തിരുവനന്തപുരം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഗൂഢാലോചനയുടെ ഫലമെന്ന് വ്യക്തമാകുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസെടുത്തത് നിയമപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി പറഞ്ഞു നടക്കുന്നതിനിടയിലാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇറ്റാലിയന്‍ പൗരന്മാര്ക്കു വേണ്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വെടിവച്ചു കൊന്നവര്‍ക്കെതിരെ കേസ്സെടുക്കാനോ അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കേന്ദ്ര ഗവണ്മെന്റ് ഇത്തരമൊരു നിലപാടെടുത്തതിനു പിന്നില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമമന്ത്രി കെ.എം.മാണി എന്നിവര്‍ നടത്തിയ നീക്കമാണെന്ന് വ്യക്തമാകുന്നു. കെ.എം.മാണി ദല്‍ഹിയില്‍ തമ്പടിച്ചാണ് ഇതിനായുള്ള ശ്രമം നടത്തിയത്. ഇന്നലെ ഈ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകേണ്ടിയിരുന്നത് അഡ്വ.രമേഷ്ബാബുവായിരുന്നു. എന്നാല്‍ അദ്ദേഹമല്ല ഹാജരായത്. അവസാന നിമിഷം ബാബുവിനു പകരം എം.ടി.ജോര്‍ജിനെ നിയോഗിക്കുകയായിരുന്നു. കെ.എം.മാണിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് സൂചന.
ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവം ഉണ്ടായപ്പോള്‍ തന്നെ ഇവരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായിരുന്നു. ഇറ്റാലിയന്‍ വംശജയായ സോണിയയുടെ താത്പര്യവും ഇതിനു പിന്നിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇതു സംബന്ധിച്ച ഫയലുകള്‍ വിളിച്ചു വരുത്തിയത് വിവാദവുമായി. ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് കയ്യാളുന്ന ഘട്ടത്തിലാണ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുത്തത്. കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ വധിക്കപ്പെട്ടത് സംബന്ധിച്ച് കോടതികളിലും രാജ്യാന്തര രംഗത്തും കൊലപാതകത്തിനെതിരായ ശക്തമായ നിലപാട് കേന്ദ്രത്തെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. കൊലപാതകത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പറയുമ്പോള്‍ തന്നെ തെളിവുകള്‍ നശിപ്പിക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനും രഹസ്യമായി കരുക്കള്‍ നീക്കുകയുമാണ് ചെയ്തതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇറ്റലിയില്‍ നിന്നുളള കൊലയാളികളെ രക്ഷിക്കാന്‍ നടത്തുന്ന ഗൂഢാലോചന നേരത്തെ തന്നെ പുറത്തുവന്നതാണ്. കേന്ദ്രമന്ത്രി കെ.വി തോമസ് റോമില്‍ പോയി ഇറ്റലിക്കുവേണ്ടി ചരടുവലി നടത്തിയതാണ്. ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി ഇതു സംബന്ധിച്ച് റോമില്‍ വച്ച് പ്രസ്താവനയും നടത്തി. ഇറ്റലി പൗരന്മാരെ സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നായിരുന്നു ബിഷപ്പിന്റെ സത്യപ്രസ്താവന. എന്നാല്‍ പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രസ്താവന വിവാദമാവുകയും തുടര്‍ന്ന് ബിഷപ്പ് അതു പിന്‍വലിക്കുകയും ചെയ്തു.
അറസ്റ്റുചെയ്ത നാവികരെ കൊല്ലത്ത് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചതും വിവാദമായിരുന്നു. വെടിവയ്പ്പ് നടന്ന സ്ഥലത്തേക്കുളള ദൂരം അളക്കേണ്ടത് ആലപ്പുഴയില്‍ നിന്നായിരിക്കെ നീണ്ടകരയില്‍ നിന്നാണ് അളന്നതെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. എഫ് ഐ ആറില്‍ തിരിമറി നടത്തിയ കേരള പോലീസ് കൊലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. ജനരോഷം ശക്തമായപ്പോഴാണ് അറസ്റ്റിനും മറ്റും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതു തന്നെ.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: