ്. എന്താ ആ വകുപ്പില്‍ മിടുക്കന്മാരായ ഉദ്യോഗസ്ഥന്മാരില്ലേ? ഏത് സ്വയംഭരണസ്ഥാപനം സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയാലും അവിടെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് റെഡി. ന്യൂദല്‍ഹിയിലെ കേരളാഹൗസ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിഹരിക്കാനുള്ള മറ്റൊരു താവളം. ഗവണ്മെന്റ് പ്രസ്സിന്റെ തലവനാരെന്ന് അന്വേഷിച്ചാലോ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്. അടുത്തകാലംവരെ പല ജില്ലാ പഞ്ചായത്തിലും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ ഫിനാന്‍സ് ആഫീസറായും സെക്രട്ടറിയായും വിലസി. ഇപ്പോഴും വിലസുന്നുണ്ടാകും. ഇങ്ങനെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് ഡപ്യൂട്ടേഷനില്‍ പോകുമ്പോള്‍ പിറ്റേ ദിവസം സെക്രട്ടറിയേറ്റില്‍ അയാളുടെ പോസ്റ്റില്‍ പ്രമോഷന് നടക്കുന്നു.ഏറ്റവും വിചിത്രം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ഉടന്‍ സെക്രട്ടറിയേറ്റില്‍ പ്രമോഷന് പരമ്പര നടക്കുന്നു എന്നതാണ്. ഇത് വല്ലതും ജനം അറിയുന്നുണ്ടോ? ഇതിനൊക്കെ പുറമെ മറ്റ് വകുപ്പുകളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയതിന് പാരിതോഷികമെന്ന നിലയില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് പ്രത്യേക സ്കെയിലും. ഉമ്മന്‍ചാണ്ടിക്ക് വല്ല നഷ്ടവും ഉണ്ടോ. കാട്ടിലെ തടി തേവരുടെ ആന വലിയെടാവലി. കീറിപ്പറിഞ്ഞ ഷര്‍ട്ടും പിഞ്ചിയ മുണ്ടും ധരിച്ച പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയോട് ഒരിറ്റ് സ്നേഹമുണ്ടെങ്കില്‍ ഈ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ അനധികൃത ശമ്പള സ്കെയില്‍ റദ്ദാക്കാനുള്ള ചങ്കൂറ്റം കാണിക്കണം.
സമാന തസ്തികയിലുള്ള മറ്റ് വകുപ്പുകളിലെ കൈമണിയടിക്കാനും കാലുതടവാനുമറിയാത്ത ഉദ്യോഗസ്ഥര്‍ക്കും ഈ ശമ്പളസ്കെയില്‍ കൊടുക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഉയര്‍ത്തിയ സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറി മുതലുള്ള വെള്ളാനകളുടെ കുമ്പവീര്പ്പിക്കുന്ന ശമ്പള സ്കെയില്‍ പഴയ നിലയിലാക്കണം. അതിനുള്ള ധൈര്യം ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും കാണിച്ചാല്‍ പാവങ്ങളുടെ കണ്ണീരൊപ്പുന്ന മന്ത്രിമാരെന്ന് കാലം അവരെ ഓര്‍ക്കും. മറിച്ചായാല്‍ ശമ്പള കമ്മീഷനിലെ അനോമലി എന്ന ഉമ്മാക്കി കാട്ടി തന്റെ കിങ്കരന്മാരുടെ പളള വീര്‍പ്പിച്ച വ്യാജപാതിരിമാരായി ഇവരെ ജനം ഓര്‍ക്കും.
പ്രഭാകരന് തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: