പഞ്ചായത്തുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. ഈ ബില്‍ സഭയില്‍ കൊണ്ടുവരും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്നു. പക്ഷെ പിറവം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണംപോലും സ്തംഭനാവസ്ഥയിലാക്കിയപ്പോള് ഈ ബില്‍ വാഗ്ദാനവും വിസ്മൃതിയിലായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എക്സൈസ് മന്ത്രിയുടെ ബാര്‍ലൈസന്‍സ് ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നല്‍കാനുള്ള നീക്കം അബ്കാരി ലോബികളുടേയും എക്സൈസ് അധികൃതരുടെയും ഇടപെടല്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ച ബില്‍ നിയമസഭയില്‍ കൊണ്ടുവരാനുള്ള നീക്കവും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. പഞ്ചായത്തിരാജ്, നഗരപാലിക നിയമങ്ങളിലെ പ്രാദേശിക മദ്യനിയന്ത്രണ ജനാധികാര വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുവാദമില്ലാതെ മദ്യഷോപ്പുകള്‍ സ്ഥാപിക്കാനാകില്ല. അങ്ങനെ സ്ഥാപിച്ച അബ്കാരി സ്ഥാപനം അടച്ചുപൂട്ടിക്കാനും തദ്ദേശസ്ഥാപനങ്ങള്ക്കധികാരമുണ്ട്. ഈ നിയമം പുനഃസ്ഥാപിച്ചു കിട്ടാനാണ് മദ്യനിരോധന സമിതികള്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം മദ്യമാണ് പെണ്ണിന്റെ കണ്ണുനീരാണ് കേരളത്തില്‍ മദ്യമായി വില്ക്കപ്പെടുന്നതെന്ന് പ്രസിദ്ധ കവയിത്രി സുഗതകുമാരി പറഞ്ഞിട്ടുണ്ട്.
ഗാര്‍ഹിക പീഡനം കൂടുന്നതും വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതും മദ്യം മാന്യവല്ക്കരിക്കപ്പെട്ട ശേഷമാണ്. കേരളം ഇന്ന് മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നിലായത് ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററായതിനാലാണ്. അമിത മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ കാരണം കുടുംബങ്ങളുടെ ചികിത്സാ ചെലവും വര്‍ധിക്കുകയാണ്. അബ്കാരി നിയമമനുസരിച്ച് മദ്യഷോപ്പുകള്‍, പള്ളികള്‍, അമ്പലം, വിദ്യാഭ്യാസസ്ഥാപന, ശ്മശാനം പട്ടികജാതി-വര്‍ഗ കോളനികള്‍ എന്നിവയില്‍നിന്നും 400 മീറ്റര്‍ അകലവും വിദേശമദ്യഷോപ്പുകള്‍ 200 മീറ്റര്‍ അകലത്തിലാകണമെന്നും നിര്‍ദ്ദേശമുണ്ട്. പക്ഷെ ഇന്ന് ഈ നിയമം ലംഘിച്ചാണ് പല മദ്യഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഒരുദിവസം പരമാവധി 12 മണിക്കൂര്‍ മാത്രമാണ് മദ്യവിതരണം എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും രാവിലെ 9 മുതല്‍ രാത്രി 11 മണിവരെ മദ്യവില്‍പ്പന നടക്കുന്നു. ഇതെല്ലാം ലംഘിക്കപ്പെടുന്ന നിയമങ്ങളാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരും ജനനന്മ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഉണ്ടെങ്കില്‍ മാത്രമേ കേരളത്തെ ലഹരിവിമുക്തമാക്കാന്‍ സാധ്യമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: