കൊച്ചി: ബാങ്കിംഗ് രംഗത്ത് കടുത്ത നടപടി നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് വായ്പാ പലിശ നിരക്ക്, സബ്സിഡികള്‍, നിഷ്ക്രിയ അക്കൗണ്ടുകള്‍ തുടങ്ങി ഒട്ടേറെ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ബാങ്കിംഗ് രംഗത്ത് ആര്‍ബിഐ കൈക്കൊള്ളുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ അനിയന്ത്രിതമായ വിവിധതല ഘടകങ്ങളെ ഒഴിവാക്കുന്നതിനോടൊപ്പം, വളര്‍ച്ചാ നിരക്കും സാമ്പത്തിക ഉറവിടവും സാമൂഹിക തുലനതയും ഉറപ്പാക്കുന്നതിനുള്ള നടപടിയായാണ് ആര്‍ബിഐ വൃത്തങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്. കുതിച്ചുയരുന്ന ഉല്‍പ്പന്ന ഇറക്കുമതി, വായ്പ, നിഷ്ക്രിയ അക്കൗണ്ടുകള്‍, വായ്പ തിരിച്ചടവില്ലായ്മ തുടങ്ങി ബാങ്കിങ് രംഗത്തെ തളര്‍ത്തുന്ന ഘടകങ്ങള്‍ ഒഴിവാക്കി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബാങ്കിംഗ് രംഗം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളും ആര്‍ബിഐ നടപടികളില്‍ പ്രകടമാക്കുന്നുമുണ്ട്.
നഷ്ടത്തിലോടുന്ന ബാങ്ക് ശാഖകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമമാണ് ആര്‍ബിഐ കൈക്കൊള്ളുന്നത്. രാജ്യത്ത് നഗരമേഖലയില്‍ വളര്‍ന്നുവന്ന ബാങ്കിംഗ് രംഗം ഇന്ന് വായ്പാ തിരിച്ചടവിന്റെ ലഭ്യത കുറഞ്ഞതിനെ ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ബജറ്റില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന നിര്‍ദ്ദേശം നടപ്പിലാക്കിയതോടെ വായ്പാ തിരിച്ചടവില്‍ പല മേഖലകളിലും താല്‍പ്പര്യം കുറഞ്ഞുവരുന്നതായാണ് ദേശീയ ബാങ്ക് ശാഖാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 2007വരെ ബാങ്കുകളുടെ കിട്ടാക്കടത്തിലുണ്ടായ തുകയും തുടര്‍ന്നുള്ള നിയന്ത്രണവും വര്‍ധനവും ബാങ്കിംഗ് രംഗത്ത് ഒട്ടേറെ ആശങ്കയാണുയര്‍ത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധനവ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനശേഷിയെയും ലാഭത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയതോടെയാണ് നഷ്ടത്തിലായ ബാങ്ക് ശാഖകള്‍ നിര്‍ത്തിലാക്കി-ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ആര്‍ബിഐ ദേശസാല്‍കൃത ബാങ്കുകള്‍ക്കടക്കം നിര്‍ദ്ദേശ നിയന്ത്രണം നടപ്പിലാക്കിയത്. രാജ്യത്തെ 74414 ഗ്രാമങ്ങളില്‍ ബാങ്കിംഗ് പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ദേശസാല്‍കൃത സഹകരണ ബാങ്കിംഗ് മേഖല തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്.
ബാങ്കുകളിലെ തിരിച്ചടവില്ലാത്ത വായ്പ്പാ അക്കൗണ്ടുകളെ വ്യക്തമായി തരംതിരിക്കണമെന്നും ഓരോന്നിനെക്കുറിച്ചും വിശദമായി പഠനം നടത്തി നിഷ്ക്രിയ ആസ്തിയെ വിലയിരുത്തണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നുണ്ട്. വായ്പാനയങ്ങളില്‍ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം ബാങ്കിങ് മേഖലയുടെ ശക്തമായ നിലനില്‍പ്പിനുള്ള കര്‍ശന നടപടികളും ആര്‍ബിഐ കൈക്കൊളളുന്നുമുണ്ട്. രാജ്യത്തെ കറന്റ് അക്കൗണ്ട് ഡഫിസിറ്റ്(കുറവ്)വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് ബാങ്ക് ബന്ധപ്പെട്ട മേഖല പറയുന്നത്. രൂപയുടെ മൂല്യം കുറയുന്നതും ഇറക്കുമതി വര്‍ധിക്കുന്നതും സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്.
വര്‍ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ധനവില സബ്സിഡിയും ഡോളറിന്റെ വില ഉയരുന്നതും ഒട്ടേറെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടാക്കുന്നത്. ഇത് അനിയന്ത്രിതമായി ഉയരുന്നത് ദീര്‍ഘകാല തിരിച്ചടിയ്ക്ക് കാരണമാകുമെന്ന് വിലയിരുത്തലുമുണ്ട്.
ഹവാല പണം, കള്ളപ്പണം, കള്ളനോട്ടുകള്‍, വിദേശനിക്ഷേപം, നാണയപ്പെരുപ്പം, വിലവര്‍ധന തുടങ്ങിയവ സാമ്പത്തിക മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും സ്വര്‍ണ്ണ വായ്പകളിന്മേല് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാണ് ആര്‍ബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇതിലൂടെ സാധാരണക്കാരനാണ് ഏറെ തിരിച്ചടിയുണ്ടാകുക. വര്‍ധിച്ചുവരുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ മധ്യനിര-താഴെക്കിടയിലുള്ള ജനങ്ങളെയാണ് വലയ്ക്കുന്നത്. ഇത് സാമൂഹിക തിരിച്ചടിയായി മാറുമെന്ന് വിലയിരുത്തലുമുണ്ട്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: