ഇസ്ലാമാബാദ്: കോടതിയലക്ഷ്യകേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനാണെന്ന് സുപ്രിംകോടതി. ഗിലാനിയ്ക്ക് പ്രതീകാത്മകമായി തടവ് ശിക്ഷ നല്കി വിട്ടയച്ചു. കോടതി പിരിയും വരെ തടവ് ശിക്ഷ പ്രഖ്യാപിച്ച കോടതി 30സെക്കന്റ് കൊണ്ട് നടപടികള്‍ അവസാനിപ്പിച്ചു.
വിധി പറയുമ്പോള്‍ കോടതിയിലുണ്ടാകണമെന്ന് ഗീലാനിയോട് കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വിധി അനുചിതമെന്ന് ഗിലാനി പ്രതികരിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയ്ക്കെതിരെയുള്ള അഴിമതിക്കേസില്‍ അന്വേഷണമാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണം എന്ന സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഗിലാനിയ്ക്കെതിരെ കോടതിയലക്ഷ്യനടപടി തുടങ്ങിയത്.
എന്നാല്‍ പ്രസിഡന്റിന് നയതന്ത്രപരിഗണനയും ഭരണഘടനാപരമായ ആനുകൂല്യവുമുണ്ടെന്നും അതിനാലാണ് താന്‍ കത്തെഴുതാഞ്ഞതെന്നുമായിരുന്നു ഗീലാനിയുടെ മറുപടി. പ്രധാനമന്ത്രിയ്ക്കെതിരെ പ്രഥമദൃഷ്ടിയാ കോടതിയലക്ഷ്യകുറ്റം നിലനില്‍ക്കുന്നതായി ജസ്റ്റിസ് നസിര്‍ ഉല്മുക്കിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് നീരിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: