കണ്ണൂറ്: കണ്ണൂറ്, തലശ്ശേരി താലൂക്കുകളിലെ റേഷന്‍ വിതരണത്തിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണില്‍ നിന്നും ആഴ്ചതോറും വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി. ഇതുകാരണം യഥാസമയം റേഷന്‍ വിതരണം ചെയ്യാനാവാത്തതിനാല്‍ ഉപഭോക്താക്കളും വ്യാപാരികളും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. എഫ്സിഐയില്‍ നിന്നും കൃത്യമായി സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ പഴി കേള്ക്കേണ്ടിവരികയാണെന്ന് വ്യാപാരികള്‍ പറയുന്നു. എഫ്സിഐ ഗോഡൗണിലെ തൊഴിലാളികളുടെ മെല്ലെപ്പോക്കും ഇവിടെ റെയില്‍വേ വഴി വാഗണുകളില്‍ ധാന്യങ്ങളെത്തുന്ന ദിവസങ്ങളില്‍ റേഷന്‍ കടക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്ത്തിവെക്കുന്നതുമാണ് യഥാസമയം സാധനങ്ങള്‍ ലഭിക്കാത്തതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് വിതരണ കേന്ദ്രങ്ങളില്‍ വാഗണെത്തുന്നദിവസം വിതരണം മുടങ്ങാറില്ലെന്ന് പറയപ്പെടുന്നു. മാസങ്ങളായി തലശ്ശേരി, കണ്ണൂറ് താലൂക്കുകളില്‍ റേഷന്‍കട വഴി അരിയടക്കമുള്ള സാധനങ്ങള്‍ യഥാസമയം വിതരണം നടക്കുന്നില്ല. എഫ്സിഐയില്‍ നിന്നുള്ള വിതരണത്തിലെ ക്രമക്കേടാണ് ഇതിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഏപ്രില്‍ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതുവരെയായി ഈ മാസം എഫ്സിഐയില്‍ നിന്ന് ലഭിക്കേണ്ട റേഷന്‍ വിഹിതത്തില്‍ പകുതിഭാഗം പോലും റേഷന്‍ കടകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. കണ്ണൂരില്‍ ചില ഭാഗങ്ങളിലെ റേഷന്‍ കടകള്‍ക്ക് ഏപ്രിലിലെ എഫ്സിഐ വിഹിതം തീരെ ലഭിച്ചിട്ടില്ല. തലശ്ശേരി താലൂക്കില്‍ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്ന് റേഷന്‍ വ്യാപാരി സംഘടനാ നേതാക്കള്‍ പറയുന്നു. റേഷന്‍കടകളിലൂടെ എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്തുവന്നിരുന്ന മണ്ണെണ്ണ വെട്ടിക്കുറച്ചതും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. കൂടാതെ ബിപിഎല്ലുകാര്‍ക്ക് ൧ രൂപക്കും ൨ രൂപക്കും മറ്റും റേഷന്‍കടകള്‍ വഴി വിതരണം ചെയ്തിരുന്ന ഗോതമ്പ് ഇനി ഒരിക്കലും കാര്‍ഡുടമകള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. കാരണം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിക്കുന്ന ഗോതമ്പ് മുഴുവന്‍ പൊടിച്ച് ആട്ടയാക്കി കേരളത്തിലെ റേഷന്‍കടകളില്‍ വില്പന നടത്തിയാല്‍ മതിയെന്ന് എഫ്സിഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് ഇതുവരെ ചുരുങ്ങിയ വിലയ്ക്ക് ലഭിച്ചിരുന്ന യഥാര്‍ത്ഥ ഗോതമ്പിന് പകരം ഗുണമേന്മ കുറഞ്ഞതും വില കൂടിയതുമായ ആട്ട ഗുണഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാവും ഫലമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എഫ്സിഐയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് റേഷന്വ്യപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ പരാതിയുമായി സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണെന്ന് ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ എഫ്സിഐയില്‍ വരുന്ന കാലതാമസതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: