രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റലിക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടക്കം മുതല്ക്കു തന്നെ ചില കേന്ദ്രങ്ങള്‍ നടത്തിയതാണ്. ചില ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും പുരോഹിതരില്‍ ചിലരുമെല്ലാം ഇതിന്റെ പിന്നിലുണ്ടെന്നത് രഹസ്യമല്ല. പൊതുവികാരം അവര്ക്കനുകൂലമല്ലാത്തതിനാല് തങ്ങളുടെ പങ്ക് മറച്ചുവയ്ക്കാനും മാറ്റിപ്പറയാനും അവര്‍ നിര്‍ബന്ധിതമായി. അപ്പോഴും നിയമം നിയമത്തിന്റെ വഴിക്കെന്ന ന്യായം പറയാന്‍ കേന്ദ്ര-കേരള ഭരണക്കാര്‍ തയ്യാറായതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ കൊലക്കേസ് പ്രതികള്‍ക്ക് സഹായകമായ നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിച്ചത് ജനങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത്. ഈ കേസിലാണ് സുപ്രീംകോടതിയില്‍ ഇറ്റലിക്കാര്‍ക്ക് അനുകൂലമായ നിലപാട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന് റാവല്‍ സ്വീകരിച്ചത്. വെടിവച്ചപ്പോള്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നില്ലെന്നാണ് റാവലിന്റെ നിലപാട്. കേരളത്തിലെ ചില ക്രൈസ്തവമന്ത്രിമാരും കേന്ദ്രവും നടത്തിയ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നാണ് വാര്‍ത്ത. കപ്പല്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആയിരുന്നതിനാല്‍ കേസ് കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമില്ലെന്ന ഇറ്റലിയുടെ നിലപാടിന് ബലം പകരുന്നതാണ് എഎസ്ജിയുടെ വാദമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ നിയമപ്രകാരം കേസ് വിചാരണ ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്ന് കേരളസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സുപ്രീംകോടതിയിലുണ്ടായ അസാധാരണ നിലപാടുമാറ്റം പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍, ലത്തീന്‍ കത്തോലിക്കാസഭ, മത്സ്യത്തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവയെല്ലാം കേന്ദ്രത്തിെന്റ നിലപാടില്‍ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി കഴിഞ്ഞു. സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെട്ട വാദങ്ങള്‍ ഹരീന് റാവലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടി തടിതപ്പാനാണ് കേന്ദ്ര ശ്രമം. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പരക്കെ വിലയിരുത്തപ്പെടുകയാണ്.
സുപ്രീംകോടതിയില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ക്രൂരമാണെന്നാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയത്. തങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തശേഷം ഇത്തരത്തില്‍ മലക്കംമറിയാന്‍ കേന്ദ്രത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് ഈ കുടുംബങ്ങള്‍ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് ലത്തീന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ്പും പറയുന്നു. കേസിന്റെ തുടക്കം മുതല്‍തന്നെ പള്ളി മേധാവികളെ മധ്യസ്ഥരാക്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമം മറക്കാറായിട്ടില്ല. ആദ്യം കര്‍ദ്ദിനാള്‍ ആലഞ്ചേരിയും പിന്നീട് കേന്ദ്രമന്ത്രി കെ.വി.തോമസും കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സമ്മര്‍ദ്ദതന്ത്രങ്ങളുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭരണകൂടത്തെയോ പോലീസ് സംവിധാനത്തെയോ അറിയിക്കാതെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രിയും സംഘവും കൊല്ലത്തെത്തി കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ നടത്തിയ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയായിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉറപ്പുകൊടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കൊല്ലത്ത് ഇറ്റാലിയന്‍ ഔദ്യോഗിക സംഘവും പള്ളി മേധാവികളും ചേര്‍ന്ന് തിരക്കിട്ട ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്. സംസ്ഥാന, ജില്ലാ ഭരണകൂടം അറിയാതുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നതായിരുന്നു കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബാംഗങ്ങള്‍ എടുത്ത നിലപാട്. പിന്നീടും ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ സോണിയ വഴിയുള്ള സമ്മര്ദ്ദശ്രമങ്ങള് തുടര്‍ന്നുകൊണ്ടിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനസര്‍ക്കാര്‍ കേസില്‍ തങ്ങളുടെ നിലപാട് ദുര്‍ബലപ്പെടുത്തുമെന്ന ധാരണയാണ് സോണിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇറ്റാലിയന്‍ സംഘത്തിന് ഉറപ്പുനല്‍കിയിരുന്നതെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് നേരിട്ട് ഇറ്റലിയുടെ വക്കാലത്തുമായി രംഗത്തു വന്നത്.
പ്രതികള്‍ ഇറ്റലിക്കാരാണെങ്കില് എന്തുമാകാമെന്ന അവസ്ഥ അപകടകരമാണ്. ഭരണം തന്നെ ഇന്ത്യക്കും ഇന്ത്യാക്കാര്‍ക്കും വേണ്ടിയാണോ അതോ ഇറ്റലിക്കാര്‍ക്കു വേണ്ടിയാണോ എന്ന സംശയമാണുയരുന്നത്. പ്രതികള്‍ പിടിയിലാകാന്‍ കേരളാ പോലീസ് നന്നേ അധ്വാനിക്കേണ്ടി വന്നു. വെടിവച്ച തോക്കു കണ്ടെത്താനും പരിശ്രമം കഠിനമായിരുന്നു. പ്രതികളെ കോടതിയിലെത്തിച്ചപ്പോഴും ജയിലിലടച്ചപ്പോഴും സമ്മര്ദമേറെയായിരുന്നു. പ്രതികള്‍ക്ക് ജയിലുകളില്‍ ലഭിക്കുന്ന പരിഗണനയാകട്ടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്ക്ക് ലഭിക്കുന്നതു പോലെയും. കൊലക്കേസ് പ്രതികളായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന ഭാവം ഇറ്റലിക്കാര്‍ക്കുമില്ല ജയിലധികൃതര്ക്കുമില്ലെന്നാണ് തോന്നുന്നത്. ജയിലില്‍ തങ്ങള്‍ക്ക് പരമസുഖമെന്ന് പ്രതികള്‍ പറയുന്നു. ബന്ധുക്കളെന്ന് പറഞ്ഞ് ജയിലില്‍ പ്രതികളെ കണ്ട് കെട്ടിപ്പിടിച്ചും ഉമ്മവച്ചും പുറത്തിറങ്ങുന്നവരും ജയില്‍വാസത്തില്‍ പ്രതികള്‍ക്ക് ഏറെ സംതൃപ്തിയാണെന്നും പറയുന്നു. കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ കണ്ട ബന്ധുക്കള്‍ക്ക് ജയില്‍ച്ചട്ടങ്ങളൊന്നും ബാധകമായില്ല. പ്രതികളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ജയിലില്‍ അവസരമൊരുക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം റിമാന്റില്‍ കഴിയുന്ന ഒരു പ്രതിക്കും ഇന്ത്യയില്‍ ലഭിക്കാത്ത പരിഗണന ഇറ്റാലിയന്‍ പൗരന്മാര്ക്ക് കിട്ടുമ്പോഴാണ് നിയമം നിയമത്തിന്റെ വഴിക്കെന്ന ഭരണാധികാരികളുടെ അവകാശവാദം അസംബന്ധമെന്ന് പറയേണ്ടി വരുന്നത്. പ്രതികള്‍ക്ക് ഭേദപ്പെട്ട താമസ സൗകര്യവും ഭക്ഷണവും നല്‍കണമെന്ന കോടതിവിധിയുടെ മറപിടിച്ച് ജയില്ച്ചട്ടങ്ങളും നടപടിക്രമങ്ങളും ഇറ്റാലിയന്‍ പ്രതികള്‍ക്കു മുന്നില്‍ നോക്കുകുത്തിയാവുകയാണ്. കേന്ദ്രം ഭരിക്കുന്നവര്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്നവരായി കേരളഭരണവും മാറിയ സ്ഥിതിക്ക് ഇറ്റാലിയന്‍ പ്രതികള്‍ നിരുപാധികം വിട്ടയ്ക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: