ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് പുതിയ പരാതി നല്കി. അതിനിടെ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അവസാന യോഗം ദല്‍ഹിയില്‍ തുടങ്ങി.
അണക്കെട്ടില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ തമിഴ്നാടിന്റെ എന്ജിനീയര്മാരെയും ഉദ്യോഗസ്ഥരെയും കേരളം അനുവദിക്കുന്നില്ലെന്നാണ് തമിഴ്നാടിന്റെ പരാതി. അണക്കെട്ടിലെത്തിയ എന്ജിനീയര്മാരെയും ഉദ്യോഗസ്ഥരെയും കേരളം തടയുന്നുവെന്നും പരാതിയില്‍ പറയുന്നു.
അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇന്നും നാളെയുമാണു സമിതി യോഗം ചേരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടിനല്‍കിയിരുന്നു. കേരളത്തിന്റെ പരാതിയെത്തുടര്‍ന്നു നടത്തിയ മൂന്നു പരിശോധകളുടെ റിപ്പോര്‍ട്ട് സമിതിക്കു ലഭിച്ചെന്നാണു റിപ്പോര്‍ട്ട്.
ബോര്‍ഹോള്‍ പരിശോധന, അണക്കെട്ടിനെ പൂര്‍ണമായി സ്കാന്‍ ചെയ്തുള്ള പരിശോധന, ബോര്‍ഹോളിലൂടെ ക്യാമറ ഇറക്കി സുര്‍ക്കി മിശ്രിതത്തിന്റെ അളവു കണ്ടെത്തുന്ന പരിശോധന എന്നിവയാണു സമിതിയുടെ നിര്‍ദേശ പ്രകാരം അണക്കെട്ടില്‍ നടത്തിയത്. ഈ മാസം അവസാനത്തോടെ സമിതിയുടെ കാലാവധി അവസാനിക്കും.
അഞ്ചംഗ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ജസ്റ്റിസ് കെ.ടി. തോമസും തമിഴ്നാടിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.ആര്.ലക്ഷ്മണനുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: